സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണം തകര്‍ക്കുന്നു: സി പി എം

Posted on: November 17, 2014 5:27 am | Last updated: November 17, 2014 at 9:29 am

cpim logoതിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ ധന വിന്യാസ നടപടിക്രമങ്ങള്‍ അട്ടിമറിക്കുന്നതിലൂടെ അധികാര വികേന്ദ്രീകരണത്തെ തകര്‍ക്കാനാണ് യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി പി എം. നേരത്തെ 12 ഗഡുക്കളായി തദ്ദേശ സ്ഥാപനങ്ങള്‍ക്കക്ക് നല്‍കിയിരുന്ന ഫണ്ടിന് ഇപ്പോള്‍ പദ്ധതികള്‍ നടപ്പാക്കിയ ശേഷം ബില്ല് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ട്രഷറിയുടെ സൗകര്യമനുസരിച്ചായിരിക്കും ഫണ്ട് കൊടുക്കുന്നത്. ഒരു ദിവസം പിന്‍വലിക്കാവുന്ന തുകക്ക് പരിധിയും നിശ്ചയിച്ചിരിക്കുന്നു. ഇതുകാരണം നടപ്പ് സാമ്പത്തിക വര്‍ഷം കോര്‍പറേഷനുകള്‍ക്കും ജില്ലാപഞ്ചായത്തുകള്‍ക്കും പദ്ധതി തുകയുടെ പകുതി പോലും ചെലവഴിക്കാനാവില്ല. ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് നിയമം ഓര്‍ഡിഡന്‍സിലൂടെ കൊണ്ടുവന്നിരിക്കുകയാണ്. പദ്ധതി രൂപവത്കരണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവകാശങ്ങളെ സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. പുതിയ നിയമം നടപ്പാക്കുന്നതോടെ ഡി പി സി പോലും നോക്കുകുത്തിയാക്കും. പുതിയ നിയമ പ്രകാരം വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ പദ്ധതികള്‍ക്ക് രൂപം നല്‍കും.
ഇത് പദ്ധതി നിര്‍മാണത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കും. നിയമസഭയോ പ്രതിപക്ഷമോ അറിയാതെയുള്ള ഈ നീക്കത്തെ പാര്‍ടി അംഗീകരിക്കില്ലെന്നും ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും സി പി എം സംസ്ഥാന സമിതിയോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇഷ്ടാനുസരണം വെട്ടിമുറിക്കാന്‍ അണിയറയില്‍ നീക്കം നടക്കുകയാണ്. ഇതനുവദിക്കാനാവില്ല. ഭൂമി ശാസ്ത്ര പരിഗണനയോ വികസന സാധ്യതയോ പരിഗണിക്കാതെയാണ് ഇതിനുള്ള നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിഭജിക്കാന്‍ കൃത്യമായ പഠനം ആവശ്യമാണന്നും പിണറായി പറഞ്ഞു