കൊച്ചി വിമാനത്താവളത്തിനു പുതിയ ലോഗോ

Posted on: November 17, 2014 8:14 pm | Last updated: November 17, 2014 at 8:14 pm

logo-sedYCകൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആഗോള നിലവാരമുള്ള ബ്രാന്‍ഡ് ആക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോ പ്രകാശനം ചെയ്തു.

കേരളത്തിന്റെ പ്രകൃതിയും വ്യോമയാന രംഗത്തെ സിയാലിന്റെ കുതിപ്പും പ്രതിഫലിപ്പിക്കുന്നതാണു പുതിയ ലോഗോ. കുരുത്തോല തോരണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ആകാശത്തേക്ക് പറക്കുന്ന രീതിയിലാണ് ബാംഗ്ലൂരിലെ ഇഡിയം എന്ന ഡിസൈനിംഗ് സ്ഥാപനം ലോഗോ നിര്‍മ്മിച്ചത്.

പുതിയ ബ്രാന്‍ഡ് പ്രതിഛായ സിയാലിന് ആഗോളതലത്തില്‍ പുതിയ കാല്‍വയ്പ്പാകുമെന്നു ലോഗോ പ്രകാശനം ചെയ്തുകൊണ്ടു മന്ത്രി കെ. ബാബു പറഞ്ഞു. പുതിയ ബ്രാന്‍ഡ് പ്രതിഛായ വന്നതോടെ സിയാലിന്റെ മൊത്തം ആശയവിനിമയ രീതികള്‍ക്കും മാറ്റം വരികയാണ്. സ്‌റ്റേഷനറി, സാമൂഹ്യമാധ്യമങ്ങള്‍, ഹോര്‍ഡിംഗുകള്‍, ഡിജിറ്റല്‍ കിയോസ്‌കുകള്‍ എന്നിവയിലെല്ലാം ഈ ലോഗോയുടെ രൂപസംവിധാനമുണ്ടാകും.

പുതുതായി നിര്‍മിക്കുന്ന അന്താരാഷ്ട്ര ടെര്‍മിനലിന്റെ അകത്തളങ്ങളിലും ലോഗോയുടെ രൂപം പ്രതിഫലിക്കും. സിയാലിന്റെ ഉപകമ്പനികളായ സിയാല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, സിയാല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവയുടെ രൂപവിതാനത്തിനും മാറ്റമുണ്ടാകും.