ഊര്‍ജ വായ്പക്കായി 22 പദ്ധതികളുടെ അന്തിമ പട്ടിക തയ്യാറായി

Posted on: November 16, 2014 5:51 pm | Last updated: November 16, 2014 at 5:51 pm

Abu-Dhabi-Fund-for-Developmentഅബുദാബി: യു എ ഇ ഊര്‍ജ വായ്പക്കായി 22 പദ്ധതികളുടെ അന്തിമ പട്ടികക്ക് രൂപമായി. അബുദാബി ഡെവലപ്‌മെന്റ് ഫണ്ടാ(എ ഡി എഫ് ഡി)ണ് ഇന്റര്‍ നാഷനല്‍ റിന്യൂവബിള്‍ എനര്‍ജി ഏജന്‍സി(ഇര്‍ന)യുടെ സഹായത്തോടെ വായ്പ നല്‍കുന്നത്. 21.66 കോടി ദിര്‍ഹത്തിന്റെ വായ്പയാണ് മൊത്തതമായി നല്‍കുക. പദ്ധതിക്കായി അന്തിമ പട്ടികയില്‍ ഇടം പിടിച്ചവയില്‍ നിന്നാവും ഇര്‍ന അസംബ്ലി അടുത്ത വര്‍ഷം ജനുവരിയില്‍ വായ്പക്ക് അര്‍ഹമായ പദ്ധതികള്‍ പ്രഖ്യാപിക്കുക. ഇതിന്റെ ആദ്യ ഘട്ട ഫണ്ടാണ് ജനുവരിയില്‍ നല്‍കുക. ഇത് 15.01 കോടി ദിര്‍ഹം വേണ്ടി വരും. രണ്ടാം ഘട്ടത്തിലാവും കൂടുതല്‍ സാങ്കേതികവിദ്യകള്‍ ആവശ്യമായ പദ്ധതികള്‍ക്ക് ഫണ്ട് നല്‍കുകയെന്ന് ഇര്‍ന വക്താവ് വ്യക്തമാക്കി.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ വന്‍കരകളിലെ രാജ്യങ്ങള്‍ക്കും ഇര്‍ന ഫണ്ട് നല്‍കുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പദ്ധതികള്‍ വായ്പക്കായി സമര്‍പിച്ചിരിക്കുന്നത്. ജിയോ തെര്‍മാല്‍ പദ്ധതികള്‍, സോളാര്‍ പിവി(ഫോട്ടോവോള്‍ക്കാനിക്) പദ്ധതികള്‍ എന്നിവ ഇവയില്‍ ഉള്‍പെടും. ചെറിയ സമൂഹങ്ങള്‍ക്കായുള്ള ചെറുകിട ജലവൈദ്യുത പദ്ധതികളും വായ്പ അനുവദിക്കുന്നതിനായി ഇര്‍ന പരിഗണിക്കുന്നുണ്ട്.
ഭൂമിശാത്രപരമായ ഘടകങ്ങള്‍, സാങ്കേതികവിദ്യയിലെ വൈവിധ്യം, ദേശീയ പരിഗണന തുടങ്ങിയവയാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ഇര്‍ന മാനദണ്ഡമാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരയിലായിരുന്നു 80 ശതമാനം പദ്ധതികളും വായ്പക്കായി ഇര്‍നയില്‍ സമര്‍പ്പിക്കപ്പെട്ടത്.
ആദ്യ ഘട്ടത്തില്‍ 34 പദ്ധതികളായിരുന്നു ചുരുക്കപട്ടികയില്‍ ഉള്‍പെടുത്തിയത്. ഇതില്‍ നിന്നാണ് 22 പദ്ധതികള്‍ അന്തിമ പരിഗണനക്കായി തയ്യാറാക്കിയിരിക്കുന്നത്. ഊര്‍ജ ലഭ്യത ഉറപ്പാക്കുക എന്നതിനൊപ്പം അത് സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സാധിക്കുകയെന്നതും ഇര്‍ന പരിഗണിക്കുന്ന വിഷയമാണ്. പദ്ധതികളുടെ അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കാന്‍ ഇതും ഇര്‍ന സജീവമായി പരിഗണിച്ചിരുന്നു.
സാങ്കേതിക തികവ്, വാണിജ്യപരമായ സാധ്യത, സാമൂഹികവും സാമ്പത്തികവുമായ വശങ്ങള്‍ എന്നിവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. അന്തിമ പട്ടികയില്‍ ഉള്‍പെട്ട 22 പദ്ധതികളില്‍ 19 എണ്ണവും പൂര്‍ണ തോതിലുള്ളതും രണ്ടു ഘട്ടങ്ങളായുള്ളതുമായ പദ്ധതികളാണ്. ഇര്‍ന/എ ഡി എഫ് ഡി പദ്ധതിയില്‍ 1,500 കോടി ഡോളറിന്റെ പദ്ധതികളായിരുന്നു മൊത്തത്തില്‍ പരിഗണനക്കായി സമര്‍പിക്കപ്പെട്ടത്.