ശാരദാ ചിട്ടിയുടെ തട്ടിപ്പ് 2500 കോടിയുടെത്

Posted on: November 17, 2014 5:02 am | Last updated: November 16, 2014 at 11:03 pm

ന്യൂഡല്‍ഹി: ശാരദാ ചിട്ടിക്കമ്പനികള്‍ 2500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി അന്വേഷണ ഏജന്‍സി. വിവിധ നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം ഒഴുക്കാന്‍ 279 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതായും ഏജന്‍സി കണ്ടെത്തി. ‘പ്രവര്‍ത്തിക്കാത്ത’ ഇത്തരം കമ്പനികളിലൂടെയാണ് പണം ഒഴുക്കിയത്.
സഹകരണ കാര്യ മന്ത്രാലയത്തിന്റെ വൈറ്റ് കോളര്‍ കുറ്റാന്വേഷണ ഏജന്‍സി എസ് എഫ് ഐ ഒയുടെ അന്വേഷണത്തിലാണ് ഇക്കാര്യം അറിഞ്ഞത്. 50000 രൂപയുടെ നിക്ഷേപങ്ങളായി സാധാരണക്കാരില്‍ നിന്നാണ് കമ്പനി 96 ശതമാനം നിക്ഷേപവും നേടിയത്. മൂന്ന് ലക്ഷം ഏജന്റുമാര്‍ പണം പിരിവിനുണ്ടായിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവ നിരവധി പേര്‍ നിക്ഷേപിച്ചിട്ടുണ്ട്. ധന സംബന്ധ വ്യവസായത്തിനാണ് ശാരദ ഗ്രൂപ്പ് പണം സ്വരൂപിച്ചതെങ്കിലും റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍ പണം മുടക്കുകയായിരുന്നു. നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കാത്തതില്‍ നിന്ന് വഞ്ചിക്കലായിരുന്നു ശാരദാ ഗ്രൂപ്പിന്റെ ഉദ്ദേശ്യമെന്നും മീഡിയ കമ്പനികള്‍ ധാരാളമായി തുടങ്ങിയത് നഷ്ടം ക്ഷണിച്ചുവരുത്തിയെന്നും 500 പേജ് വരുന്ന എസ് എഫ് ഐ ഒയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജ അക്കൗണ്ടുകള്‍ അടക്കം ഇരുപതിലധികം ലംഘനങ്ങളാണ് ശാരദാ ഗ്രൂപ്പും ഡയറക്ടര്‍മാരും ചെയ്തത്. പരിമിത വിവരങ്ങളാണ് ബംഗാള്‍ പോലീസ് കൈമാറിയത്. ജയിലില്‍ കഴിയുന്ന ഗ്രൂപ്പ് മേധാവി സുദീപ്ത സെന്‍ 160 കമ്പനികളുടെ ഡയറക്ടറായിരുന്നു. സെന്നിന്റെ മകന്‍ സുഭോജിത് സെന്‍ 64 കമ്പനികളുടെ ഡയറക്ടറായിരുന്നു. ഇടപാടുകള്‍ മുഴുവന്‍ നടന്നത് കാശ് അടിസ്ഥാനത്തിലായിരുന്നു. ഗ്രൂപ്പിന്റെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്കെതിരെയും മന്ത്രിയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും സി ബി ഐ അന്വേഷണം നടത്തണമെന്ന് എസ് എഫ് ഐ ഒ ശിപാര്‍ശ ചെയ്യുന്നു. 1982ലെ ചിട്ടി ഫണ്ട് നിയമ പ്രകാരം ശാരദാ ഗ്രൂപ്പിലെ ഒരു കമ്പനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്ഥിരമല്ലാത്തതും സുരക്ഷിതമല്ലാത്തതുമായി നിരവധി പദ്ധതികളില്‍ പണം മുടക്കിയതോടെ പൊതുജനത്തെ മനഃപൂര്‍വം വഞ്ചിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലാണ് എസ് എഫ് ഐ ഒ അന്വേഷണം തുടങ്ങിയത്.