Connect with us

Wayanad

ആയുര്‍വേദ ചികിത്സ: ചുരത്തിന് മുകളില്‍ വാളും പരിചയുമായി അക്കാദമിക് ഡോക്ടര്‍മാരും പാരമ്പര്യ വൈദ്യന്മാരും

Published

|

Last Updated

കല്‍പ്പറ്റ: ആയുര്‍വേദ ചികിത്സക്കുള്ള യോഗ്യതയെച്ചൊല്ലി വാളും പരിചയുമേന്തി അക്കാദമിക് ഡോക്ടര്‍മാരും പാരമ്പര്യ വൈദ്യന്മാരും. യഥാക്രമം ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടേയും കേരള സംസ്ഥാന അഖില പാരമ്പര്യ വൈദ്യ ഫെഡറേഷന്റേയും പിന്നില്‍ അണിനിരന്നാണ് ചികിത്സകരുടെ പോര്. അംഗീകൃത വിദ്യാഭ്യാസ യോഗ്യതയില്ലാതെ ആയുര്‍വേദ ചികിത്സകരെ മെഡിക്കല്‍ അസോസിയേഷന്‍ വ്യാജരെന്ന് മുദ്രകുത്തുമ്പോള്‍ ഫെഡറേഷന്‍ ഉയര്‍ത്തുന്നത് അണ്ടിയോ മാങ്ങയോ മൂത്തത് എന്ന ചോദ്യം.
പാരമ്പര്യത്തിന്റെ പേരില്‍ ആയുര്‍വേദ ചികിത്സ നടത്തുന്ന അയോഗ്യരുടെ കട്ടയുംപടവും മടക്കണമെന്ന വാശിയിലാണ് മെഡിക്കല്‍ അസോസിയേഷനില്‍ അംഗങ്ങളായ പ്രാക്ടീഷണര്‍മാര്‍. മുക്കിലും മൂലയിലും സ്ഥാപനങ്ങള്‍ തുറന്ന് ഉഴിച്ചിലും പിഴിച്ചിലുമടക്കം നടത്തുന്ന വ്യാജചികിത്സകര്‍ തങ്ങളുടെ വയറ്റത്തടിക്കുകയാണെന്ന പരിഭവവും പാടുപെട്ട് ഡിപ്ലോമയും ഡിഗ്രിയുമെടുത്ത പ്രാക്ടീഷണര്‍മാര്‍ക്കുണ്ട്.
എന്നാല്‍ അക്കാദമിക് ഡോക്ടര്‍മാര്‍ അത്രകണ്ടു ഞെളിയേണ്ടെന്ന നിലപാടിലാണ് പാരമ്പര്യത്തില്‍ കാലുകള്‍ ഊന്നിനില്‍ക്കുന്നവര്‍. ആയുര്‍വേദ ശാസ്ത്രത്തിനും ഗുരുകുല പാരമ്പര്യ ചികിത്സാ സമ്പ്രദായത്തിനും ആയ്യായിരത്തിലേറെ വര്‍ഷത്തെ പഴക്കമുള്ളപ്പോള്‍ അക്കാദമിക് രീതിയില്‍ ആയുര്‍വദം അഭ്യസിപ്പിക്കാന്‍ തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ട് തികഞ്ഞിട്ടില്ലെന്ന് അവര്‍ പറയുന്നു. അക്കാദമിക് രീതിയിലെ ആയുര്‍വേദാഭ്യസനത്തിനു പാഠ്യപദ്ധതി തയാറാക്കിയതും പ്രഥമ ബാച്ചിനു വിദ്യ പകര്‍ന്നുകൊടുത്തതും തങ്ങളുടെ പൂര്‍വികരാണെന്ന് പാരമ്പര്യവൈദ്യന്മാര്‍ മേളം കൊട്ടുന്നു.
ആയൂര്‍വേദത്തിലെ അക്കാദമിക്, പാരമ്പര്യ വൈദ്യന്മാര്‍ പതിറ്റാണ്ടുകളായി തുടരുന്ന വെട്ടിനും തടവിനും വയനാട്ടില്‍ ഏതാനും ആഴ്ചകളായി കരുത്ത് കൂടിയിട്ടുണ്ട്. ആയുര്‍വേദ, അലോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് പാരമ്പര്യ ചികിത്സാലയങ്ങളില്‍ നടത്തിയ പരിശോധനക്ക് പിന്നാലെയാണ് അങ്കം മുറുകിയത്. യോഗ്യതയുള്ള ചികിത്സകരില്ലെന്ന് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയ പരിശോധകര്‍ വ്യാജ ചികിത്സയുടെ പേരില്‍ നിയമനടപടിയും ശിപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ക്ക് എത്തിക്കാനും അവര്‍ മറന്നില്ല.
