Connect with us

Articles

കര്‍ണാടക യാത്രയില്‍ തെളിഞ്ഞ കാഴ്ചകള്‍

Published

|

Last Updated

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ കര്‍ണാടക യാത്രയില്‍ കണ്ട കാഴ്ചകള്‍ ഓരോ ഇന്ത്യക്കാരനും ഏറെ പ്രതീക്ഷ പകരുന്നതാണ്. മതേതര ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന സന്ദേശമാണ് യാത്ര നല്‍കിയത്. വര്‍ഗീയതയും ഭീകരപ്രവര്‍ത്തനങ്ങളും രാജ്യത്തെ അസ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്ത് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കണമെന്ന് പ്രഘോഷിച്ച യാത്ര ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹാപ്രയാണമായി മാറി. ഒത്തൊരുമയുടെ ഉണര്‍ത്തുപാട്ടുമായി കടന്നുപോയ യാത്ര കര്‍ണാടകയുടെ മണ്ണില്‍ സ്‌നേഹവും സാമുദായിക മൈത്രിയും ഊട്ടിയുറപ്പിക്കുന്നതില്‍ അതിമഹത്തായ പങ്കാണ് വഹിച്ചതെന്ന് നിസ്സംശയം പറയാം.
ചരിത്രപരമായ അനിവാര്യതകളില്‍ നിന്നാണ് കര്‍ണാടക യാത്ര പിറക്കുന്നത്. യാത്രയുടെ ആത്മീയവും ഭൗതികവുമായ മാനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ പ്രാഥമികമായി നമുക്ക് വായിച്ചെടുക്കാനാകും. ഇസ്‌ലാമിക നേതൃത്വത്തിന്റെ കൈമാറ്റം, പ്രബോധകന്റെ ദൗത്യം, ദേശീയോദ്ഗ്രഥനം എന്നിങ്ങനെ അവയെ വിഭജിക്കാം.
നവംബര്‍ രണ്ടിന് കാലത്താണ് മംഗലാപുരത്ത് നിന്നും നാല്‍പ്പത് കിലോ മീറ്റര്‍ അകലെയുള്ള സുള്ള്യയില്‍ യാത്രയെത്തുന്നത്. പ്രഭാത നിസ്‌കാരാനന്തരം റോഡിനിരുവശത്തും തിങ്ങിക്കൂടിയ ആബാലവൃദ്ധം ജനങ്ങളെ കണ്ടപ്പോള്‍ അതിശയിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഉസ്താദിനെ സ്വീകരിക്കാന്‍ അവര്‍ എത്രയോ നേരമായി പ്രതീക്ഷ സ്ഫുരിക്കുന്ന കണ്ണുകളോടെ കാത്തുനില്‍ക്കുകയാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നുള്ളവരുമുണ്ടതില്‍. സുള്ള്യ മുതല്‍ മംഗലാപുരം വരെയും വഴിയോരങ്ങളില്‍ നിറഞ്ഞ ജനക്കൂട്ടം. കര്‍ണാടക യാത്രയിലുടനീളവും ഇത് തന്നെയായിരുന്നു കാഴ്ച. അര്‍ധരാത്രിയെന്നോ അതികാലത്തെന്നോ നട്ടുച്ചയെന്നോ ഭേദമില്ലാതെ അവര്‍ യാത്രാ നായകനെ വരവേല്‍ക്കാനായി കാത്തുനിന്നു.
