ഇരുവഴിഞ്ഞിപ്പുഴ മലിനീകരണം: ഗൃഹസമ്പര്‍ക്ക യാത്ര തുടങ്ങി

Posted on: November 16, 2014 11:09 am | Last updated: November 16, 2014 at 11:09 am

മുക്കം: ഇരുവഴിഞ്ഞി എന്റെ നദി എന്റെ ജീവന്‍ എന്ന സന്ദേശവുമായി ഇരുവഴിഞ്ഞി കര്‍മസമിതിയുടെ ഗൃഹസമ്പര്‍ക്ക യാത്രക്ക് കൊടിയത്തൂര്‍ 13 ാം വാര്‍ഡിലെ ചാലക്കല്‍ പ്രദേശത്ത് തുടക്കമായി.
പുഴ സംരക്ഷണത്തിനായി ആറ് ഗ്രാമപഞ്ചായത്തുകളിലാണ് യാത്ര സംഘടിപ്പിക്കുന്നത്. പ്രാദേശിക കര്‍മസമിതികളുടെ നേതൃത്വത്തിലാണ് യാത്ര. പുഴയുടെ മലിനീകരണം തടയുന്നതിനായി കര്‍മ സമിതി നടത്തുന്ന പദ്ധതികളുടെ മൂന്നാം ഘട്ടമാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനബ ചാലില്‍ ഉദ്ഘാടനം ചെയ്തു. പുഴയുടെ പരിസര വാസികളെ പുഴയുടെ കാവലാളുകളാക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ബോധവത്കരണ ബ്രോഷര്‍ പ്രകാശനം ചെയ്തു. വാര്‍ഡ് അംഗം എന്‍ കെ അശ്‌റഫ്, കര്‍മസമിതി ചെയര്‍മാന്‍ കെ ഹസന്‍കുട്ടി, കണ്‍വീനര്‍ പി കെ ഫൈസല്‍, റസാഖ് വഴിയോരം, ടി അഹ്മദ്, എ കെ ഫിര്‍ദൗസ്, കുട്ടിഹസന്‍ എ കെ, റിയാസ് ചാലക്കല്‍, വി അബ്ദുര്‍റശീദ്, സലാം കണക്കഞ്ചേരി നേതൃത്വം നല്‍കി.