Connect with us

Kozhikode

വിവരാവകാശ മറുപടിക്കെതിരെ യു ഡി എഫ്

Published

|

Last Updated

പേരാമ്പ്ര: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും ഫണ്ട് ഉപയോഗപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ സുഭിക്ഷാ പദ്ധതിയുടെ രേഖകള്‍ ലഭ്യമല്ലെന്ന വിവരാവകാശ മറുപടി വിവാദമാകുന്നു.
ചെറുവണ്ണൂര്‍ പഞ്ചായത്ത് യു ഡി എഫ് കണ്‍വീനര്‍ വിവരാവകാശ നിയമ പ്രകാരം ഉന്നയിച്ച 17 ചോദ്യങ്ങളില്‍ എട്ടെണ്ണവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു മറുപടി ബ്ലോക്ക് പഞ്ചായത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയതെന്നാണ് ആക്ഷേപം. ദാരിദ്ര്യരേഖക്കു കീഴില്‍ വരുന്ന സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് സുഭിക്ഷാ പദ്ധതി നടപ്പാക്കിയത്. 2005ല്‍ പദ്ധതി നിയമപരമായി പൂര്‍ത്തിയായിരുന്നു. തുടര്‍ന്നുള്ള നിര്‍വഹണാനന്തര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സൊസൈറ്റി രൂപവത്കരിക്കണമെന്ന പ്രൊജക്ട് നിര്‍ദേശം ലംഘിച്ച് ചുമതല സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി എന്ന സ്വകാര്യ സ്ഥാപനത്തിന് കൈമാറിയതുമായി ബന്ധപ്പെട്ടതും മറ്റുമായ ചോദ്യങ്ങള്‍ക്കാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അവ്യക്തമായ മറുപടി നല്‍കിയിരിക്കുന്നതെന്ന് യു ഡി എഫ് ആരോപിച്ചു.
സുഭിക്ഷയുടെ നിര്‍വഹണാനന്തര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പേരാമ്പ്ര ബ്ലോക്ക്പഞ്ചായത്തും സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസിംഗ് കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിലെ ആര്‍ട്ടിക്കിള്‍1.10.8.8 വ്യവസ്ഥകള്‍ പ്രകാരം ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഴുവന്‍ വിവരങ്ങളും ബ്ലോക്ക് പഞ്ചായത്തിന് കൈമാറേണ്ടതാണ്. ആവശ്യമായ ഘട്ടത്തില്‍ രേഖകള്‍ ചോദിച്ചുവാങ്ങാന്‍ ബ്ലോക്ക് പഞ്ചായത്തിന് അധികാരമുണ്ടെന്നിരിക്കെ ഇതിനുള്ള യാതൊരുനീക്കവും നടത്താതെ വിവരാവകാശമനുസരിച്ച് നല്‍കുന്ന അപേക്ഷക്ക് അവ്യക്തവും അപൂര്‍ണവുമായി മറുപടി നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു.
സുഭിക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഫയലുകളും സ്വകാര്യ കമ്പനിയായ സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ കൈവശമാണുള്ളത്. പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതു സംബന്ധമായ രേഖകള്‍ ആരോപണ വിധേയമായ കമ്പനി കൈവശം വെക്കുന്നത് ശരിയായ നടപടിയല്ലെന്നും യു ഡി എഫ് നേതാക്കള്‍ പറയുന്നു. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്ത വിഷയത്തില്‍ ബ്ലോക്ക് പഞ്ചായത്തിനെതിരെ വിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം കെ സുരേന്ദ്രന്‍ അറിയിച്ചു.