Connect with us

International

സംശയകരമായ വസ്തു: ബ്രിട്ടീഷ് പാര്‍ലിമെന്റ് ഒഴിപ്പിച്ചു

Published

|

Last Updated

ലണ്ടന്‍: സംശയകരമായ വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പാര്‍ലിമെന്റ് ഒഴിപ്പിച്ചു. ഇന്നലെയാണ് സംഭവം. നിരവധി ഉദ്യോഗസ്ഥരെയും എം പിമാരെയും മുന്‍കരുതല്‍ എന്ന നിലയില്‍ പാര്‍ലിമെന്റിനുള്ളില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. പാര്‍ലിമെന്റിന് പുറമെ ഇതിന് നേരെ മുന്‍വശത്തുള്ള പോര്‍ട്ടിക്കുള്ളിസ് ഹൗസും വെസ്റ്റ്മിനിസ്റ്റര്‍ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പോലീസ് അന്വേഷണം തുടരുകയാണ്.
അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷന്‍ പൂര്‍ണമായും ഒഴിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇവിടേക്കുള്ള റോഡിലേക്ക് ആളുകളെ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. നിരവധി പോലീസുകാര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇസില്‍ തീവ്രവാദികളില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് ബ്രിട്ടനില്‍ അതീവജാഗ്രതാ നിര്‍ദേശം കഴിഞ്ഞ ആഗസ്റ്റ് മാസം മുതല്‍ പ്രഖ്യാപിച്ചിരുന്നു. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ബ്രിട്ടനിലേക്ക് തീവ്രവാദികള്‍ എത്തുമെന്ന ഭീഷണിയെ തുടര്‍ന്നായിരുന്നു ഇത്. ബ്രിട്ടനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ഉയര്‍ന്ന സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ഒരു തോക്കുധാരി കനേഡിയന്‍ പാര്‍ലിമെന്റിന് നേരെ ആക്രമണം നടത്തിയിരുന്നു. പോലീസ് പിന്നീട് ഇയാളെ വകവരുത്തുകയും ചെയ്തിരുന്നു.

Latest