Connect with us

Gulf

സ്ഥാനപതിമാരെ ഖത്തറിലേക്കയക്കും

Published

|

Last Updated

അബുദാബി: യു എ ഇയും സഊദി അറേബ്യയും ബഹ്‌റൈനും സ്ഥാനപതിമാരെ വീണ്ടും ഖത്തറിലേക്ക് അയക്കാന്‍ ഒരുങ്ങുന്നു. ജി സി സി അംഗ രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത അസ്വാര്യസ്യങ്ങള്‍ക്ക് ചര്‍ചയിലൂടെ പരിഹാരമായ സ്ഥിതിക്കാണ് മൂന്നു രാജ്യങ്ങളും ഖത്തറിലേക്ക് സ്ഥാനപതിമാരെ അയക്കാന്‍ ഒരുങ്ങുന്നത്. അടുത്ത മാസം ജി സി സി ഉച്ചകോടി ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്നതിന്റെ മുന്നോടിയാണ് പരസ്പരമുള്ള പ്രശ്‌നങ്ങള്‍ സഹോദര രാജ്യങ്ങള്‍ ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നത്.
ഇതിനായി ഞായറാഴ്ച സഊദി തലസ്ഥാനമായ റിയാദില്‍ ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍ ഒത്തുചേര്‍ന്നിരുന്നു.
ഖത്തറിന്റെ ബ്രദര്‍ഹുഡ് അനുകൂല നിലപാടായിരുന്നു ഖത്തറുമായുള്ള മൂന്നു രാജ്യങ്ങളുടെയും ബന്ധത്തിന് വിലങ്ങുതടിയായത്. ഖത്തര്‍ മറ്റ് ജി സി സി രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതായും യു എ ഇയും സഊദിയും ബഹ്‌റൈനും ആരോപിച്ചിരുന്നു. ബഹ്‌റൈനില്‍ സമാധാന സേവനത്തിനായി നിയോഗിക്കപ്പെട്ട യു എ ഇ പോലീസ് ഓഫീസര്‍ ബഹ്‌റൈനി സഹപ്രവര്‍ത്തകനൊപ്പം ബ്രദര്‍ഹുഡ് അനുകൂലികള്‍ നടത്തിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതോടെയായിരുന്നു ഖത്തറും മൂന്നു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതും സ്ഥാനപതിമാരെ തിരിച്ചുവിളിക്കുന്നതില്‍ കലാശിച്ചതും. ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ ഒമാനും ഖത്തറും മധ്യസ്ഥ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഫലപ്രാപ്തി കൂടിയായിരുന്നു റിയാദില്‍ നേതാക്കള്‍ ഒന്നിരിക്കുന്നതില്‍ എത്തിയത്. എന്നാല്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സമവായമുണ്ടാക്കാന്‍ ഇടയാക്കിയത് എന്താണെന്ന് പുറത്തു വിട്ടിട്ടില്ല. ഇറാഖിലും സിറിയയിലും നിഷ്ഠൂരമായി മനുഷ്യഹത്യ നടത്തുന്ന ഐസില്‍ തീവ്രവാദികള്‍ക്കെതിരായ രാജ്യാന്തര സഖ്യത്തില്‍ ജി സി സി രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന നിലപാടാണ് പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ അവസാനിപ്പിക്കുന്നതില്‍ എത്തിയതെന്നാണ് കരുതുന്നത്.