തിരുനെല്ലിയില്‍ സ്വകാര്യ റിസോര്‍ട്ട് മാവോയിസ്റ്റുകള്‍ അടിച്ചു തകര്‍ത്തു

Posted on: November 19, 2014 12:47 am | Last updated: November 19, 2014 at 12:47 am

മാനന്തവാടി: വയനാട്ടിലെ തിരുനെല്ലിയില്‍ സ്വകാര്യ റിസോര്‍ട്ട് മാവോയിസ്റ്റുകള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അഗ്രഹാരം റിസോര്‍ട്ട് അടിച്ചു തകര്‍ത്തത്ത്. ആറംഗ സംഘം റിസോര്‍ട്ടിലെത്തുകയും റിസോര്‍ട്ടിലെ ലൈറ്റുകള്‍ ഓഫാക്കിയ ശേഷം മൊബൈല്‍ വെളിച്ചത്തില്‍ റിസോര്‍ട്ടിലെ ഫുഡ് കൗണ്ടറിന്റെ ഗ്ലാസുകള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു. ആക്രമണത്തില്‍ റിസോര്‍ട്ടിലെ റസ്‌റ്റോറെന്റിന്റേയും, ഗെയിം ഹാളിന്റെയും ചില്ലുകള്‍ തകര്‍ന്നു. ഓഫീസ് മുറിയിലുണ്ടായിരുന്ന പ്രിന്റര്‍, മോണിറ്റര്‍, ലാന്‍ഡ് ഫോണ്‍ എന്നിവ നശിപ്പിച്ചു. റിസോര്‍ട്ടിന് അരികിലുള്ള കമ്പി തകര്‍ത്താണ് സംഘം അകത്ത് കടന്നത്. സി പി ഐ മാവോയിസ്റ്റ് 10 ാം വാര്‍ഷികം വിപുലമായി ആചരിക്കുക എന്ന തലക്കെട്ടോടെയുള്ള ‘കാട്ടുതീ’ ബുള്ളറ്റിന്റെ 14ാം ലക്കം റിസോര്‍ട്ടിന്റെ പ്രധാന ഗേറ്റില്‍ പതിച്ചിരുന്നു.
ആനയുടെ ആക്രമണമാണെന്ന് കരുതിയാണ് റിസോര്‍ട്ടിലെ ജീവനക്കാര്‍ പുറത്തിറങ്ങിയതെങ്കിലും മാവോയിസ്റ്റ് സംഘത്തെ കണ്ടതോടെ ജീവനക്കാര്‍ മുറിക്കുള്ളിലേക്ക് തിരിഞ്ഞോടി. വേലിക്ക് പുറത്തും മാവോയിസ്റ്റ് സംഘാംഗങ്ങള്‍ കാവല്‍ നിന്നിരുന്നു. മാനേജര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാരാണ് സംഭവ സമയത്ത് റിസോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ജര്‍മനിയില്‍ നിന്നുള്ള വിദേശികള്‍ ഉള്‍പ്പടെയുള്ള ഒമ്പതിലധികം വിനോദ സഞ്ചാരികളും റിസോര്‍ട്ടിലുണ്ടായിരുന്നു.
കഴിഞ്ഞ 10ന്് നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചി പനമ്പള്ളി നഗറിലുള്ള കോര്‍പറേറ്റ് ഓഫീസും മാവോയിസ്റ്റുകള്‍ എന്ന് സംശയിക്കുന്നവര്‍ അടിച്ച് തകര്‍ത്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മാനന്തവാടി ഗവ. കോളജ് പരിസരത്തും മറ്റും മാവോയിസ്റ്റ് പോസ്റ്ററുകള്‍ പതിച്ചിരുന്നു. തിരുനെല്ലി കോളനിയില്‍ മാവോയിസ്റ്റുകള്‍ സന്ദര്‍ശനം നടത്തിയതായി പോലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഉന്നത അധികാരികള്‍ വേണ്ടത്ര ഗൗരവത്തോടെ കാണാത്തതായി ആരോപണമുണ്ട്.
തലപ്പുഴ പുതിയിടം കുറിച്യക്കോളനിയില്‍ നാല് വീടുകളില്‍ തോക്കുധാരികളായ ഏഴ് അംഗ മാവോയിസ്റ്റ് സംഘം എത്തുകയും ഒരു മണിക്കൂര്‍ നേരം സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആദിവാസികളോട് വിവരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പോലീസ്, ആന്റി നക്‌സല്‍ സ്‌ക്വാഡ്, തണ്ടര്‍ ബോള്‍ട്ട് എന്നിവര്‍ കണ്ണൂര്‍, കൊട്ടിയൂര്‍, തലപ്പുഴ പ്രദേശങ്ങളില്‍ രാത്രികാല പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ്. കര്‍ണാടകവും കേരളവും അതിരിടുന്ന ഗാജഗഡി, മധ്യപാടി കോളനികള്‍ കേന്ദ്രീകരിച്ചുള്ള കാടുകളില്‍ മാവോയിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ തണ്ടര്‍ ബോള്‍ട്ട്, പോലീസ്, ആന്റി നക്‌സല്‍ സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ തുടരുന്നുണ്ട്. ജില്ലാ പോലീസ് ചീഫ് പുട്ടാ വിമലാദിത്യ, കോഴിക്കോട് ഇന്റലിജന്‍സ് ഡി വൈ എസ് പി കെ സുരേഷ്, വയനാട് ഇന്റലിജന്‍സ് ഡി വൈ എസ് പി വി ഡി വിജയന്‍ സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. ആന്റി നക്‌സല്‍ സ്‌ക്വാഡും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡി വൈ എസ് പി. എ ആര്‍ പ്രേംകുമാറിനാണ് അന്വേഷണ ചുമതല.