എന്തു കൊണ്ട് ഇത്ര ജനകീയമായി ഇങ്ങനെയൊരു യാത്ര, അതും ഇപ്പോള്‍ എന്ന് ചിന്തിക്കേണ്ടതുണ്ട്. സുള്ള്യയില്‍ തന്നെയുള്ള കെ ബി ഹാജിയാര്‍ എന്ന പൗരപ്രമുഖന്റെ വീടിനോട് ചേര്‍ന്നുള്ള ഒരു കൊച്ചു വീട്ടില്‍ നിന്നും നമുക്കീ ചോദ്യത്തിന്റെ ഉത്തരം ലഭിക്കും. ആ വീടിപ്പോള്‍ അനാഥമാണ്. അടുത്ത കാലം വരെ അനേകര്‍ക്കിത് ശാന്തിയുടെ ഭവനമായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയെത്താനുള്ള അത്താണിയായിരുന്നു. ആദരണീയരായ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ ജനങ്ങളെ സ്വീകരിച്ചിരുന്ന വീടാണിത്. സുള്ള്യയടക്കം നൂറുകണക്കിന് മഹല്ലുകളുടെ ഖാസിയായിരുന്ന തങ്ങള്‍ എത്തുമ്പോഴുണ്ടാകുന്ന സന്ദര്‍ശകരുടെ സൗകര്യം പരിഗണിച്ചാണ് ഇതു പണിതത്. അനാഥമായ ആ വീട് പോലെ ഈ നാടുമിപ്പോള്‍ അനാഥമാണ്. നീണ്ട ആറരപ്പതിറ്റാണ്ട് കാലം കര്‍ണാടകയുടെ ഇസ്‌ലാമിക നേതൃത്വം തങ്ങളുടെ കരങ്ങളിലായിരുന്നു. സമുദായത്തിന്റെ താങ്ങും അവലംബവും പ്രശ്‌നപരിഹാര കേന്ദ്രവും എല്ലാം തങ്ങളായിരുന്നു. ഉള്ളാളത്തെ തങ്ങള്‍ പറയുന്നതായിരുന്നു കര്‍ണ്ണാടക മുസ്‌ലിംകളുടെ അവസാന വാക്ക്. വെളിച്ചം പരത്തിയ നേതൃശോഭ. ആ വിളക്കാണിപ്പോള്‍ അണഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും, നേതൃത്വം ശരിയായി വിനിയോഗിച്ച മഹാന്മാര്‍ക്കെല്ലാം അവരുടെ കാലശേഷം അര്‍ഹരായ പിന്‍ഗാമികള്‍ ഉണ്ടായിട്ടുണ്ടെന്നതാണ് ചരിത്രം. ഈ അര്‍ഥത്തില്‍ കാന്തപുരം ഉസ്താദിന്റെ കര്‍ണാടക യാത്ര നേതൃകൈമാറ്റത്തിന്റെ അത്യുജ്ജ്വലമായൊരു ആരോഹണമായിരുന്നു. പ്രതീക്ഷയുടെ വഴിക്കണ്ണുകളോടെ കാത്തുനിന്നൊരു സമൂഹം തങ്ങളുടെ അമരക്കാരനെ “”ത്വലഹല്‍ ബദ്‌റു” പാടി സ്വീകരിച്ചാനയിക്കുകയായിരുന്നു. യാത്രയിലുടനീളം മുഴങ്ങിക്കേട്ടതു പോലെ, മുന്നില്‍ നിന്നു നയിക്കാനൊരു സുല്‍ത്താല്‍” വന്ന സന്തോഷമായിരുന്നു അവരുടെ ആവേശങ്ങളില്‍ പ്രകടമായത്. ജനവികാരങ്ങളെ അമ്പത്തൊന്ന് അക്ഷരത്തില്‍ കൊത്തിയെടുത്ത വൈക്കം മുഹമ്മദ് ബഷീറിനെ ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് വിളിച്ചു സാഹിത്യലോകം; കര്‍ണാടക ജനങ്ങളുടെ പ്രക്ഷുബ്ധമായ വികാര വിചാരങ്ങളില്‍ സാന്ത്വനമായെത്തിയ കാന്തപുരം ഉസ്താദിനെ””സുല്‍ത്താനുല്‍ ഉലമ”യെന്ന് വിളിച്ചാല്‍ ആക്ഷേപിക്കാന്‍ പറ്റുമോ?
