ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകും: സിബി മാത്യൂസ

Posted on: November 19, 2014 12:47 am | Last updated: November 19, 2014 at 12:47 am

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി വിധിക്കെതിരെ സ്വന്തം നിലയില്‍ അപ്പീല്‍ പോകുമെന്ന് മുന്‍ ഡി ജി പിയും മുഖ്യവിവരാവകാശ കമ്മീഷണറുമായ സിബി മാത്യൂസ്. സര്‍ക്കാര്‍ അപ്പീല്‍ പോകാത്ത സാഹചര്യത്തിലാണ് തീരുമാനം.
ഈ മാസം 30നകം അപ്പീല്‍ നല്‍കുമെന്നറിയിച്ച സിബി മാത്യൂസ് സര്‍ക്കാര്‍ നിലപാടിലുള്ള അതൃപ്തിയും അറിയിച്ചു. എന്നാല്‍ കോടതി വിധി മാനിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ ആവശ്യപ്പെട്ടു. ചാരക്കേസ് അന്വേഷിച്ച സി ബി മാത്യുസ് അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചുള്ള ഹൈക്കോടതി വിധി വന്ന് ഒരുമാസമാകുമ്പോഴും സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തിട്ടില്ല.
തന്നെ ആരെങ്കിലും ബലിയാടാക്കിയെന്ന വ്യാഖ്യാനം ശരിയല്ല. താനങ്ങനെ പറഞ്ഞിട്ടില്ല. ചാരക്കേസിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെതിരെ ഒരുവരി പോലും പരാമര്‍ശിച്ചിട്ടില്ല. അന്വേഷണത്തില്‍ അങ്ങനെയൊരു കണ്ടെത്തലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിബി മാത്യൂസിനെ പിന്തുണച്ച് മുന്‍ എസ് പിയും ചാരക്കേസ് അന്വേഷണ സംഘത്തില്‍ അംഗവുമായിരുന്ന എസ് വിജയനും രംഗത്തുവന്നു.