ഗുജറാത്ത് കലാപത്തിലെ ഇരകളോട് മോദി മാപ്പ് പറയണം: വി എം സുധീരന്‍

Posted on: November 15, 2014 9:28 am | Last updated: November 15, 2014 at 9:28 am

VM SUDHEERANമലപ്പുറം: ഭീകരവാദത്തിനെതിരെ മ്യാന്‍മറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രാജ്യാന്തര സഹകരണം അഭ്യര്‍ത്ഥിക്കുന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് ആത്മര്‍ത്ഥതയുണ്ടെങ്കില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് രീതി ഉപേക്ഷിക്കാന്‍ തയ്യറാവണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. നെഹ്‌റു ജന്മദിനത്തോടനുബന്ധിച്ച് മലപ്പുറം ഡി സി സിയില്‍ സംസ്ഥാനതല നെഹ്‌റു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ മോചനവും സമ്പത്തിന്റെ സമീകൃതവും സമത്വ പൂര്‍ണമായ വിതരണം ഉറപ്പു വരുത്തിയ സമിശ്ര സാമ്പത്തിക നയങ്ങള്‍ നെഹ്‌റു നടപ്പിലാക്കിയത് കാരണമാണ് അടുത്ത കാലത്ത് വന്ന ലോക സാമ്പത്തിക മാന്ദ്യത്തിലും പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്.
ഇന്ത്യയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും പ്രാണവായുവായ മതേതരത്വത്തിന് വേണ്ടി നിലകൊണ്ട സമുന്നതരായ നേതാക്കള്‍ അവരുടെ ഓര്‍മകളെപോലും വികൃതമാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിന്റെ നീക്കങ്ങള്‍ അപലപനീയമാണെന്ന് വി എം സുധിരന്‍ പറഞ്ഞു. ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മന്ത്രിമാരയ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, കെ പി സി സി ഭാരവാഹികളായ കെ പി കുഞ്ഞികണ്ണന്‍, ശൂരനാട് രാജശേഖരന്‍, അഡ്വ. സജീവ് ജോസഫ്, സതീഷന്‍ പാച്ചേനി, കരകുളം കൃഷണപിള്ള പ്രസംഗിച്ചു.