ബി ജെ പിയില്‍ ചേര്‍ന്നക്കുമെന്ന അഭ്യൂഹങ്ങള്‍ നിരസിച്ച് മഞ്ജി

Posted on: November 18, 2014 12:15 am | Last updated: November 18, 2014 at 12:15 am

പറ്റ്‌ന: താന്‍ ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി ബീഹാര്‍ മുഖ്യമന്ത്രി ജിത്‌റാം മഞ്ജി.
അത്തരം വാര്‍ത്തകള്‍ ഇരുനൂറ് ശതമാനം തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബീഹാറിന് പ്രത്യക പദവി നല്‍കുകയാണെങ്കില്‍ മോദിയെ പിന്തുണക്കുമെന്ന മഞ്ജിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് അദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം തന്നെ വാര്‍ത്ത നിഷേധിച്ച് കൊണ്ട് രംഗത്തെത്തിയത്.
ബി ജെ പി വര്‍ഗീയ പാര്‍ട്ടിയാണെന്ന് താന്‍ പല തവണ പറഞ്ഞിട്ടുണ്ടെന്ന് മഞ്ജി പറഞ്ഞു. പിന്നെയെങ്ങിനെ തനിക്ക് ബി ജെ പിയിലേക്ക് പോകാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
ബി ജെ പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാറിനെ അദ്ദേഹം ജനതാദള്‍ യുവില്‍ ചേരാന്‍ ക്ഷണിക്കുകയും ചെയ്തു. നിയമസഭയില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷമുള്ളത്.
എന്‍ ഡി എ സര്‍ക്കാറില്‍ ഏഴ് വര്‍ഷത്തോളം തങ്ങള്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നെയെന്തു കൊണ്ട് സുശീല്‍ കുമാറിന് ജനതാദള്‍ യുവിലേക്ക് വന്നുകൂടെന്നും അദ്ദേഹം ചോദിച്ചു. ശനിയാഴ്ചയാണ് മുസഫര്‍പൂരില്‍ വൈദ്യുതി നിലയം ഉദ്ഘാടന ചടങ്ങിലും ബാറയില്‍ എന്‍ ടി പി സി യൂനിറ്റ് സമര്‍പ്പണ വേളയിലും മഞ്ജി വിവാദ പ്രസ്താവന നടത്തിയത്. മോദി അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍ പാലിക്കുകയും സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുകയും ചെയ്താല്‍ താന്‍ മോദിക്ക് പിന്തുണ നല്‍കുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.