Connect with us

National

ഭോപ്പാല്‍ വാതക ഇരകള്‍ നിരാഹാര സമരം അവസാനിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അധിക നഷ്ടപരിഹാരം നല്‍കാമെന്നും മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ഉറപ്പ് ലഭിച്ചതോടെ ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ ഡല്‍ഹിയില്‍ നടത്തിവന്ന പ്രതിഷേധ പരിപാടി അവസാനിപ്പിച്ചു. ദുരന്തത്തെ അതിജീവിച്ച അഞ്ച് സ്ത്രീകളും അവരെ പിന്തുണക്കുന്നവരുമാണ് കഴിഞ്ഞ പത്താം തീയതി മുതല്‍ ജന്തര്‍മന്ദറില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നത്. രാസ, വളം മന്ത്രി ആനന്ദ് കുമാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
അധിക നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്നും കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും ശരിയായ എണ്ണം പുറത്തുവിടണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. ഇതുകാണിച്ച് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹരജി നല്‍കിയിരുന്നു. മെഡിക്കല്‍ റിസര്‍ച്ചിന്റെയും ആശുപത്രി റെക്കോര്‍ഡുകളുടെയും അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നിശ്ചയിക്കണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചതായി ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിള സ്റ്റേഷനറി കര്‍മചാരി സംഘ് പ്രസിഡന്റ് റാശിദ ബീ പറഞ്ഞു. അഞ്ച് സ്ത്രീകളും വെള്ളം പോലും കുടിക്കാതെയാണ് നാല് ദിവസമായി നിരാഹാര സമരം നടത്തിയത്.
ശാസ്ത്രീയ ഗവേഷണത്തിന്റെയും ആശുപത്രി റെക്കോര്‍ഡുകളുടെയും അടിസ്ഥാനത്തില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം കൂട്ടിച്ചേര്‍ത്ത് തിരുത്തല്‍ ഹരജി പരിഷ്‌കരിക്കുമെന്ന് മന്ത്രി അറിയിച്ചതായി ഭോപ്പാല്‍ ഗ്യാസ് പീഡിത് നിരാശ്രിത് പെന്‍ഷന്‍ ഭോഗി സംഘര്‍ഷ് മോര്‍ച്ച നേതാവ് ബാലകൃഷ്ണ നമേദോ പറഞ്ഞു. പരിഷ്‌കരിച്ച തിരുത്തല്‍ ഹരജി അടിയന്തരമായി വാദം കേള്‍ക്കലിന് പരിഗണിക്കാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest