Connect with us

Gulf

ദേശീയ ദിനാഘോഷം ഒരുക്കം തുടങ്ങി: കൂറ്റന്‍ പെയിന്റിംഗ് വരുന്നു

Published

|

Last Updated

ദുബൈ: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങള്‍ തുടങ്ങി. യു എ ഇയുടെ ചതുര്‍ വര്‍ണ പതാകകള്‍ സര്‍ക്കാര്‍ ഓഫീസുകളിലും തെരുവോരങ്ങളിലും കെട്ടിടങ്ങളിലും ഉയര്‍ന്നു തുടങ്ങി. ദുബൈ താമസ കുടിയേറ്റ വകുപ്പ്, ദുബൈ വിമന്‍സ് അസോസിയേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂറ്റന്‍ പതാകകള്‍ അലങ്കരിച്ചു.
ദുബൈയില്‍ ലോകത്തിലെ ഏറ്റവും വലിയ ഗ്രാഫിറ്റി പെയിന്റിംഗ് നടത്തുമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു. ജുമൈര ബീച്ച് പാര്‍ക്കില്‍ നവം. 29ന് പെയിന്റിംഗ് തുടങ്ങും. 2,180 മീറ്റര്‍ നീളമുണ്ടാകും. നവം. 30ന് അവസാനിക്കും. റഹ്താന (നമ്മുടെ യാത്ര) എന്ന പേരിലാണ് പെയിന്റിംഗ്. യു എ ഇ പുരോഗതി അടയാളപ്പെടുത്തുന്ന പെയിന്റിംഗില്‍ ലോക ചിത്രകാരന്‍മാര്‍ക്കൊപ്പം യു എ ഇ ചിത്രകാരന്‍മാര്‍ക്ക് പങ്കെടുക്കാം. പെയിന്റിംഗ് ഗിന്നസ് ബുക്കില്‍ ഇടംപിടിക്കും.
നഗരസഭ കുട്ടികള്‍ക്ക് സെല്‍ഫി മത്സരം സംഘടിപ്പിക്കും. യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ നഗരസഭയുടെ ചില്‍ഡ്രന്‍സ് സിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്.
പ്രായഭേദമന്യെ എല്ലാവര്‍ക്കും പങ്കെടുക്കാം. യു എ ഇ ദേശീയ പതാക ഫ്രെയിമില്‍ വരുംവിധം സ്വന്തം ചിത്രമെടുത്ത് ഇന്‌സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത്@chidrencityW #chidrencityselfie#chidrencity ഹാഷ് ടാഗ് ചെയ്യണം. ഈ മാസം 27 ആണ് അവസാന തിയതി. വിജയികളെ ദേശീയ ദിനാഘോഷ വേളയില്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. രാജ്യത്തിന്റെ പവിത്രമായ മൂല്യങ്ങളും ആശയങ്ങളും ജനങ്ങളിലെത്തിക്കുകയാണ് സെല്‍ഫി മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചില്‍ഡ്രന്‍സ് സിറ്റി മേധാവി നൈല അല്‍ മന്‍സൂരി പറഞ്ഞു. ദുബൈ നഗരസഭ സംഘടിപ്പിക്കുന്ന യു എ ഇയുടെ 43-ാമത് ദേശീയ ദിനാഘോഷം 20ന് രാവിലെ എട്ടിന് സബീല്‍ പാര്‍ക്ക് ഗേറ്റ് ഒന്നില്‍ ആരംഭിക്കും. ജീവനക്കാര്‍ അണിനിരന്ന് യു എഇയുടെ ദേശീയ പതാകയൊരുക്കും. പ്രവേശനം സൗജന്യം.