Connect with us

Kasargod

ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാകുന്നു

Published

|

Last Updated

കാസര്‍കോട്: ദേശീയപാതയിലെ അപകടകകുഴികള്‍ കുരുതിക്കളമാകുന്നു. ഇതുമൂലം അപകടങ്ങളും പതിവാകുന്നു. കാസര്‍കോട് കറന്തക്കാട് മുതല്‍ തലപ്പാടി വരെയുള്ള ദേശീയപാതയിലാണ് ചെറുതും വലുതുമായ കുഴികള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. കുഴികള്‍ വെട്ടിക്കുന്നതിനിടയിലാണ് മിക്ക വാഹനങ്ങളും അപകടത്തില്‍ പെടുന്നത്. കുഴികള്‍ വെട്ടിച്ച് മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുന്നില്‍ വരുന്ന വാഹനങ്ങളില്‍ ഇടിക്കുകയും റോഡരികിലേക്ക് തെന്നിമറിഞ്ഞുമാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടയില്‍ ദേശീയപാതയില്‍ കാസര്‍കോടിനും തലപ്പാടിക്കുമിടയില്‍ ചെറുതും വലുതുമായ 15 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
ഇന്നലെ ദേശീയപാതയില്‍ മൊഗ്രാലിനടുത്ത പെര്‍വാഡില്‍ പെയിന്റുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് കാര്‍ ഡ്രൈവര്‍ക്കും ലോറിയിലെ ക്ലീനര്‍ക്കും ഗുരുതരമായി പരുക്കേറ്റു. രാവിലെ 6.30 മണിയോടെയാണ് അപകടം. പൂനെയില്‍നിന്നും പയ്യന്നൂരിലേക്ക് പെയിന്റുമായി പോവുകയായിരുന്ന എം എച്ച് 11 എ എല്‍ 8348 നമ്പര്‍ ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് തളങ്കര സ്വദേശിയുടെ കെ എല്‍ 14 എല്‍ 7786 ഷെവര്‍ലെ ബീറ്റ് കാറില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ മംഗലാപുരം സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ലോറി തലകീഴായി മറിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. വിവരമറിഞ്ഞെത്തിയ ഹൈവേ പോലീസാണ് ജെ സി ബി യുടെ സഹായത്തോടെ റോഡില്‍നിന്നും വാഹനങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
ചൗക്കിയിലുണ്ടായ അപകടത്തില്‍ മിയ്യപ്പദവ് സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. ചൗക്കി ജംഗ്ഷനിലുണ്ടായ അപകടത്തില്‍ കാസര്‍കോട് ഗവ. സ്‌കൂളിലെ അധ്യാപകന്‍ മൊഗ്രാലിലെ ഖാദറിന് (42) പരുക്കേറ്റു. മൊഗ്രാല്‍ കൊപ്രബസാറിലുണ്ടായ അപകടത്തില്‍ നീലേശ്വരം തൈക്കടപ്പുറം സ്വദേശിയും മംഗലാപുരത്തെ സ്വകാര്യ കോളജിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ മുസ്തഫ ഖൈസിനാണ് പരുക്കേറ്റത്.
റോഡിന്റെ വീതിക്കുറവും ഡിവൈഡറില്ലാത്തതുമാണ് ചൗക്കി ജംഗ്ഷനിലെ അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
കഴിഞ്ഞദിവസം സന്തോഷ് നഗറിലുണ്ടായ അപകടത്തില്‍ കണ്ണൂര്‍ ആലക്കോട് സ്വദേശി ഷിജോ മരണപ്പെട്ടിരുന്നു. ഈ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കുഴികള്‍ വെട്ടിക്കുന്നതിനിടയില്‍ ഇരുചക്ര വാഹനങ്ങളടക്കമുള്ള ചെറുവാഹനങ്ങളാണ് ഏറെയും അപകടത്തില്‍പെടുന്നത്.
ദേശീയപാതയിലെ അപകടക്കുഴികള്‍ നികത്തണമെന്ന ജനങ്ങളുടെയും വാഹന ഡ്രൈവര്‍മാരുടെയും ആവശ്യങ്ങള്‍ക്കു മുന്നില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന നിസ്സംഗതാ മനോഭാവം ദിനംതോറും ദേശീയപാതയെ കുരുതിക്കളമാക്കി മാറ്റുകയാണ്.

Latest