വയോജനങ്ങള്‍ക്ക് മെഗാ അദാലത്ത്; 45 കേസുകള്‍ തീര്‍പ്പായി

Posted on: November 18, 2014 9:03 am | Last updated: November 18, 2014 at 9:03 am

വടകര: ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി വയോജനങ്ങള്‍ക്കായി നടത്തിയ മെഗാ അദാലത്തില്‍ 45 കേസുകള്‍ തീര്‍പ്പായി. മോട്ടോര്‍ ആക്‌സിഡണ്ട് ക്ലെയിം ട്രൈബ്യൂണലിന്റെ പരിധിയിലുള്ള 35 കേസുകളും ആറ് സിവില്‍ കേസുകളും നാല് ക്രിമിനല്‍ കേസുകളുമാണ് തീര്‍പ്പാക്കിയത്.
ആറ് പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ആറ് ബൂത്തുകളിലായിട്ടായിരുന്നു അദാലത്ത്. എം എ സി ടി കേസുകളില്‍ 41,70,000 രൂപ മൊത്തം നഷ്ടപരിഹാരം വിവിധ കമ്പനികള്‍ നല്‍കണം. നാഷനല്‍ ഇന്‍ഷ്വറന്‍സ് കമ്പനി 10 കേസുകളിലായി 8,80,000 രൂപയും ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനി 18 കേസുകളിലായി 18,18,000 രൂപയും യുനൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി മൂന്ന് കേസുകളിലായി 11,35,000 രൂപയും ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി നാല് കേസുകളിലായി 3,37,000 രൂപയും നഷ്ടപരിഹാരം നല്‍കണം.
അദാലത്തിന് അഡീഷനല്‍ ജില്ലാ ജഡ്ജ് കെ ജെ ആര്‍ബി, വടകര സബ് ജഡ്ജ് അനില്‍ കെ ഭാസ്‌കര്‍, നാദാപുരം മുന്‍സിഫ് മജിസ്‌ട്രേറ്റ് കെ പി സുനിത, വടകര ജഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം ശുഹൈബ്, വടകര മുന്‍സിഫ് അരവിന്ദ് ബി എടയോടി റിട്ട. ജില്ലാ ജഡ്ജ് കെ രാമകൃഷ്ണന്‍ നേതൃത്വം നല്‍കി.