Connect with us

Malappuram

ചോര്‍ച്ച പരിഹരിച്ചില്ല; ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ്: ഷട്ടറുകള്‍ ഇത്തവണ അടക്കാനാകില്ല

Published

|

Last Updated

പൊന്നാനി: ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ചോര്‍ച്ച പരിഹരിക്കാനാകാത്ത സാഹചര്യത്തില്‍ ഇത്തവണ ഷട്ടറുകള്‍ അടയ്ക്കാനാകില്ല.
വരാനിരിക്കുന്ന വേനല്‍ക്കാലം മുന്നില്‍കണ്ട് പുഴയില്‍ ജലം സംഭരിച്ചുനിറുത്താന്‍ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ നവംബര്‍ അവസാനത്തോടെയാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ റെഗുലേറ്ററിന്റെ അടിത്തട്ടില്‍ അനുഭവപ്പെടുന്ന ചോര്‍ച്ച നിലനില്‍ക്കുന്നതിനാല്‍ ഷട്ടര്‍ അടച്ച് വെളളം സംഭരിക്കുന്നത് പാലത്തിന് ഭീഷണിയാകുമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ ഷട്ടറുകള്‍ പൂര്‍ണമായി അടയ്‌ക്കേണ്ടതില്ലെന്ന നിഗമനത്തിലേക്ക് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ എത്തിയിരിക്കുന്നത്. റെഗുലേറ്ററിലെ 70 ഷട്ടറുകള്‍ പൂര്‍ണമായി അടയ്ക്കാനായില്ലെങ്കില്‍ ഇത്തവണയും കുടിവെള്ള, ജലസേചന മേഖലയില്‍ പദ്ധതികൊണ്ടുളള ഗുണഫലം ലഭിക്കാത്ത സാഹചര്യമുണ്ടാകും.
നാലടി ഉയരത്തില്‍ വെളളം സംഭരിച്ചു നിറുത്താവുന്ന തരത്തിലാണ് ചമ്രവട്ടം റെഗുലേറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ചോര്‍ച്ചയുടെ വ്യാപ്തി ഉയര്‍ത്തുന്ന തരത്തില്‍ വെളളം തടഞ്ഞുനിറുത്തുന്നത് പാലത്തിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പ് സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഷട്ടര്‍ പൂര്‍ണമായി അടച്ച ഘട്ടങ്ങളിലെല്ലാം ചോര്‍ച്ച അനുഭവപ്പെടുകയും ഇതേത്തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ ഭാഗികമായും പൂര്‍ണമായും ഷട്ടറുകള്‍ തുറക്കുകയും ചെയ്തിരുന്നു. ഷട്ടറുകള്‍ കൃത്യമായി അടച്ചിടാന്‍ കഴിയാത്തതുകൊണ്ടുതന്നെ പുഴയില്‍ വെളളം സംഭരിച്ചു നിറുത്താന്‍ സാധിച്ചിട്ടില്ല.
റെഗുലേറ്ററിലെ ചോര്‍ച്ചക്ക് പൂര്‍ണ പരിഹാരമാകുന്നതോടെ മാത്രമേ പദ്ധതികൊണ്ടുളള ഗുണഫലങ്ങള്‍ സമ്പൂര്‍ണമായി ലഭിക്കൂ. 169 കോടി രൂപ ചെലവില്‍ നിര്‍മിച്ച ബഹുമുഖ സാദ്ധ്യതയുളള പദ്ധതിയായിരുന്നിട്ടും ഗതാഗത സൗകര്യം മാത്രമേ പദ്ധതികൊണ്ട് ലഭിക്കുന്നുളളൂ.
റെഗുലേറ്ററിലെ ചോര്‍ച്ച പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇതിന്‍മേലുളള നടപടികള്‍ക്ക് ഇനിയും കാത്തിരിക്കണം. വിദഗ്ധസമിതി റിപ്പോര്‍ട്ട് കൂടുതല്‍ പരിശോധനയ്ക്കായി ഡല്‍ഹി ഐ ഐ ടിക്കു മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
ചോര്‍ച്ച പരിഹരിക്കുന്നതിന് വന്‍ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരും. ചോര്‍ച്ചക്ക് പൂര്‍ണ പരിഹാരമാകാതെ പദ്ധതികൊണ്ടുളള ഗുണഫലങ്ങള്‍ ലഭ്യമാകില്ല. പദ്ധതി കമ്മിഷന്‍ചെയ്ത് മൂന്നു വര്‍ഷം പിന്നിടുമ്പോഴും ഗതാഗതമാര്‍ഗമെന്ന സൗകര്യം മാത്രമാണ് ലഭ്യമായിട്ടുളളത്. റെഗുലേറ്ററിന്റെ ചോര്‍ച്ച പദ്ധതികൊണ്ടുളള മറ്റു സൗകര്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതിന് തടസ്സമാവുകയാണ്. ചോര്‍ച്ചയ്ക്ക് പരിഹാരമായി പുഴയുടെ അടിത്തട്ടില്‍ വിപുലമായ നിര്‍മ്മാണ പ്രവൃത്തികളാണ് നിര്‍ദേശിക്കപ്പെടുന്നത്.
റെഗുലേറ്ററിന്റെ അടിത്തട്ടിന് സമാന്തരമായി ഷീറ്റ് പൈലിംഗ്, അടിത്തറ കോണ്‍ക്രീറ്റിംഗിന്റെ വീതിയും ആഴവും കൂട്ടല്‍, ഏപ്രണുകള്‍ ശക്തിപ്പെടുത്തല്‍ എന്നിവയാണ് ചോര്‍ച്ചയ്ക്ക് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്.