വിദേശ തീവ്രവാദ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചവരുടെ പാസ്‌പോര്‍ട്ടുകള്‍ ബ്രിട്ടന്‍ റദ്ദാക്കുന്നു

Posted on: November 15, 2014 12:55 am | Last updated: November 14, 2014 at 11:55 pm

ലണ്ടന്‍: വിദേശത്ത് തിവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. തീവ്രവാദത്തെ ചെറുക്കുന്ന ബില്‍ ഉടന്‍ പാസാക്കുമെന്നും കാമറൂണ്‍ വ്യക്തമാക്കി. ജി 20 ഉച്ചകോടിക്ക് ബ്രിസ്‌ബേനിലേക്ക് തിരിക്കുന്നതിന് മുമ്പ് ആസ്‌ട്രേലിയന്‍ പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ ഇസില്‍ തീവ്രവാദി ഗ്രൂപ്പുകളോടൊപ്പം പ്രവര്‍ത്തിക്കുന്നവരില്‍ 500 ഓളം ബ്രിട്ടീഷ് പൗരന്മാരുണ്ടെന്നാണ് കണക്ക്. ഇവര്‍ ഓരോരുത്തരായി രാജ്യത്തേക്ക് വരുന്നതിന് നിരോധമേര്‍പ്പെടുത്തിയ ശേഷം എല്ലാവരെയും ഒന്നിച്ചെത്തിച്ച് നിയമനടപടികള്‍ക്ക് വിധേയമാക്കുന്നതാണ് പുതിയ നിയമം. വിദേശത്ത് തീവ്രവാദ പ്രവര്‍ത്തനത്തിന് പോകുന്നവരെന്ന് സംശയിക്കുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുന്നതിന് തുറമുഖങ്ങളിലെയും വിമാനത്താവളങ്ങളിലെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുന്ന നിയമമാണ് ബ്രിട്ടനില്‍ പാ സാക്കാന്‍ പോകുന്നത്. ഇത്തരത്തില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച 73 പേരുടെ പാസ്‌പോര്‍ട്ടുകള്‍ ആസ്‌ത്രേലിയ റദ്ദാക്കിയിരുന്നു. ഇറാഖിലും സിറിയയിലും ഇസില്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സ്ഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 71 ആസ്‌ട്രേലിയക്കാരുണ്ടെന്നാണ് കണക്ക്.