ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍: ഇന്ത്യക്ക് ഇരട്ട കിരീടം

Posted on: November 16, 2014 8:09 pm | Last updated: November 17, 2014 at 9:44 am

saina nehwalഫുഷൗ: ഇന്ത്യയുടെ ബാഡ്മിന്റണ്‍ ദിനത്തിലെ ചരിത്രനിമിഷത്തിനാണ് ഫൂഷൗ സാക്ഷിയായത്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് അത്യുജ്ജ്വലമായ കിരീട നേട്ടം. ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പുരുഷ വനിതാ കിരീടനേട്ടത്തിലൂടെയാണ് ഇരട്ടിമധുരമായത്. ചൈനയുടെ മുന്‍ ലോക ചാമ്പ്യന്‍ ലിന്‍ ഡാനെ അട്ടിമറിച്ച് ലോക റാങ്കിങ്ങിലെ ഇരുപത്തിമൂന്നാം സ്ഥാനക്കാരനായ കെ ശ്രീകാന്തും വനിതാ വിഭാഗത്തില്‍ സൈന നെഹ്‌വാളുമാണ് കിരീടം ചൂടിയത്. സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ താരം ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്നത്.
ലിന്‍ ഡാനെ 46 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുപത്തിയൊന്നുകാരനായ ശ്രീകാന്ത് അട്ടിമറിച്ചത്. സ്‌കോര്‍: 21-19, 21-17. ശ്രീകാന്തിന്റെ ആദ്യ അന്താരാഷ്ട്ര കിരീട നേട്ടമാണിത്.
ലോക ബാഡ്മിന്റണിലെ എക്കാലത്തെയും മികച്ച താരമായ ലിന്‍ ഡാനെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ വിജയമാണിത്. ബീജിംഗ്, ലണ്ടന്‍ ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം നേടിയിട്ടുള്ള ലിന്‍ ഡാന്‍ അഞ്ച് തവണ ലോകചാമ്പ്യനുമായിട്ടുണ്ട്. ലിന്‍ ഡാന്‍ എന്ന കരുത്തനായ പോരാളിക്കെതിരെ കടുത്ത പോരാട്ടം തന്നെയാണ് ശ്രീകാന്തെന്ന ചുണക്കുട്ടന്‍ പുറത്തെടുത്തത്. റാങ്കിംഗില്‍ വളരെയധികം പിന്നില്‍ നില്‍ക്കുന്ന ശ്രീകാന്തിനോടുള്ള മത്സരം എളുപ്പമായിരിക്കുമെന്ന ലിന്‍ ഡാന്റെ പ്രതീക്ഷയായിരിക്കും ഒരു പക്ഷെ തോല്‍വിയിലേക്ക് നയിച്ചത്. കടുത്ത പോരാട്ടം നടന്ന ആദ്യ സെറ്റില്‍ അവസാന നിമിഷമാണ് ശ്രീകാന്ത് സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ ശ്രീകാന്തിന്റെ മേധാവിത്തമാണ് കണ്ടത്.
2013ലാണ് ലിന്‍ ഡാന്‍ അവസാനമായി ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയത്. ശ്രീകാന്തും ലിന്‍ ഡാനും ഇതിന് മുന്‍പ് രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ലിന്‍ ഡാനായിരുന്നു വിജയം. ശീകാന്ത് ജര്‍മനിയുടെ മാര്‍ക്ക് സിബ്‌ലെറിനെ കീഴടക്കിയാണു ഫൈനലിലെത്തിയത്. കളിക്കിടെ ജര്‍മന്‍ താരം പിന്മാറുകയായിരുന്നു.
ജപ്പാന്റെ യാമാഗുച്ചിയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് സൈന കിരീടനേട്ടം കൈവരിച്ചത്. സ്‌കോര്‍: 21-12, 22-20. ഇക്കൊല്ലം തന്നെയുള്ള സൈനയുടെ മൂന്നാമത്തെ കിരീടമാണിത്. രണ്ടാമത്തെ സൂപ്പര്‍ സീരിസ് കിരീടവും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിയസിലും ഇന്ത്യാ ഗ്രാന്‍പ്രീ ഗോള്‍ഡിലുമാണ് ഈ സീസണില്‍ സൈന കിരീടം നേടിയത്. കരിയറിലെ എട്ടാമത്തെ കിരീടമാണിത്.
മത്സരം 42 മിനിറ്റ് നീണ്ടുനിന്നു. ആദ്യ ഗെയിം ഏറെക്കുറെ അനായാസമായി നേടിയ സൈനയ്ക്ക് രണ്ടാം ഗെയിമില്‍ കനത്ത വെല്ലുവിളിയാണ് അകനെ ഉയര്‍ത്തിയത്. തുടക്കം മുതല്‍ തന്നെ ഓരോ പോയിന്റും പൊരുതിനേടിയാണ് ഇരുവരും ടൈബ്രേക്കറോളമെത്തിയത്. ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇതാദ്യമായാണ് സൈന കരീടം ചൂടുന്നത്. ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിനപ്പുറമെത്താന്‍ സൈനക്ക് കഴിഞ്ഞിട്ടില്ല.