റൂണിക്കിന്ന് നൂറ്‌

Posted on: November 15, 2014 9:14 am | Last updated: November 15, 2014 at 9:14 am

ROONYലണ്ടന്‍: യൂറോ 2016 യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ട് ഇന്ന് സ്ലോവേനിയയെ നേരിടാനിറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രം വെയിന്‍ റൂണിയാണ്. ഇരുപത്തൊമ്പതുകാരന്‍ തന്റെ നൂറാം രാജ്യാന്തര മത്സരം കളിക്കാനിറങ്ങുന്നു. ടീം ക്യാപ്റ്റനായ റൂണി മക്കളായ കായിക്കും ക്ലേയ്ക്കുമൊപ്പം വെംബ്ലി സ്റ്റേഡിയത്തിലെ പച്ചപ്പിലേക്ക്, ഗാലറിയുടെ ഹര്‍ഷാരവമേറ്റുവാങ്ങിക്കൊണ്ട് എത്തും. നൂറ് മത്സരങ്ങള്‍ കളിക്കുന്ന ഒമ്പതാമത്തെ ഇംഗ്ലണ്ട് താരമായി റൂണി മാറും. 125 മത്സരങ്ങള്‍ കളിച്ച ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടനാണ് മുന്നിലുള്ളത്. പരുക്കും ഫോമും ചതിച്ചില്ലെങ്കില്‍ റൂണിക്ക് ഷില്‍ട്ടനെ പിന്തള്ളാനായേക്കും. ബോബി ചാള്‍ട്ടന്റെ പേരിലുള്ള 49 ഗോളുകളുടെ റെക്കോര്‍ഡിലേക്ക് റൂണിക്കിനി വേണ്ടത് ആറ് ഗോളുകള്‍ കൂടി.
റെക്കോര്‍ഡുകള്‍ മെച്ചപ്പെടുത്തുമ്പോഴും ദേശീയ ടീമിന് വലിയ ടൂര്‍ണമെന്റുകളില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുക്കുന്നതില്‍ റൂണി തികഞ്ഞ പരാജയമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ഇത് മാറ്റിയെടുക്കാന്‍ റൂണി പ്രതിജ്ഞാബദ്ധമാണ്. ഇംഗ്ലണ്ടിനായി നൂറാം മത്സരം, എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല ഇത്. തീര്‍ച്ചയായും ടീമിന് വേണ്ടി കഠിനാധ്വാനം ചെയ്യും – റൂണി പറഞ്ഞു. താന്‍ മാത്രമല്ല, തന്റെ കുടുംബം കൂടി ഈ ബഹുമിക്കൊപ്പം ആദരിക്കപ്പെടുകയാണ്. രാഷ്ട്രത്തിന് വേണ്ടി ഇരുനൂറ് മത്സരങ്ങളും നൂറ് ഗോളുകളും നേടുക വലിയ ആഗ്രഹമാണ്. പക്ഷേ, ആത്യന്തികമായ ലക്ഷ്യം രാഷ്ട്രത്തിന് ഒരു സുപ്രധാന കിരീടം സമ്മാനിക്കുക എന്നതാണ്. വലിയ ലക്ഷ്യം കീഴടക്കാനല്ലേ നമ്മള്‍ ഫുട്‌ബോള്‍ കളിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രയത്‌നമാകും ഇനിയങ്ങോട്ട് – റൂണി പറഞ്ഞു. ബ്രസീല്‍ ലോകകപ്പില്‍ ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായ ഇംഗ്ലണ്ട് യൂറോ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മൂന്ന് കളിയും ജയിച്ച് ഒമ്പത് പോയിന്റോടെ ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്താണ് റോയ് ഹൊഗ്‌സന്റെ ഇംഗ്ലണ്ട്. ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല.
ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ഡാനിയല്‍ സ്റ്ററിഡ്ജിന് പരുക്കേറ്റതിനാല്‍ ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഡാനി വെല്‍ബെക്കാകും റൂണിക്കൊപ്പം മുന്‍നിരയില്‍. കഴിഞ്ഞ മാസം എസ്‌തോണിയക്കെതിരെ രണ്ടാം പകുതിയിലിറങ്ങിയ യുവതാരം റഹീം സ്റ്റെര്‍ലിംഗിനെ ആദ്യ ലൈനപ്പില്‍ കോച്ച് ഹൊഗ്‌സന്‍ ഉള്‍പ്പെടുത്തിയേക്കും. ആഴ്‌സണല്‍ വിംഗര്‍ തിയോ വാല്‍ക്കോട്ടും എവര്‍ട്ടന്‍ പ്ലേ മേക്കര്‍ റോസ് ബാര്‍ക്ലെയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. വെസ്റ്റ്‌ബ്രോം വിച് ആല്‍ബിയന്‍ സ്‌ട്രൈക്കര്‍ സെയ്‌ദോ ബെറാഹിനോ ഇംഗ്ലണ്ട് ജഴ്‌സിയില്‍ അരങ്ങേറും.
റൂണിയെ പോലെ സ്ലോവേനിയന്‍ ക്യാപ്റ്റന്‍ ബോസ്റ്റാന്‍ സെസാറും നാഴികക്കലിലെത്തും. സെസാറിന് ഇന്ന് 81ാം രാജ്യാന്തര മത്സരമാണ്. അതായത് സ്ലോവേനിയക്കായി ഏറ്റവുമധികം മത്സരം കളിച്ച സാക്കോ സഹോവിചിനെ പിന്തള്ളി സെസാര്‍ റെക്കോര്‍ഡിലെത്തും.