നേതൃത്വത്തിന്റെ എക്കാലത്തെയും മികച്ച മാതൃക പ്രവാചകന്മാരുടെ ജീവിതമാണ്. പ്രവാചകരുടെ നിയോഗ ദൗത്യത്തെ പറ്റി ഖുര്‍ആന്‍ സൂറത്തുല്‍ ജുമുഅഃയില്‍ വ്യക്തമാക്കുന്നുണ്ട്. പ്രവാചകന്മാര്‍ പ്രബോധിതര്‍ക്ക് അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും വേദഗ്രന്ഥവും തത്വജ്ഞാനവും അഭ്യസിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു. പണ്ഡിതന്മാരാണ് പ്രവാചകന്മാരുടെ അനന്തരാവകാശികളെന്നത് തിരുനബി വാക്യം. ഒരാള്‍ ആ അനന്തരാവകാശത്തിന് യോഗ്യനാകുന്നത് ഖുര്‍ആന്‍ വ്യക്തമാക്കിയ മേല്‍ പറഞ്ഞ കാര്യങ്ങളും അദ്ദേഹത്തില്‍ സമ്മേളിക്കുമ്പോഴാണ്. ഈ കാര്യങ്ങളെല്ലാം നാം കര്‍ണാട യാത്രയില്‍ ഉസ്താദില്‍ ദര്‍ശിച്ചു. ദിവസങ്ങള്‍ മാത്രം നീണ്ടു നിന്ന യാത്രയില്‍ ഉസ്താദ് ദര്‍സ് തുടങ്ങുന്നതും കിതാബ് ഓതിക്കൊടുക്കുന്നതുമൊക്കെ നാം കണ്ടു. വികസനോന്മുഖമായ നൂറു കണക്കിന് സംരംഭങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. നിരാലംബരായ അനേകര്‍ക്ക് കൈത്താങ്ങായി. മസ്ജിദും മദ്‌റസയും വീടുകളും വീല്‍ചെയറുമെല്ലാം സമൂഹത്തിനായി സമര്‍പ്പിച്ചാണ് യാത്ര മുന്നോട്ടുനീങ്ങിയത്. സംസ്‌കരണം സിദ്ധിച്ച ഒരു ജനതയുടെ നേര്‍സാക്ഷ്യം മംഗലാപുരത്ത് എല്ലാവരിലും അത്ഭുതം സൃഷ്ടിച്ചില്ലേ.! കോരിച്ചൊരിയുന്ന മഴ പെയ്തിട്ടും അനങ്ങാതെയിരുന്ന സദസ്സ് കണ്ട് ഈ അച്ചടക്കം മറ്റെവിടെയും കാണാനാകില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വിസ്മയം പൂണ്ടു. ഖുര്‍ആന്‍ പ്രതിപാദിച്ച സംസ്‌കരണം സിദ്ധിച്ച ഒരു ജനതയില്‍ നിന്നല്ലാതെ മറ്റെവിടെ കാണാനാകുമിത്?
ഇസ്‌ലാമിന് നവോത്ഥാനവും അധോഗമനവും ഉണ്ടാകുമെന്ന് പ്രവാചകര്‍(സ) ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പുരോഗമനത്തിന്റെ അടയാളമായി അവിടുന്ന് എണ്ണിയത് ഒരു ഗ്രാമമാകെയും വിജ്ഞാനമാര്‍ജിക്കുന്ന സാമൂഹികസ്ഥിതിയാണ്. 25 വൈജ്ഞാനിക ഗ്രാമങ്ങള്‍ പണിയുമെന്ന ഉസ്താദിന്റെ പ്രഖ്യാപനത്തിന്റെ പൊരുള്‍ ചികയേണ്ടത് പ്രവാചകരുടെ ഈ മൊഴികളിലാണ്. ഒരു നാടിനേയും സമൂഹത്തേയും നവോത്ഥാന പാതയിലേക്ക് ആനയിക്കാന്‍ ആധാരശില പാകുന്ന ഈ പണ്ഡിത ശ്രേഷ്ഠന്റെ പ്രവൃത്തികള്‍ക്കു പിന്നിലെല്ലാം പ്രവാചക നിര്‍ദേശമാണ് നമുക്ക് കാണാനാവുക. അതു കൊണ്ടു തന്നെയാണ് അദ്ദേഹം തുടങ്ങിവെക്കുന്ന എല്ലാ ദൗത്യങ്ങളും വന്‍ വിജയമാകുന്നത്.
