Connect with us

National

കള്ളപ്പണം തിരികെയെത്തിക്കുന്നതിന് മോദി ലോക നേതാക്കളുടെ സഹകരണം തേടും

Published

|

Last Updated

കാന്‍ബറ: ആസ്‌ത്രേലിയയിലെ ബ്രിസ്‌ബെയിനില്‍ ഇന്ന് തുടങ്ങുന്ന ജി 20 ഉച്ചകോടിക്കിടെ, കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക രാഷ്ട്രങ്ങളുടെ സഹകരണം തേടും. തന്റെ പത്ത് ദിവസത്തെ വിദേശ പര്യടനത്തിന്റെ രണ്ടാം ഘട്ടമായി മോദി ഇന്നലെ ബ്രിസ്‌ബെയിനില്‍ എത്തി. 1986ല്‍ രാജീവ് ഗാന്ധി സന്ദര്‍ശിച്ച ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ആസ്‌ത്രേലിയന്‍ സന്ദര്‍ശനത്തിന് എത്തുന്നത്. തലസ്ഥാന നഗരമായ കാന്‍ബറയില്‍ ചൊവ്വാഴ്ചയെത്തുന്ന മോദി, ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടുമായി ചര്‍ച്ച നടത്തും.
കള്ളപ്പണത്തിനെതിരെ സഹകരണം തേടുന്ന മോദി ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിന്റെ ഭാഗമായി വിവിധ രാഷ്ട്ര നേതാക്കളുമായി ചര്‍ച്ച നടത്തും. ഇത്തരം നീക്കങ്ങള്‍ ഏറ്റവും അനുയോജ്യമായ വേദി, ലോകത്തെ സമ്പന്ന, വികസ്വര രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി 20ന്റെ ഉച്ചകോടിയാണെന്ന നിലപാടാണ് മോദിക്കുള്ളത്. മ്യാന്‍മറില്‍ ആസിയാന്‍ ഉച്ചകോടിയിലും നിരവധി ഉന്നതതല ചര്‍ച്ചകളിലും പങ്കെടുത്താണ് പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ അദ്ദേഹം ബ്രിസ്‌ബെയിനില്‍ എത്തിയത്. “ബ്രിസ്‌ബേയില്‍ എത്തി. തെളിഞ്ഞ ദിനമാണ് പുറത്ത്” -മോദി ട്വീറ്റ് ചെയ്തു. കള്ളപ്പണത്തിനെതിരെ അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകത ഊന്നിപ്പറയാനായിരിക്കും താന്‍ ഈ അവസരം വിനിയോഗിക്കുകയെന്ന് മോദി പറഞ്ഞു. നികുതി വെട്ടിപ്പ് ആഗോള സഹകരണത്തിലൂടെ പരിഹരിക്കേണ്ട പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി അന്താരാഷ്ട്ര സഹകരണം ആര്‍ജിക്കുന്നതിനും ചര്‍ച്ചകള്‍ നടത്തും. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം അടക്കമുള്ള പുതുതലമുറ വികസനത്തിനാണ് ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ കൂടാതെ അര്‍ജന്റീന, ആസ്‌ത്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ, റഷ്യ, സഊദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനുമാണ് ജി 20ലെ അംഗങ്ങള്‍. ലോകത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 85 ശതമാനവും കൈകാര്യം ചെയ്യുന്നത് ജി 20 രാജ്യങ്ങളാണ്. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് സഖ്യം ഉള്‍ക്കൊള്ളുന്നു. ആകെ വ്യാപാരത്തിന്റെ 80 ശതമാനമാണ് ഈ സഖ്യം കൈകാര്യം ചെയ്യുന്നത്. തൊഴില്‍, വളര്‍ച്ച എന്നിവക്ക് പുറമേ എബോളക്കെതിരായ പോരാട്ടവും തീവ്രവാദവിരുദ്ധ നീക്കങ്ങളുമാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാന അജന്‍ഡകള്‍.

---- facebook comment plugin here -----

Latest