നഗര വികസനം: മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കും

Posted on: November 15, 2014 10:13 am | Last updated: November 15, 2014 at 10:13 am

കോഴിക്കോട്: നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി 26ന് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുമായി വിപുലമായ ചര്‍ച്ച നടത്തുമെന്ന് മേയര്‍ പ്രൊഫ. എ കെ പ്രേമജം.
കോര്‍പറേഷന്‍ എക്‌സ് കൗണ്‍സിലേഴ്‌സ് ഫോറം ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ സംഘടിപ്പിച്ച നഗരവികസനം ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. നഗരത്തിന് സമഗ്രമായ ഒരു മാസ്റ്റര്‍ പ്ലാന്‍ അത്യാവശ്യമാണ്. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെയും പൊതുജനത്തിന്റെയും നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി എത്രയും പെട്ടെന്ന് മാസ്റ്റര്‍പ്ലാന്‍ യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം.
കെട്ടിട നിര്‍മാണത്തിന് അനുവാദമില്ലാത്ത സ്ഥലങ്ങളില്‍ പോലും കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഉന്നത സ്വാധീനമുള്ളവര്‍ ശ്രമം നടത്തുന്ന സാഹചര്യം കോഴിക്കോട് ഉണ്ട്. നഗരസഭ അനുവാദം നല്‍കിയില്ലെങ്കില്‍ പോലും മുകളിലെ സ്വാധീനത്തില്‍ ഇവര്‍ നിര്‍മാണം നടത്തുകയാണെന്നും മേയര്‍ പറഞ്ഞു.
റീജ്യനല്‍ ടൗണ്‍പ്ലാനര്‍ കെ വി അബ്ദുല്‍ മാലിക് മുഖ്യപ്രഭാഷണം നടത്തി. ജനുവരി അവസാനത്തോടെ കോഴിക്കോടിന്റെ കരട് മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാറിന് സമര്‍പ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
കോര്‍പറേഷന്‍ എക്‌സ് കൗണ്‍സിലേഴ്‌സ് ഫോറം പ്രസിഡന്റ് എസ് വി ഉസ്മാന്‍ കോയ അധ്യക്ഷത വഹിച്ചു. പി കെ നാസര്‍ നഗര വികസനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. നിര്‍ദേശങ്ങള്‍ മേയര്‍ക്ക് സംഘടനാഭാരവാഹികള്‍ സമര്‍പ്പിച്ചു. കെ യു ആര്‍ ഡി എഫ് സി ചെയര്‍മാന്‍ കെ മൊയ്തീന്‍ കോയ, സി ഡി എ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍, അഡ്വ. എച്ച് എ മുസ്തഫ, പി മമ്മദ് കോയ പ്രസംഗിച്ചു.