കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന കേസില്‍ വീട്ടുവേലക്കാരിക്ക് ജീവപര്യന്തം

Posted on: November 18, 2014 7:00 pm | Last updated: November 18, 2014 at 7:55 pm

ദുബൈ: 11 മാസം പ്രായമുളള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ്. നാട്ടില്‍ പോകാന്‍ അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യക്കാരിയായ വീട്ടുവേലക്കാരി സ്‌പോണ്‍സറുടെ കുഞ്ഞിനെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്. കേസിന്റെ വിധി കേള്‍ക്കാന്‍ വന്ന കുഞ്ഞിന്റെ മാതാപിതാക്കള്‍ വീട്ടുവേലക്കാരിയെ കണ്ടതോടെ നിയന്ത്രണം വിട്ടു. എന്തിനാണ് തങ്ങളുടെ കുഞ്ഞിനെ ക്രൂരമായി കൊന്നതെന്നു പ്രതിയോട് ചോദിച്ച് കരഞ്ഞു. മെയ് മാസത്തിലാണ് കേസില്‍ ദുബൈ ക്രിമിനല്‍ കോടതി വിചാരണ ആരംഭിച്ചത്. ഇന്നലെയാണ് കോടതി കേസില്‍ അന്തിമ വിധി പ്രസ്താവിച്ചത്.
ഞങ്ങള്‍ അവളോട് മാന്യമായാണ് പെരുമാറിയതെന്ന് കുഞ്ഞിന്റെ മാതാവും ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് ഉടമയുമായ 36 കാരി കോടതിയില്‍ വിധി കേള്‍ക്കാന്‍ എത്തിയ അവസരത്തില്‍ പ്രതികരിച്ചിരുന്നു. എനിക്ക് അവള്‍ സഹോദരിയെപ്പോലെ ആയിരുന്നു. ഒരേ മേശയില്‍ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ അവളുടെ ജന്മദിനം ആഘോഷിച്ചിരുന്നുവെന്നും അവള്‍ക്കായി സമ്മാനങ്ങള്‍ വാങ്ങി നല്‍കുകയും പുറത്തു കൊണ്ടുപോയി ഐസ്‌ക്രീം കഴിപ്പിക്കുകയും ചെയ്തിരുന്നുവെന്നും കുഞ്ഞിന്റെ പിതാവും വ്യക്തമാക്കി. ഇന്ത്യയില്‍ കഴിയുന്ന അവളുടെ കുഞ്ഞുങ്ങള്‍ക്ക് എന്താണോ ആവശ്യമുള്ളത് അത് നല്‍കാന്‍ തയ്യാറാണെന്ന് പറയുമായിരുന്നു. അവളുടെ ഭര്‍ത്താവിനായി ദുബൈയില്‍ ജോലി ശരിപ്പെടുത്താനും ഇങ്ങോട്ടു കൊണ്ടുവരാനും തങ്ങള്‍ ശ്രമിച്ചിരുന്നുവെന്നും ദമ്പതികള്‍ വ്യക്തമാക്കി.
കുറ്റസമ്മതം നടത്തിയ വീട്ടുവേലക്കാരി, മാതാവിന്റെ മരണം നടന്നിട്ടും സ്‌പോണ്‍സറും ഭാര്യയും പോകാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മാതാവ് മരിച്ചതോടെ മറ്റാരുമില്ലാത്തതിനാല്‍ ഇന്ത്യയില്‍ കഴിയുന്ന കുട്ടികള്‍ അനാഥര്‍ക്ക് സമാനമായ സ്ഥിതിയിലാണെന്നും പ്രതി പ്രോസിക്യൂഷനോട് വ്യക്തമാക്കിയിരുന്നു. ജനുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. പത്തു മണിക്ക് ദമ്പതികള്‍ തങ്ങളുടെ ജോലി സ്ഥലത്തേക്ക് പോയ ശേഷമായിരുന്നു 11 ഓടെ ജോലിക്കാരി കുഞ്ഞിനെ ഷാള്‍ കുരുക്കി ശ്വാസം മുട്ടിച്ച് കൊന്നത്. കുഞ്ഞ് അനങ്ങുന്നില്ലെന്ന് വിളിച്ചു പറഞ്ഞ് വേലക്കാരി ഒച്ചത്തില്‍ നിലവിളിച്ചിരുന്നു. സുലേഖ ഹോസ്പിറ്റലില്‍ എത്തിച്ച കുഞ്ഞിന്റെ മരണത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരം നല്‍കിയത്.
കുട്ടി വിളിച്ചിട്ട് മിണ്ടുന്നില്ലെന്ന് പറഞ്ഞ് വീട്ടുവേലക്കാരി ഫോണ്‍ ചെയ്തിരുന്നുവെന്നു കുഞ്ഞിന്റെ മാതൃ സഹോദരി കോടതയില്‍ മൊഴി നല്‍കിയിരുന്നു.
താന്‍ എത്തിയപ്പോള്‍ കുഞ്ഞ് വീട്ടുവേലക്കാരിയുടെ മടിയില്‍ ഉറങ്ങുന്നതാണ് കണ്ടത്. പേര് ചൊല്ലി വിളിച്ചിട്ടും കുഞ്ഞ് മിണ്ടിയില്ലെന്നും ഇതേ തുടര്‍ന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നുവെന്നും ഇവര്‍ കോടതിയോട് വ്യക്തമാക്കിയിരുന്നു. കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ ബോധ്യപ്പെട്ടിരുന്നു. തടവ് അവസാനിച്ചാല്‍ പ്രതിയെ നാടുകടത്താനും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.