അസ്വാരസ്യങ്ങള്‍ക്കിടെ ഫട്‌നാവിസും ഉദ്ധവ് താക്കറെയും മുഖാമുഖം

Posted on: November 18, 2014 5:12 am | Last updated: November 18, 2014 at 12:13 am

uddav thakareമുംബൈ: അസ്വാരസ്യങ്ങള്‍ക്കിടെ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും ഇന്നലെ മുഖാമുഖം കണ്ട് ഹ്രസ്വ ചര്‍ച്ച നടത്തി. ബാല്‍ താക്കറെയുടെ സ്മൃതി മണ്ഡപമായിരുന്നു വേദി.
ശിവസേനയുടെ സ്ഥാപക നേതാവായ ബാല്‍ താക്കറെക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഫട്‌നാവിസും ആറ് മന്ത്രിമാരും ഒട്ടേറെ ബി ജെ പി നേതാക്കളും ഇന്നലെ ശിവജി പാര്‍ക്കിലെ സ്മാരകത്തിലെത്തിയിരുന്നു. പുഷ്പാര്‍ച്ചനക്ക് ശേഷം മുഖ്യമന്ത്രി ഫട്‌നാവിസ്, ഉദ്ദവ്താക്കറെ ആസനസ്ഥനായ സ്ഥലത്തെത്തുകയായിരുന്നു. ഉദ്ധവിന്റെ കുടുംബവും അവിടെയുണ്ടായിരുന്നു. ഫഡ്‌നാവിസിനെ കണ്ട് ഉദ്ദവ് എഴുന്നേറ്റ് നിന്നു. ഊഷ്മളമായ ഹസ്തദാനത്തിന് ശേഷം ഉദ്ധവിനൊപ്പം ഇരുന്ന ഫട്‌നാവിസ് ഹ്രസ്വസംഭാഷണത്തിന് ശേഷം സ്ഥലംവിട്ടു. മഹാരാഷ്ട്രയില്‍ കാല്‍ നൂറ്റാണ്ട് കാലം സഖ്യത്തിലായിരുന്ന ബി ജെ പിയും ശിവസേനയും മന്ത്രിസഭാ രൂപവത്കരണത്തിന് ശേഷം കൂടുതല്‍ അകലുകയായിരുന്നു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും തെറ്റിപ്പിരിയുകയായിരുന്നു. ബി ജെ പിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ശിവസേനയുടെ സഹായം പ്രതിക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ശിവസേനയുടെ ആവശ്യം ബി ജെ പി നിരാകരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ശിവസേന പ്രതിപക്ഷത്തായി. ബാല്‍ താക്കറെക്ക് ഉചിതമായ ഒരു സ്മാരകം മുംബൈ നഗരത്തില്‍ പണിയുമെന്ന് മുഖ്യമന്ത്രി ഫട്‌നാവിസ് പ്രഖ്യാപിച്ചു. ഇതിനായി രൂപവത്കരിച്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സ്മാരക കമ്മിറ്റിക്ക്, ഉദ്ധവുമായി കൂടിയാലോചിച്ച് അന്തിമരൂപം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.