മുഹമ്മദ് നബി(സ)യുടെ കുട്ടിക്കാലത്ത് വിവിധ വിഭാഗക്കാരെയെല്ലാം പങ്കാളികളാക്കി വിശുദ്ധഗേഹത്തിന്റെ പുനര്‍നിര്‍മാണത്തിന് ശില പാകി പ്രശ്‌നം പരിഹരിച്ചുവെന്ന ചരിത്രപാഠം നമുക്കറിയാം. എന്നാല്‍ അത് പ്രയോഗത്തില്‍ കാണിച്ച എത്ര മതനേതാക്കളുണ്ടിവിടെ? നാടിന്റെ ഐക്യത്തിനും നിര്‍മാണാത്മകമായ മുന്നേറ്റത്തിനും ശിലയിടേണ്ടത് എല്ലാവരെ കൊണ്ടും ഒത്തുപിടിപ്പിച്ചാണെന്ന പ്രവാചക പാഠം മനോഹരമായി ആവിഷ്‌കരിക്കുകയായിരുന്നു കാന്തപുരം ഉസ്താദ്. തീര്‍ത്ഥാടന കേന്ദ്രമായ ചിക്മംഗഌരിലെ ദാദാ ഹയാത്തിനെ ചൊല്ലിയുള്ള ഹിന്ദു, മുസ്‌ലിം തര്‍ക്കത്തിന് പരിഹാര സാധ്യത തെളിയുന്നതും കര്‍ണാടകയാത്രയിലെ തെളിമയുള്ളൊരു കാഴ്ചയാണ്.
എല്ലാ മതനേതൃത്വങ്ങളും രാഷ്ട്രീയ, ഭരണ നേതൃത്വവും കര്‍ണാടക യാത്രയില്‍ കൈകോര്‍ത്തു പിടിച്ച കാഴ്ച എത്ര സുന്ദരമാണ്.! ദേശീയ നേതാക്കളുടെ സ്വപ്‌നം പോലെ നാനാത്വത്തില്‍ ഏകത്വമെന്ന ആശയം പൂവിട്ടു നില്‍ക്കുന്ന പൂങ്കാവനമായി രാജ്യത്തെ മാറ്റേണ്ടത് നാമോരോരുത്തരുമാണ്. ദേശീയോദ്ഗ്രഥനത്തില്‍ മികച്ച ഉദ്യമമായി മാറിയ ഈ യാത്രയുടെ ചുവടു പിടിച്ച് കാന്തപുരം ഉസ്താദ് ഭാരതയാത്ര നടത്തണമെന്നാണ് എല്ലാവരും ഐക്യകണ്‌ഠ്യേന ആവശ്യപ്പെടുന്നത്. കര്‍ണാടക നേതൃത്വം ആഗ്രഹിച്ചതു പോലെ ഇന്ത്യയിലെ എല്ലാ ഭാഗത്തുള്ള ജനങ്ങളും ആഗ്രഹിക്കുന്നില്ലേ. ഉഡുപ്പി പെജവാര മഠാധിപതി ശ്രീ ശ്രീ വിശേഷ്വ തീര്‍ത്ഥ സ്വാമിജി പറഞ്ഞത് ഉസ്താദ് ഭാരതയാത്ര നടത്തുകയാണെങ്കില്‍ കൂടെ താനുമുണ്ടാകുമെന്നാണ്. വിവിധ സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര നുണയാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ സമാധാനകാംക്ഷികളെയെല്ലാം സന്തോഷിപ്പിക്കുന്നതാണ് ഈ ഐക്യം. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം തന്റെ വിഷന്‍ ട്വന്റി ട്വന്റിയില്‍ രാജ്യത്തിന്റെ ഭാവിക്ക് ആധ്യാത്മിക ബോധമുള്ള നേതൃത്വം ഉണ്ടാകണമെന്നാണ് പറയുന്നത്. വര്‍ഗീയതക്കെതിരെ വര്‍ഷാവര്‍ഷം ഒരാഴ്ചത്തെ ക്യാമ്പയിന്‍ ആചരിക്കണമെന്ന് അന്തരിച്ച പ്രമുഖ ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. അത്തരം ക്യാമ്പയിനുകളേക്കാള്‍ വര്‍ഗീയതക്കെതിരെയുള്ള മികച്ച പ്രതിവിധിയാകും ആധ്യാത്മിക നേതൃത്വങ്ങളുടെ മാനവികതക്കായുള്ള ഇത്തരം യാത്രകളെന്നതില്‍ സംശയമില്ല. മാനവികതക്കായുള്ള ഭാരതയാത്രക്കായി ശുഭപ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.
(ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞനും മദീന ഹറം വികസന പദ്ധതി സാങ്കേതിക ഉപദേശകനും മര്‍കസ് നോളജ് സിറ്റി സി ഇ ഒയുമാണ് ലേഖകന്‍)

Latest