Connect with us

National

അടുത്ത വര്‍ഷത്തോടെ ഇന്ത്യ- ഇ യു ആണവ കരാറിന് സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ ഇന്ത്യയും യൂറോപ്യന്‍ യൂനിയനും സിവില്‍ ആണവ സഹകരണ കരാറില്‍ ഏര്‍പ്പെടും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ആണവോര്‍ജ വകുപ്പും യൂറോപ്യന്‍ യൂനിയന്റെ ജോയിന്റ് റിസര്‍ച്ച് സെന്ററും കരാറിലെത്തുമെന്നാണ് പ്രതീക്ഷ. ഗവേഷണം, ഊര്‍ജം എന്നീ മേഖലകളിലാണ് ഇത് മുഖ്യമായും ഊന്നുന്നതെന്നും ഇന്ത്യയിലെ ഇ യു അംബാസഡര്‍ ജോവോ ക്രാവിഞോ പറഞ്ഞു. കരാര്‍ എന്ന് ഒപ്പ് വെക്കും എന്നതിനെ സംബന്ധിച്ച കൃത്യമായ സമയപരിധി അദ്ദേഹം പുറത്തുവിട്ടിട്ടില്ല. നിരായുധീകരണ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പ് വെക്കാത്തതിനാല്‍ കരാര്‍ സംബന്ധിച്ച് ചില രാജ്യങ്ങള്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെങ്കിലും നിലവില്‍ ഇക്കാര്യത്തില്‍ സമവായമായതായി അദ്ദേഹം അറിയിച്ചു. കരട് കരാറില്‍ ഉപയോഗിക്കേണ്ട നിബന്ധനകളും പ്രയോഗങ്ങളും സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും ഇ യുവിലെ രാഷ്ട്രങ്ങളും തമ്മിലുള്ള ഭിന്നത പരിഹരിക്കാനായിട്ടുണ്ട്.
പരിസ്ഥിതി, സുസ്ഥിര വികസനം, പുതുക്കാവുന്ന ഊര്‍ജം, ക്ലീന്‍ ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയും ഇ യുവും സഹകരിക്കുന്നുണ്ട്. ആണവ വിതരണ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് വലിയ മുതല്‍ക്കൂട്ടാകും കരാര്‍. ആണവ, ആരോഗ്യ മേഖലയിലെ സാങ്കേതിക കൈമാറ്റം ഇന്ത്യക്ക് ഏറെ പ്രയോജനകരമാകും. അമേരിക്കയുമായി ആണവ കരാറില്‍ ഏര്‍പ്പെട്ടതിന് ശേഷം റഷ്യ, കസാഖിസ്ഥാന്‍, യു കെ, ദക്ഷിണ കൊറിയ, മംഗോളിയ, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളുമായി ഇന്ത്യ ആണവ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആസ്‌ത്രേലിയയുമായി സെപ്തംബറില്‍ ആണവ സഹകരണ കരാറും ഒപ്പിട്ടുണ്ട്.

Latest