അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Posted on: November 18, 2014 9:42 am | Last updated: November 18, 2014 at 9:42 am

പേരാമ്പ്ര: കാട്ടുപന്നി ശല്യം തടയുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ചങ്ങരോത്ത് പഞ്ചായത്തിലെ ഒറ്റക്കണ്ടം, തരിപ്പിലോട്, കുന്നശേരി, കൂനംപൊയില്‍, കന്നാട്ടി ഭാഗങ്ങളിലെ കര്‍ഷകരാണ് സമരത്തിന് തയ്യാറെടുക്കുന്നത്. ചങ്ങരോത്ത് പഞ്ചായത്ത് മലയോര കര്‍ഷക ഐക്യവേദിയുടെ നേതൃത്വത്തില്‍ 26ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിനു മുന്നില്‍ സമര സൂചനയായി ധര്‍ണ നടത്താന്‍ തീരുമാനിച്ചു.
രാത്രികാലങ്ങളില്‍ അടുത്ത പ്രദേശമായ ജാനകിക്കാട്ടില്‍ നിന്നുമിറങ്ങുന്ന പന്നിക്കൂട്ടമാണ് വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും കാട്ടുപന്നിക്കൂട്ടത്തെ തുരത്താന്‍ സംവിധാനമുണ്ടാക്കണമെന്നുമാവശ്യപ്പെട്ട് നല്‍കിയ നിവേദനം പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. കെ എസ് സാമുവല്‍ അധ്യക്ഷത വഹിച്ചു. ബാബു തത്തക്കാട്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, വി സി നാരായണന്‍ നമ്പ്യാര്‍, ടി കെ വിനോദന്‍, എന്‍ കെ മുസ്തഫ പ്രസംഗിച്ചു.