ടൗണ്‍ ഗതാഗതക്കുരുക്കില്‍; കല്ലില്‍ ഒതുങ്ങി നരിക്കുനി ബൈപാസ്

Posted on: November 18, 2014 9:44 am | Last updated: November 18, 2014 at 9:44 am

നരിക്കുനി: നാല് വര്‍ഷം മുമ്പ് സര്‍വേ നടത്തി സ്ഥലം കണ്ടെത്തി പി ഡബ്ല്യു ഡി കല്ല് നാട്ടിയ നരിക്കുനിയിലെ ബൈപാസ് എങ്ങുമെത്തിയില്ല. ടൗണില്‍ ഗതാഗതക്കുരുക്ക് കാരണം വീര്‍പ്പുമുട്ടുമ്പോഴും ബൈപാസ് സംബന്ധിച്ച നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
അലൈന്‍മെന്റിനും ഭൂമി ഏറ്റെടുക്കലിനുമുള്ള നടപടികള്‍ മുന്നോട്ട്‌പോയെങ്കിലും റവന്യൂവകുപ്പില്‍ ഇപ്പോഴും ഫയലുകള്‍ വിശ്രമിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് പൊതുവായി സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും ഇതിന്റെ ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കാത്തതാണ് തടസമായി റവന്യൂ വകുപ്പില്‍ നിന്നുള്ള വിശദീകരണം.
നരിക്കുനിയിലെ പ്രധാന പാതകളായ നന്മണ്ട റോഡ്, കുമാരസ്വാമി റോഡ്, പടനിലം റോഡ്, കൊടുവള്ളി റോഡ്, പൂനൂര്‍ റോഡ് എന്നിവയെ ബന്ധിപ്പിച്ച് ടൗണിന് ചുറ്റും റിംഗ്‌റോഡ് മാതൃകയില്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടതാണ് നിര്‍ദിഷ്ട ബൈപാസ് റോഡ്.
സി മമ്മൂട്ടി എം എല്‍ എയായിരുന്ന കാലത്താണ് റിംഗ്‌റോഡിന്റെ തുടക്കം. പി ടി എ റഹീം എം എല്‍ എയായിരുന്ന കാലത്ത് 9.5 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. തുടര്‍ന്ന സര്‍വേ നടത്തി നന്മണ്ട റോഡിലെ ചാലിയേക്കര താഴത്ത് നിന്ന് തുടങ്ങി ഗ്രാമീണ്‍ ബേങ്കിന് സമീപം കുമാരസ്വാമി റോഡില്‍ പ്രവേശിക്കുന്ന രീതിയില്‍ ഒന്നാം ഘട്ടത്തിന് കല്ല് നാട്ടുകയും ചെയ്തുവെന്നല്ലാതെ തുടര്‍നടപടികള്‍ ഒന്നും നടന്നില്ല. പിന്നീട് വന്ന വി എം ഉമ്മര്‍ എം എല്‍ എയും ശ്രമങ്ങള്‍ നടത്തുന്നുവെങ്കിലും പുരോഗതിയൊന്നുമില്ല.
വാഹനപെരുപ്പം കാരണം നരിക്കുനി ടൗണില്‍ ഗതാഗത തടസ്സം അനുഭവിക്കുകയാണ്. പാര്‍ക്കിംഗ് സ്റ്റാന്‍ ഡി ല്ലാത്തത് കാരണം റോഡരികില്‍ തന്നെയാണ് പാര്‍ക്കിംഗ്. ഷോപ്പുകളിലേക്ക് സാധനങ്ങളുമായി എത്തുന്ന വാഹനങ്ങളും ഷോപ്പിംഗിനായെത്തുന്നവരുടെ വാഹനങ്ങളും റോഡരികില്‍ത്തന്നെ നിര്‍ത്തിയിടുന്നത് കുരുക്ക് രൂക്ഷമാക്കുന്നു.
ബസ്സ്റ്റാന്‍ഡ് എയ്ഡ് പോസ്റ്റിലെ പോലീസുകാരും ഹോംഗാര്‍ഡുമാരും ട്രാഫിക് നിയന്ത്രിക്കാനെത്തുന്നതാണ് അല്‍പ്പമെങ്കിലും ആശ്വാസം.