Connect with us

Kerala

ഹയര്‍ സെക്കന്‍ഡറി മേഖലയിലെ എന്‍ എസ് എസ് യൂനിറ്റുകള്‍ക്ക് ഇനി സര്‍ക്കാര്‍ ഫണ്ടില്ല

Published

|

Last Updated

പാലക്കാട്: ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഇനി സ്വാശ്രയ നാഷനല്‍ സര്‍വീസ് സ്‌കീം യൂനിറ്റുകള്‍ മാത്രം. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന് സര്‍ക്കാര്‍ ഫണ്ട് നല്‍കില്ല.
സ്വാശ്രയ എന്‍ എസ് എസ് യൂനിറ്റുകളുടെ പ്രവര്‍ത്തനത്തിന് കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും മറ്റ് മാര്‍ഗങ്ങളിലൂടെയും ഫണ്ട് കണ്ടെത്തണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീമില്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കണമെങ്കില്‍ ഇനി മുതല്‍ 450 രൂപ വരെ ഫീസ് അടയ്ക്കണം.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ സ്വാശ്രയ യൂനിറ്റുകള്‍ എന്ന തീരുമാനമെടുത്തതോടെയാണ് വിദ്യാര്‍ഥികളില്‍ നിന്നും പണം പിരിക്കുന്നത്. സര്‍ക്കാറിന്റെ സാമ്പത്തിക സഹായമില്ലാതെ പി ടി എ ഫണ്ടില്‍ നിന്നും, കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും സ്വാശ്രയ എന്‍ എസ് എസ് യൂനിറ്റുകള്‍ പണം കണ്ടെത്തണമെന്നാണ് നിര്‍ദേശം. 7:5 എന്ന അനുപാതത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നല്‍കിയിരുന്നത്.
എന്‍ എസ് എസ്സിന്റെ റഗുലര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വോളണ്ടിയറിന് 160 രൂപയും സ്‌പെഷ്യല്‍ ക്യാമ്പുകള്‍ക്ക് ഒരു വോളണ്ടിയറിന് 300 രൂപയുമാണ് കേന്ദ്ര യുവജനകാര്യ മന്ത്രാലയം നല്‍കി വന്നത്. അതേസമയം ഫീസ് നല്‍കി എന്‍ എസ് എസ് യൂനിറ്റുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ഥികളിലെ സേവന മനോഭാവം നഷ്ടപ്പെടുമെന്നാണ് പരാതി.. എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ക്ക് ഗ്രേസ് മാര്‍ക്കും അനുവദിക്കുന്നുണ്ട്. സ്വാശ്രയ എന്‍ എസ് എസ് യൂനിറ്റുകള്‍ ആരംഭിക്കുന്നതോടെ പണം നല്‍കി ഗ്രേസ് മാര്‍ക്ക് നേടാമെന്ന അവസ്ഥയുണ്ടാകുമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് വ്യക്തമായ മാനദണ്ഡമില്ലാത്തത് അഴിമതിക്ക് കളം ഒരുക്കുമെന്നും പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Latest