കിടപ്പിലായ കുട്ടികള്‍ക്കൊപ്പം ശിശുദിനം ആഘോഷിച്ച് കുന്നുമ്മല്‍ ബി ആര്‍ സി

Posted on: November 17, 2014 10:07 am | Last updated: November 17, 2014 at 10:07 am

ചേരാപുരം: കുന്നുമ്മല്‍ ബി ആര്‍ സിയുടെ ഈ വര്‍ഷത്തെ ശിശുദിനാഘോഷം വിദ്യാലയത്തിലെത്താന്‍ കഴിയാതെ വീട്ടില്‍ കിടപ്പിലായ കുട്ടികളോടൊപ്പം. കൂട്ടുകാരോടൊത്ത് വിദ്യാലങ്ങളില്‍ കൂട്ടുകാരോടൊത്ത് അക്ഷരങ്ങളുടെ ലോകത്ത് ഓടിക്കളിക്കാന്‍ കഴിയാത്ത കുട്ടികളോടൊപ്പമുള്ള ആഘോഷം ജനപ്രതിനിധികള്‍ക്കും ബിആര്‍സി പ്രവര്‍ത്തകര്‍ക്കും മാത്രമല്ല നാട്ടുകാര്‍ക്കും പുതു പാഠങ്ങള്‍ നല്‍കി.
വിവിധ കാരണങ്ങളാല്‍ ശാരീരിക അവശതയനുഭവിക്കുന്നതിനാല്‍ വിദ്യാലങ്ങളിത്താന്‍ കഴിയാതെ വീട്ടില്‍ കിടപ്പിലായ കുട്ടികള്‍ക്ക് സര്‍വ്വ ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കിവരുന്നുണ്ട്. ബി ആര്‍ സി പ്രവര്‍ത്തകര്‍ അത്തരം കുട്ടികളുടെ വീടുകളിലെത്തിയാണ് ശിശുദിനാഘോഷം സംഘടിപ്പിച്ചത്.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത നടേമ്മല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി അന്നമ്മ ജോര്‍ജ്, ബി പി ഒ. പി ഹസീസ്, ബി ആര്‍ സി ട്രെയിനര്‍മാര്‍, റിസോഴ്‌സ് അധ്യാപകര്‍, സിആര്‍ സി കോഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ കുട്ടികളുടെ വീടുകളിലെത്തി സമ്മാനം നല്‍കിയും മധുരം വിതരണം ചെയ്തും, പാട്ടുപാടിയുമാണ് ശിശുദിനം അവിസ്മരണീയമാക്കിയത്.