Connect with us

Kerala

കൃഷ്ണയ്യര്‍ മര്‍ദിതരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ ന്യായാധിപന്‍: ഗവര്‍ണര്‍

Published

|

Last Updated

കൊച്ചി: ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മര്‍ദിതരുടെയും ദുഃഖിതരുടെയും അവകാശസംരക്ഷണങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തിയ ന്യായാധിപനാണ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. കൃഷ്ണയ്യരുടെ നൂറാം പിറന്നാളിന്റെ ഭാഗമായി കേരള ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്‌സ് അസോസിയേഷനും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സെന്റിനറി സെലിബ്രേഷന്‍സ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
മര്‍ദിത ജനവിഭാഗത്തിന് നീതിയുടെ കവാടം തുറന്നുകിട്ടിയത് ജസ്റ്റിസ് കൃഷ്ണയ്യരുടെ സമയോചിതമായ ഇടപെടലും വ്യാഖ്യാനങ്ങളുമുണ്ടായതുകൊണ്ടാണെന്ന് ജസ്റ്റിസ് സതാശിവം പറഞ്ഞു. സാധാരണക്കാര്‍ക്ക് വേണ്ടി മാത്രമല്ല ജയിലഴികള്‍ക്കകത്തുകിടക്കുന്നവരുടെ നീതിക്കായും അദ്ദേഹം പൊരുതി. കുറ്റാരോപിതനായി കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ നിയമസഹായമെത്തിക്കുകയെന്ന ആശയവും കൃഷ്ണയ്യരുടേതായിരുന്നു. ഭരണഘടനയിലെ 21ാം അനുഛേദപ്രകാരമുള്ള അവകാശത്തിന് പ്രതികള്‍ക്കും അര്‍ഹതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. ജയില്‍ നിയമ പരിഷ്‌കാരങ്ങളും തടവുകാരുടെ പുനരധിവാസവും അയ്യരുടെ പ്രധാന നിയമ സംഭാവനകളാണ്.
പുരോഗമനപരമായ വിധികളുടെയും വിവാദപരമായ കേസുകളുടെ മാതൃകാപരമായ കൈകാര്യ കര്‍തൃത്വങ്ങളുടെയും പിതാവെന്ന് കൃഷ്ണയ്യരെ വിശേഷിപ്പിക്കാം. നിയമ സംഹിതകളെയും ശിക്ഷാ വിധി പ്രമാണങ്ങളെയും മൂന്നാം ലോകരാഷ്ട്രങ്ങളുടെ കാഴ്ചപ്പാടില്‍ സാമൂഹിക നീതിയെയും കുറിച്ച് അയ്യര്‍ നടത്തിയ ക്രിയാത്മക വ്യഖ്യാനങ്ങള്‍ ലോകമാകെ അംഗീകരിക്കപ്പെട്ടു. അഭിഭാഷകന്‍, നിയമസഭാംഗം, ന്യായാധിപന്‍, നിയമപ്രചാരകന്‍ എന്നിങ്ങനെ ഇടപെട്ട എല്ലാ മേഖലകളിലും അതിപ്രാഗത്ഭ്യം തെളിയിച്ച അയ്യര്‍ അധികാരത്തിന്റെ പ്രലോഭനങ്ങളില്‍നിന്ന് എക്കാലവും അകന്നുനിന്നു. അനീതികള്‍ക്കെതിരെ ജാഗരൂകനായി നിന്നുകൊണ്ട് മര്‍ദിതരുടെ പക്ഷത്തുനിന്ന് ലോകത്തെ കണ്ടതാണ് അദ്ദേഹത്തിന്റെ മഹത്വം. നിയമപാലകസമുഹത്തിന് എക്കാലവും വഴികാട്ടിയായി നില്‍ക്കുന്ന വലിയ വിളക്കുമാടമാണ് ജസ്റ്റിസ് കൃഷ്ണയ്യരെന്നും സദാശിവം പറഞ്ഞു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വര്‍ മുഖ്യപ്രഭാഷണം നടത്തി.