Connect with us

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ നേരിയ കുറവ്

Published

|

Last Updated

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 141 അടിയായാണ് കുറഞ്ഞത്. 141.2 അടി ആയിരുന്നു ഇന്നലത്തെ ജലനിരപ്പ് സെക്കന്റില്‍ 1531 ഘനയടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലെത്തുന്നത്. എന്നാല്‍ പെരിയാര്‍ തീരവാസികളെ ഒഴിപ്പിക്കാനുളള സര്‍ക്കാറിന്റെ ശ്രമം വിഫലമായി. പീരുമേട് താലൂക്കിലെ വള്ളക്കടവ് മുതല്‍ ചപ്പാത്ത് വരെയുളള 129 കുടുംബങ്ങളോട് മാറിതാമസിക്കാന്‍ ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം നേരിട്ടെത്തി നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മേഖലയില്‍ തുറന്ന പതിമൂന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ട് എ ഡി എമ്മിനെ പ്രദേശവാസികള്‍ തടയുകയും ചെയ്തു.

തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് തേനി, ഇടുക്കി ജില്ലാ കലക്ടര്‍മാര്‍ക്ക് രണ്ടാം ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം, മുല്ലപ്പെരിയാര്‍ നിറയുന്നതിന്റെ ആഹ്ലാദത്തില്‍ തമിഴ്‌നാട്ടിലെ കമ്പത്തും ഉത്തമപാളയത്തും മധുരം വിതരണം ചെയ്തു.
അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകീട്ട് 141.2 അടിയായി ഉയര്‍ന്നിട്ടും കൂടുതല്‍ വെള്ളം കൊണ്ടുപോയി ജലനിരപ്പ് താഴ്ത്താന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല. സെക്കന്‍ഡില്‍ രണ്ടായിരം ഘനയടിയിലധികം വെള്ളം മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലേക്ക് ഒഴുക്കാമെന്നിരിക്കെ 750 ഘനയടി മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. മഴ കുറഞ്ഞെങ്കിലും ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ സെക്കന്‍ഡില്‍ 3,300 ഘനയടിയോളം വെള്ളം മുല്ലപ്പെരിയാറിലേക്ക് എത്തുന്നുണ്ട്. 72 അടി സംഭരണശേഷിയുളള വൈഗ അണക്കെട്ടില്‍ 50.5 അടി വെള്ളം മാത്രമേയുള്ളൂ. ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് കേരളം വീണ്ടും സുപ്രീം കോടതിയിലെത്തുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി അനുവദിച്ച 142 അടി വെള്ളം സംഭരിച്ചാലും മുല്ലപ്പെരിയാര്‍ സുരക്ഷിതമെന്ന് തെളിയിക്കുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.
ഇന്നലെ ഉച്ചയോടെയാണ് ജലനിരപ്പ് 141 അടിയായത്. തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്‌നാട് പൊതുമരാമത്ത് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ തേനി, ഇടുക്കി ജില്ലാ കലക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കുമളിയില്‍ എ ഡി എം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയെന്ന് അറിയിച്ചിരുന്നുവെങ്കിലും വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനുള്ള നടപടികള്‍ പോലും ഏര്‍പ്പെടുത്തിയില്ല. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് വള്ളക്കടവിലെത്തിയ എം ഡി എം. വി ആര്‍ മോഹനന്‍ പിള്ള ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാര്‍ തിരിയുകയായിരുന്നു.
സ്ഥിതിഗതികള്‍ യഥാസമയം കൈമാറുന്നതിനായി ജലവിഭവ വകുപ്പ് നൂറോളം ഉദ്യോഗസ്ഥരെ അണക്കെട്ടില്‍ നിയോഗിച്ചു. അവിടെ താമസ സൗകര്യമില്ലാത്തതിനാല്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ വൈകീട്ടോടെ അണക്കെട്ടില്‍ നിന്ന് തിരികെയെത്തി. ജലനിരപ്പ് 142 അടിയിലെത്തുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനായി അണക്കെട്ടില്‍ തമിഴ്‌നാട് അലാറം സ്ഥാപിച്ചു. പതിമൂന്നാം നമ്പര്‍ ഷട്ടറിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമവും തമിഴ്‌നാട് തുടരുകയാണ്.
ഓരോ അരമണിക്കൂറിലും ജില്ലാ ഭരണകൂടം സ്ഥിതിഗതി വിലയിരുത്തുന്നുണ്ട്. മാറ്റിപ്പാര്‍പ്പിക്കേണ്ട പ്രായമായവര്‍, വികലാംഗര്‍ എന്നിവരെ സംബന്ധിച്ചുള്ള കണക്കെടുപ്പ് ചുമതലക്കാരായ ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. എ ഡി എം അടങ്ങുന്ന സംഘം പ്രശ്‌നബാധിതമെന്ന് പരിഗണിക്കപ്പെടുന്ന വില്ലേജുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പെരിയാര്‍ തടങ്ങളിലെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരുടെ ഹാജര്‍ നില രണ്ട് മണിക്കൂര്‍ ഇടവിട്ട് പരിശോധിക്കുന്നുണ്ട്.
പ്രത്യേകം വൈദ്യുതീകരണം നടത്തിയ പ്രദേശങ്ങളില്‍ പ്രകാശ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ടിപ്പര്‍, ജെ സി ബി, ക്രെയിന്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. അറുപത് അസ്‌കാ ലൈറ്റുകളും സജ്ജീകരിച്ചു. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഇരുനൂറംഗ പോലീസ് സംഘവും മുപ്പതോളം അഗ്നിശമന സേനാംഗങ്ങളും ജാഗരൂകരായി നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സേവനവും തേടും.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയെത്തിയാല്‍ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കര്‍ഷകരുടെ ആഹ്ലാദ സംഗമം കേരള അതിര്‍ത്തിയിലെ ലോവര്‍ ക്യാമ്പില്‍ നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.