ജി20: പുടിന് തണുപ്പന്‍ സ്വീകരണം

Posted on: November 15, 2014 1:54 am | Last updated: November 14, 2014 at 11:54 pm

ബ്രിസ്‌ബെയ്ന്‍: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് തണുപ്പന്‍ സ്വീകരണം. രൂക്ഷ വിമര്‍ശമാണ് ഉച്ചകോടിക്ക് മുമ്പ് തന്നെ പുട്ടിന്‍ ഏറ്റുവാങ്ങിയത്. ചെറു രാജ്യങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കുന്ന രീതി പുടിന്‍ അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. പഴയ റഷ്യന്‍ ഏകാധിപത്യം തിരിച്ചുകൊണ്ടുവരാന്‍ പുടിന്‍ ശ്രമിക്കുകയാണെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടും കുറ്റപ്പെടുത്തി. ഇന്നലെയാണ് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പുടിന്‍ ബ്രിസ്‌ബെയിനില്‍ എത്തിയത്. ആസ്‌തേലിയയുടെ വടക്കന്‍ തീരത്തേക്ക് റഷ്യന്‍ നാവികക്കപ്പല്‍ അയച്ചത് സംബന്ധിച്ച സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് ആസ്‌ത്രേലിയയില്‍ രണ്ട് ദിവസത്തെ ജി20 ഉച്ചകോടി നടക്കുന്നത്. അസ്‌ത്രേലിയന്‍ തീരത്ത് റഷ്യയുടെ ആയുധക്കപ്പല്‍ ഉള്‍പ്പെടെ നാല് കപ്പലുകള്‍ പ്രത്യക്ഷപ്പെട്ടത് ആവരുടെ വളര്‍ന്നുവരുന്ന സൈനിക ഭീഷണിയാണ് കാണിക്കുന്നതെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി അബോട്ട് പ്രതികരിച്ചു. റഷ്യയും ഉക്രൈനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം തന്നെയാകും ഇന്ന് ആരംഭിക്കുന്ന ഉച്ചകോടിയില്‍ മുഖ്യചര്‍ച്ചാ വിഷയം.
ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നലെ ബ്രിസ്‌ബെയിനിലെത്തിയിട്ടുണ്ട്. ജി 20 ഉച്ചകോടിക്കിടെ ഏയ്ഞ്ചലാ മെര്‍ക്കല്‍ (ജര്‍മനി), ഡേവിഡ് കാമറൂണ്‍ (യു കെ) എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും.