വളളിക്കുന്നില്‍ സി പി എം വിട്ട് ഒരു വിഭാഗം സിപി ഐയിലേക്ക്

Posted on: November 16, 2014 10:55 am | Last updated: November 16, 2014 at 10:55 am

cpm and cpiതേഞ്ഞിപ്പലം: വളളിക്കുന്ന് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ സി പി എമ്മില്‍ നിന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സി പി ഐയിലേക്ക് കുടിയേറുന്നു. ബ്രാഞ്ചു സമ്മേളനങ്ങളിലാണ് നേരത്തെ തന്നെ ഉണ്ടായിരുന്ന വിഭാഗീയത മറനീക്കി പുറത്ത് വന്നിരിക്കുന്നത്.
ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് ഭരിച്ചിരുന്ന യു ഡി എഫ് ഭരണ സമിതിയെ അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ യു ഡി എഫ് വിമതരെ പിന്തുണച്ച ലോക്കല്‍ കമ്മിറ്റിയുടെ നിലപാടില്‍ പൂര്‍വകാല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഏറെ അമര്‍ഷമുണ്ടായിരുന്നിട്ടും ഏകാധിപത്യ നിലപാടോടുകൂടി ലീഗ് -കോണ്‍ഗ്രസ് വിമതരെ പിന്തുണക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്തിന്റെ ഭരണം യു ഡി എഫ് വിമതരെ ഏല്‍പിക്കാന്‍ ഏറെ പാടുപെട്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യു ഡി എഫ് വിമതരുമായി നിരന്തരം ചര്‍ച്ച ചെയ്തിട്ടും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം പോലും തേടിയിരുന്നില്ല. പാര്‍ട്ടിയിലെ വിവിധ കോണുകളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവര്‍ത്തകരെ ഒന്നിപ്പിക്കുന്നതിന് പകരം വിഭാഗീയത സൃഷ്ടിക്കുകയാണ് ചെയ്തതെന്നും ആക്ഷേപമുയരുകയുണ്ടായി.
14 വര്‍ഷത്തെ ഗ്രാമപഞ്ചായത്തിന്റെ യു ഡി എഫ് ഭരണത്തിന്റെ കോട്ടങ്ങള്‍ എടുത്തുകാട്ടി അടുത്ത തിരഞ്ഞെടുപ്പിലൂടെ ഗ്രാമപഞ്ചായത്തിന്റെ ഭരണം നേടിയെടുക്കുന്നതിന് പകരം അവസാന സമയത്ത് യു ഡി എഫ് വിമതരെ കൂട്ടുപിടിച്ച് ജനകീയ വികസന സമിതിയെന്ന പേരില്‍ തട്ടിക്കൂട്ട് ഭരണസമിതിയുണ്ടാക്കി വരും കാലത്തെ ഭരണത്തിനുളള അവസരം നഷ്ടപെടുത്തുകയായിരുന്നു.
കൂടാതെ കൂറുമാറ്റ നിരോധനത്തിലൂടെ യു ഡി എഫ് വിമതര്‍ പുറത്തായാല്‍ ഗ്രാമ പഞ്ചായത്തില്‍ നിലനില്‍ക്കാന്‍ സാധ്യതയുളള ഭരണ പ്രതിസന്ധിക്ക് മുന്നില്‍ ജനങ്ങളോട് പാര്‍ട്ടി മറുപടി പറയേണ്ടി വരുമെന്നും സി പി എം വിട്ട് സി പി ഐയില്‍ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ബാലദാസനും സഹപ്രവര്‍ത്തകരും ആരോപിക്കുന്നു. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതില്‍ ബാലദാസനെ സി പി എമ്മില്‍ നിന്ന് പുറത്താക്കിയതാണെന്നാണ് സി പി എം നേതൃത്വം പറയുന്നത്.
അതേസമയം തിരഞ്ഞെടുപ്പിനെ പോലും രാഷ്ട്രീയ സമരമായി കാണണമെന്ന പാര്‍ട്ടി കാഴ്ച്ചപാട് ആര്‍ക്കോ വേണ്ടി പണയപ്പെടുത്തി ഇടക്കാലത്ത് നടന്ന ചേലേമ്പ്ര സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പില്‍ ലീഗ് വിമതര്‍ക്ക് വേണ്ടി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പോലും പിന്‍വലിച്ച നേതൃത്വ നടപടിയില്‍ അന്ന് തന്നെ പാര്‍ട്ടി വേദികളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. തെറ്റ് തിരുത്തുന്നതിന് പകരം തെറ്റ് ചൂണ്ടി കാട്ടിയ പാര്‍ട്ടി പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തുകയായിരുന്നുവത്രെ.
കൂടാതെ ലീഗ് നേതൃത്വത്തിലുണ്ടായിരുന്ന അല്‍അമീന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ കോടികള്‍ അഴിമതി നടത്തിയിട്ടും ചേലേമ്പ്ര സര്‍വീസ് സഹകരണ ബേങ്ക് മുന്‍കാല ഭരണസമിതിയുടെ കാലത്ത് ബേങ്കിന്റെ മരണപ്പെട്ട മെമ്പര്‍മാരുടെ ലാഭ വിഹിതം നോമിനികള്‍ അറിയാതെ പിന്‍വലിച്ചതു സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ പ്രശ്‌നമായി ഏറ്റെടുക്കുന്നതിന് പകരം ഒതുക്കി തീര്‍ക്കാന്‍ മുന്‍കയ്യെടുത്തത് സിപിഎം ലോക്കല്‍ കമ്മിറ്റിയായിരുന്നുവെന്നും പറയപ്പെടുന്നു.
ഇത്തരം അഴിമതി കൂട്ട് നേതൃത്വത്തിനെ അംഗീകരിക്കാന്‍ യഥാര്‍ഥ കമ്മ്യൂനിസ്റ്റുകാരന് കഴിയില്ല എന്ന മനസ്സിലാക്കിയാണ് സി പി എം വിട്ട് സി പി ഐ യില്‍ സജീവമാവുന്നതെന്ന് ചേലേമ്പ്രയില്‍ നിന്ന് സി പി എം വിട്ടവര്‍ പറഞ്ഞു. അതേസമയം സി ഐ ടി യു ജില്ലാ സെക്രട്ടറിയും ഏരിയാ നേതാവുമായ കെ പി ബാലകൃഷ്ണനെ സി പി എമ്മില്‍ നിന്നും പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് മൂന്നിയൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി പി എം വിമതരുടെ ഫഌക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. സസ്‌പെന്‍ഡ് ചെയ്ത നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമയാണ് ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം സി പി എമ്മിലെ കെ പി ബാലകൃഷ്ണനെ അനുകൂലിക്കുന്ന വിഭാഗം ഉണ്ടാക്കിയ ചെഗുവേര കള്‍ച്ചറല്‍ ഫോറത്തിന്റെ പേരിലാണ് ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
വളളിക്കുന്ന് മണ്ഡലത്തില്‍ പാര്‍ട്ടി പ്രാദേശിക നേതാക്കളില്‍ ചിലര്‍ക്കെതിരെ സി പി എം സ്വീകരിച്ച നടപടി ചോദ്യം ചെയ്ത് നിരവധി പ്രവര്‍ത്തകര്‍ സി പി ഐയില്‍ സജീവമായതായാണ് അറിയുന്നത്.