ഫിലെ ലാന്‍ഡര്‍ കൂടുതല്‍ ചിത്രങ്ങളെടുത്തു

Posted on: November 15, 2014 10:44 pm | Last updated: November 15, 2014 at 10:44 pm

phile landerലണ്ടന്‍: വാല്‍ നക്ഷത്രത്തില്‍ ഇറങ്ങിയ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ)യുടെ ഫിലേ ലാന്‍ഡര്‍ നിര്‍ണായകമായ നീക്കങ്ങള്‍ നടത്തിയതായി ശാസ്ത്ര വൃത്തങ്ങള്‍ അറിയിച്ചു. ചൂര്യമോവ് -ഗരാസിമെങ്കോ വാല്‍ നക്ഷത്രത്തിന്റെ ഉപരിതലത്തില്‍ കറങ്ങാനും തുരക്കാനും ലാന്‍ഡറിന് സാധിച്ചുവെന്ന് ഇസ അറിയിച്ചു. അത്യന്തം അപകടകരമായിരുന്നു രണ്ട് നീക്കങ്ങളും. ഇത്തരം ചലനങ്ങള്‍ നടക്കുമ്പോള്‍ ലാന്‍ഡര്‍ മറിഞ്ഞ് വീഴാനും പ്രവര്‍ത്തന രഹിതമാകാനും സാധ്യതയേറെയായിരുന്നു. പ്രാഥമിക ബാറ്ററിയുടെ പവര്‍ അവസാനിച്ചതോടെ ലാന്‍ഡര്‍ ഇപ്പോള്‍ സൗര പാനലുകളെയാണ് ഊര്‍ജത്തിനായി ഉപയോഗിക്കുന്നത്.
ബുധനാഴ്ച രാത്രി 9.35ഓടെ വാല്‍നക്ഷത്രത്തിലിറങ്ങിയ ഫിലേ പേടകം വെള്ളിയാഴ്ച രാത്രി കൂടുതല്‍ ഡാറ്റ ഭൂമിയിലേക്ക് അയച്ചതായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ) അറിയിച്ചിരുന്നു. പേടകത്തിലെ ബാറ്ററി തീരുകയും അത് സ്റ്റാന്‍ഡ്‌ബൈ മോഡിലേക്ക് മാറുകയും ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഡാറ്റ അയച്ചത്. പേടകം അയക്കുമെന്ന് കരുതിയ മുഴുവന്‍ വിവരങ്ങളും ലഭിച്ചതായാണ് റിപ്പോര്‍ട്ട്.