തൊട്ടുകളിച്ചത് പാരമ്പര്യവൈദ്യത്തെ അല്ലെന്നാണ് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി വിനോദ്ബാബുവിന്റെ വാദം. തിരുവനന്തപുരത്തെ തിരുവതാംകൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത യോഗ്യതയില്ലാത്തവര്‍ ജില്ലയില്‍ ആയുര്‍വേദ ചികിത്സാലയങ്ങള്‍ നടത്തുന്നുണ്ടോയെന്നാണ് പരിശോധിച്ചതെന്ന് അദ്ദേഹം പറയുന്നു.
പാരമ്പര്യത്തിന്റെ പേരുപറഞ്ഞ് ചുരത്തിനു മുകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ 150ലേറെ സ്ഥാപനങ്ങളില്‍ ചികിത്സകന്റെ കസേരയിലിരിക്കുന്നത് യോഗ്യതയില്ലാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു.”ആയുര്‍വേദ സ്ഥാപനങ്ങളില്‍ സഹായികളായി പ്രവര്‍ത്തിച്ചിരുന്നവരും മരുന്നുകള്‍ എടുത്തുകൊടുത്തിരുന്നവരുമാണ് പല സ്ഥാപനങ്ങളിലും ചികിത്സകരുടെ വേഷത്തില്‍. പാരമ്പര്യ വൈദ്യന്മാര്‍ ചമയുന്നവരില്‍ പഴയ റബ്ബര്‍ വെട്ടുകാരും പെയിന്റര്‍മാരും പോലും ഉണ്ട്. ഉഴിച്ചില്‍, പിഴിച്ചില്‍, തിരുമ്മല്‍ സൗകര്യം അവകാശപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മിക്കതിലും യോഗ്യതയുള്ള ചികിത്സകരില്ല. എന്തെങ്കിലും അപകടം പിണഞ്ഞാല്‍ റിസ്‌ക് ആര്‍ എറ്റെടുക്കുമെന്ന ചോദ്യത്തിനു ഹോട്ടല്‍, റിസോര്‍ട്ട് നടത്തിപ്പുകാര്‍ക്ക് മറുപടിയില്ല. പാരമ്പര്യത്തിന്റെ പേരില്‍ തുറന്ന ആയുര്‍വേദ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നല്ല പറയുന്നത്. നടത്തിപ്പുകാര്‍ യോഗ്യതയുള്ള ചികിത്സകരെ സ്ഥാപനങ്ങളില്‍ നിയമിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. രാജ്യത്ത് ആയുര്‍വേദ ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞു.ഈ കോഴ്‌സുകളില്‍ പ്രവേശനം നേടാനുള്ള വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണ് പാരമ്പര്യം പറഞ്ഞ് വ്യാജ ചികിത്സ നടത്തുന്നവരില്‍ ഏറെയും.”-ഡോ.വിനോദ്ബാബു പറഞ്ഞു. യഥാര്‍ഥ പാരമ്പര്യം അവകാശപ്പെടാന്‍ യോഗ്യതയുള്ള വൈദ്യന്മാരില്‍ ജീവിച്ചിരിക്കുന്നവര്‍ കേരളത്തില്‍ നാമമാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലബാര്‍ മേഖലയില്‍ ചികിത്സ നടത്താന്‍ ആരോഗ്യ വകുപ്പ് അനുവദിച്ചവരെയാണ് അക്കാദമിക് ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍നിന്നു സമ്പാദിച്ച സ്റ്റേയുടെ മറവില്‍ വ്യാജരെന്ന് മുദ്രകുത്തി സമൂഹമധ്യത്തില്‍ താറടിക്കാന്‍ ശ്രമിക്കുന്നതെന്ന് കേരള സംസ്ഥാന അഖില പാരമ്പര്യ വൈദ്യ ഫെഡറേഷന്‍ വയനാട് ജില്ലാ പ്രസിഡന്റും കല്‍പ്പറ്റയിലെ ശിഫാ ദവാഖാന പാരമ്പര്യ ആയുര്‍വേദ, കളരിമര്‍മ ചികിത്സാലയം ഉടമയുമായ വൈദ്യന്‍ ഹാജി എ കെ ഇബ്രാഹിം ഗുരുക്കള്‍ പറഞ്ഞു.
