പത്മ പുരസ്‌കാരം: മോഹന്‍ലാലും ഗോപിനാഥന്‍ നായരും പട്ടികയില്‍

Posted on: November 15, 2014 5:02 am | Last updated: November 15, 2014 at 12:03 am

MOHANLAL1കൊച്ചി :പത്മഭൂഷണ്‍ അവാര്‍ഡിന് ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍നായരെയും നടന്‍ മോഹന്‍ലാലിനെയും സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്. പത്മശ്രീ പുരസ്‌കാരത്തിനായി ലിസ്റ്റില്‍ 30 പേരുകളുണ്ട്.
ഗായകന്‍ പി ജയചന്ദ്രന്‍, കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി, നടന്‍ ജഗതി ശ്രീകുമാര്‍, കഥകളി കലാകാരന്‍ മട്ടന്നൂര്‍ ഗോവിന്ദന്‍കുട്ടി, സംഗീതകാരന്‍ ജയന്‍(ജയവിജയ), ചരിത്രകാരനായ പ്രൊഫ. എം ജി എസ് നാരായണന്‍, ക്യാന്‍സര്‍ ചികിത്സകനായ ഡോ. വി പി ഗംഗാധരന്‍, ഡോ. രാജന്‍ ജോസഫ് മാഞ്ഞൂരാന്‍. സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍, പത്രപ്രവര്‍ത്തകന്‍ കെ എം റോയ്, സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍, ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി എന്‍ സി മേനോന്‍, നവജീവന്‍ ട്രസ്റ്റിന്റെ പി യു തോമസ്, കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തി, സത്യസായിബാബ ട്രസ്റ്റിലെ കെ എന്‍ അനന്തകുമാര്‍, ഗായകന്‍ എം ജി ശ്രീകുമാര്‍, തിരുവനന്തപുരത്തെ കിംസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. സഹദുല്ല, സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ വര്‍ഗീസ്‌കുര്യന്‍, ഡോ. ജി ബി നായര്‍, ഡോ. എന്‍ പി പി നമ്പൂതിരി, ഡോ. സിദ്ദീഖ് അഹമ്മദ്, ഡോ. കെ പി ഹുസൈന്‍, എഴുത്തുകാരനായ ഡോ. ജോര്‍ജ് ഓണക്കൂര്‍, ശില്‍പി കാനായി കുഞ്ഞിരാമന്‍, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, ഗായകന്‍ മാതംഗി സത്യമൂര്‍ത്തി, ഡോ. മുരളി പി വെട്ടത്ത്, മൃദംഗവിദ്വാന്‍ കുഴല്‍മന്ദം ജി രാമകൃഷ്ണന്‍, ഡോ. കെ പി ഹരിദാസ്, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേശ് നാരായണ്‍ എന്നിവരാണ് ലിസ്റ്റിലുള്ളത്.
കഴിഞ്ഞ ആഗസ്റ്റ് 21ന് തയ്യാറാക്കിയ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു. റിപബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. യേശുദാസിന്റെ സമശീര്‍ഷനായ പ്രശസ്ത ഗായകന്‍ പി ജയചന്ദ്രന്റെ പേര് അടുത്ത തലമുറയിലെ ഗായകനായ എം ജി ശ്രീകുമാറിനൊപ്പമാണ് പത്മശ്രീ പുരസ്‌കാരത്തിനായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2013ല്‍ പ്രശസ്ത ഗായിക എസ് ജാനകി പത്മഭൂഷണ്‍ നിഷേധിച്ചിരുന്നു. സംഗീത രംഗത്ത് 55 വര്‍ഷം പിന്നിട്ട തനിക്ക് ഇപ്പോള്‍ ലഭിക്കേണ്ട പുരസ്‌കാരമല്ല പത്മഭൂഷണ്‍ എന്ന് പറഞ്ഞാണ് അവര്‍ പുരസ്‌കാരം നിഷേധിച്ചത്. സംഗീത രംഗത്ത് അര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള എഴുപത് വയസ് പിന്നിട്ട ജയചന്ദ്രന് എത്രയോ മുമ്പേ ലഭിക്കേണ്ട അവാര്‍ഡാണ് പത്മശ്രീയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കവി, ഗായകന്‍, സംവിധായകന്‍ എന്നി നിലകളില്‍ അരനൂറ്റാണ്ടിന്റെ കലാ പാരമ്പര്യമുള്ള ശ്രീകുമാരന്‍ തമ്പിയെ പത്മശ്രീ ശുപാര്‍ശ പട്ടികയില്‍ 27ാമനായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്റെ പേര് പട്ടികയില്‍ 26ാമതാണ്. കഴിഞ്ഞ വര്‍ഷം 42 പേരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെങ്കിലും നടന്‍ മധുവിന് ലഭിച്ച പത്മഭൂഷണ്‍ അവാര്‍ഡ് മാത്രമായിരുന്നു കേരളത്തിന്റെ നേട്ടം.