പട്ടികവര്‍ഗക്കാര്‍ക്കായി ജില്ലയില്‍ 2000 വീടുകള്‍ നിര്‍മിക്കും: മന്ത്രി

Posted on: November 18, 2014 11:20 am | Last updated: November 18, 2014 at 11:20 am

pk jayalakshmi1കല്‍പ്പറ്റ: പുതുതായി രൂപീകരിക്കുന്ന പട്ടികവര്‍ഗ സൊസൈറ്റികളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിനകം ജില്ലയില്‍ 2000 വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന് പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു.
പട്ടികവര്‍ഗ പദ്ധതികളുടെ ജില്ലാതല അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കരാറുകാരുടെ കാര്യക്ഷമതക്കുറവ്മൂലം പട്ടികവര്‍ഗ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഫലവത്താവുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സൊസൈറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും തെരഞ്ഞെടുക്കുന്ന സാങ്കേതിക വൈദഗ്ധ്യമുള്ളവരും തൊഴിലാളികളും അടങ്ങുന്നതായിരിക്കും ഓരോ സൊസൈറ്റികളും. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇത്തരം സൊസൈറ്റികള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
സൊസൈറ്റികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരുമടങ്ങുന്ന സമിതികളുണ്ടാകും. ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുകളിലെ വിവിധ ഫണ്ടുകളുപയോഗിച്ച് സൊസൈറ്റികള്‍ക്ക് പ്രവര്‍ത്തന മൂലധനം കണ്ടെത്തും. വീടുകളുടെ നിര്‍മ്മാണത്തിനാവശ്യമായ മരം മുഴുവന്‍ വനം വകുപ്പിന്റെ വിവിധ ഡിപ്പോകളില്‍ നിന്ന് ലഭ്യമാക്കും. രണ്ട് വര്‍ഷത്തിനകം പട്ടികവര്‍ഗ്ഗ ഭവനരഹിതരില്ലാത്ത ജില്ലയായി വയനാടിനെ മാറ്റുകയാണ് ലക്ഷ്യം.
നൂല്‍പ്പുഴ പഞ്ചായത്തില്‍ പട്ടികവര്‍ഗ വീടുകളുടെ വയറിംഗിനായി തുക കൈപ്പറ്റിയിട്ടും പ്രവൃത്തി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. സൗത്ത് വയനാട് ഡി.എഫ്.ഒ. പി. ധനേഷ്‌കുമാര്‍ ഉന്നയിച്ച പരാതി കണക്കിലെടുത്തായിരുന്നു നടപടി. മേലില്‍ ജില്ലയില്‍ പട്ടികവര്‍ഗക്കാര്‍ക്കായി പണിയുന്ന വീടുകള്‍ ട്രൈബല്‍ സൊസൈറ്റികള്‍ മാത്രമെ നിര്‍മ്മിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍, സബ്കലക്ടര്‍ ശീറാം സാംബശിവറാവു, എ.ഡി.എം. പി.വി. ഗംഗാധരന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.