Connect with us

Kozhikode

ദക്ഷിണ പൂര്‍വേഷ്യയില്‍ ഇന്ത്യാവത്കരണമുണ്ടെന്ന അഭിപ്രായം തെറ്റ്: ഉപീന്ദര്‍ സിംഗ്

Published

|

Last Updated

കോഴിക്കോട്: ദക്ഷിണ പൂര്‍വേഷ്യയില്‍ ഇന്ത്യാവത്കരണം ഉണ്ടെന്ന ചില ചരിത്രകാരന്‍മാരുടെ അഭിപ്രായം തെറ്റാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മകളും ഡല്‍ഹി സര്‍വകലാശാല ചരിത്ര വിഭാഗം പ്രൊഫസറുമായ ഉപീന്ദര്‍ സിംഗ്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സ്വാധീനം ദക്ഷിണപൂര്‍വേഷ്യയില്‍ ഏറെയുണ്ടെങ്കിലും അത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആവര്‍ത്തനമല്ല. സ്വന്തം സംസ്‌കാരത്തില്‍ നിന്നുകൊണ്ട് തന്നെ നമ്മുടെ സംസ്‌കാരത്തിന്റെ ചിലത് അവര്‍ സ്വീകരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ കാര്യമായ പഠനങ്ങള്‍ നടക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രോവിഡന്‍സ് കോളജില്‍ നടന്ന രണ്ടാമത് അന്താരാഷ്ട്ര കേരള ചരിത്ര സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു ഉപീന്ദര്‍ സിംഗ്.
പരിപാടിയോടനുബന്ധിച്ച് ഫാ. ജോണ്‍ മണ്ണാറത്തറ എഡിറ്റ് ചെയ്ത ഇംഗ്ലീഷ് ലേഖന സമാഹാരം “ദി ലൈഫ് ആന്‍ഡ് ലെജസി ഓഫ് സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ” ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ ഡോ. മാര്‍ഗരറ്റ് ഫ്രണ്ട്‌സിന് നല്‍കി പ്രകാശനം ചെയ്തു. ഡോ. കെ എന്‍ പണിക്കരുടെ സാംസ്‌കാരിക ഭൗതികവാദം എന്ന പുസ്തകം ഉപീന്ദര്‍ സിംഗ് പ്രൊഫ. കെ ഗോപാലന്‍കുട്ടിക്കു നല്‍കി പ്രകാശനം ചെയ്തു. എം ആര്‍ രാഘവവാരിയരുടെ മധ്യകാല കേരളം സ്വരൂപനീതിയുടെ ചരിത്രപാഠങ്ങള്‍ എന്ന പുസ്തകം എം ജി എസ് നാരായണന്‍ കേശവന്‍ വെളുത്താട്ടിനു നല്‍കി പ്രകാശനം ചെയ്തു. പ്രൊഫ. കെ കെ എന്‍ കുറുപ്പ്, ഡോ. പി ശിവദാസന്‍, പ്രഫ. ഗ്ലാഡിസ് ഐസക്, ഡോ.കെ എം ഷീബ, ഡോ. സൂസന്‍ തോമസ്, രേഷ്മ ഭരദ്വാജ് ക്ലാസെടുത്തു. സെമിനാര്‍ ഇന്ന് സമാപിക്കും.