അക്കാദമിക് ഡോക്ടര്‍മാര്‍ വ്യാജരെന്ന് ആക്ഷേപിക്കുന്ന പാരമ്പര്യ ചികിത്സകര്‍ക്ക് നിമയപരിരക്ഷ നല്‍കാതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ദീര്‍ഘകാലമായി പ്രാക്ടീസ് ചെയ്യുന്ന അംഗീകൃത വിദ്യാഭ്യാസ യോഗ്യതയില്ലാത്ത പാരമ്പര്യ ആയുര്‍വേദ വൈദ്യന്മാരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് രജിസ്‌ട്രേഷന്‍ എടുക്കണമെന്ന വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കി 2011 ഫെബ്രുവരി 21ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവായതാണ്. 1953ലെ തിരു-കൊച്ചി മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് നിയമത്തിലെ 38-ാം വകുപ്പിന്റെ ചുവടുപിടിച്ചുള്ള ഈ ഉത്തരവ് 2011 ജനുവരി ഒന്നിന് 20 വര്‍ഷത്തെ പ്രാക്ടീസ് പൂര്‍ത്തിയാക്കയവര്‍ക്ക് ബാധകമായിരുന്നു. ഇത്രയും കാലത്തെ ചികിത്സാ പാരമ്പര്യമുള്ളവര്‍ അതത് പ്രദേശത്തെ തഹസില്‍ദാര്‍മാരുടെ സാക്ഷ്യപത്രം സഹിതം രജിസ്‌ട്രേഷന് അപേക്ഷിക്കണമെന്ന് ഉത്തരവില്‍ വ്യവസ്ഥചെയ്തിരുന്നു. എന്നാല്‍ ഈ ഉത്തരവിനെക്കുറിച്ച് ആദ്യം അറിഞ്ഞ അക്കാദമിക് ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ച് പാരമ്പര്യ വൈദ്യന്മാരെ രജിസ്‌ട്രേഷനെടുക്കുന്നതില്‍നിന്നു ഒഴിവാക്കുന്നതിനെതിരേ സ്റ്റേ സമ്പാദിക്കുകയുമായിരുന്നു-കല്‍പറ്റയില്‍ കാല്‍ നൂറ്റാണ്ടായി ചികിത്സാലയം നടത്തുന്ന കോഴിക്കോട് കൂടത്തായി സ്വദേശിയായ ഗുരുക്കള്‍ പറഞ്ഞു. സ്റ്റേ നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി പരിശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാരമ്പര്യ ചികിത്സകരെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാനുള്ള അക്കാദമിക് ഡോക്ടര്‍മാരുടെ ശ്രമം വിലപ്പോകില്ലെന്ന് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറിയും മാനന്തവാടിയിലെ എം പി ആയുര്‍വേദ മര്‍മചികിത്സാലയം ഉടമയുമായ എം എ അഗസ്റ്റിന്‍ വൈദ്യര്‍ പറഞ്ഞു. “വൈദ്യന്റെ ചികിത്സാവൈഭവത്തെ രോഗികള്‍ അനുഭവങ്ങളിലൂടെയാണ് തിരിച്ചറിയുന്നത്.
അംഗീകൃത യോഗ്യതയുള്ളവര്‍ വ്യാജമെന്ന് പരിഹസിക്കുന്ന വൈദ്യാലയങ്ങള്‍ക്ക് മുന്നിലാണ് രോഗികളുടെ നീണ്ടനിര. സിദ്ധാന്തങ്ങളെ ആശ്രയിച്ചല്ല പാരമ്പര്യ വൈദ്യം. പ്രായോഗികതയില്‍ അധിഷ്ഠിതമാണത്. ലക്ഷോപലക്ഷം ആളുകളുടെ രോഗശാന്തിക്ക് ഇതിനകം പ്രയോജനപ്പെട്ട പാരമ്പര്യവൈദ്യത്തെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുയം ചെയ്യേണ്ടതുണ്ട്. പാരമ്പര്യ വൈദ്യത്തിനെതിരായ നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് ഐ എന്‍ ടി യു സി അഫിലിയേഷനുള്ള ഫെഡറേഷന്റെ തിരുമാനം. ആധുനിക വൈദ്യം മഹത്തരവും മറ്റെല്ലാം അനാവശ്യമാണെന്നുമുള്ള പ്രചാരണം നിരാകരിക്കപ്പെടേണ്ടതുണ്ട്-അഗസ്റ്റിന്‍ വൈദ്യര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest