Connect with us

Palakkad

കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സംസ്ഥാനതല പുരസ്‌കാരം മഞ്ഞപ്ര പി കെ ഹൈസ്‌കൂളിന്

Published

|

Last Updated

വടക്കഞ്ചേരി: മികച്ച ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സംസ്ഥാന തല പുരസ്‌കാരം മഞ്ഞപ്ര പി കെ ഹൈസ്‌കൂളിന്. സ്‌കൂള്‍ സയന്‍സ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, ഭൂമിക ക്ലബ്ബ് എന്നിവ ചേര്‍ന്ന് നടത്തിയ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.
കുട്ടികള്‍ ആദ്യം അവരവരുടെ വീടുകളിലെ വൈദ്യുതോപയോഗം കുറച്ച് കൊണ്ടായിരുന്നു ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അത് ഫലം കണ്ടതോടെ പ്രവര്‍ത്തനം നാടു മുഴുവന്‍ വ്യാപിപ്പിച്ചു. എനര്‍ജി മാനേജ്‌മെന്റിന്റെ 2012 ലെ സംസ്ഥാനതല പ്രോജ്ക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെ മഞ്ഞപ്ര പി കെ ഹൈസ്‌കൂള്‍ എനര്‍ജി സ്മാര്‍ട്ട് സ്‌കൂള്‍ പദവി ലഭിച്ചു. അന്ന് രാഷ്ടപതി എ പി ജെ അബ്ദുള്‍കലാമാണ് അവാര്‍ഡ് നല്‍കിയത്. 2012ല്‍ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാരാണസിയില്‍ നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലും മഞ്ഞപ്ര പി കെ ഹൈസ്‌കൂള്‍ മാറ്റുരച്ചു. കണ്ണമ്പ്ര പഞ്ചായത്തിലെ ഊര്‍ജ്ജോപയോഗവും സംരക്ഷണവും ഒരു സമഗ്ര പഠനം എന്ന പ്രോജ്കടായിരുന്നു വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. 200 വീടുകളില്‍ സര്‍വേ നടത്തി. ഊര്‍്ജജോപയോഗം കണ്ടെത്തുകയും അമിത ഊര്‍ജ്ജോപയോഗത്തിന് പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദേശിച്ചിരുന്നു. ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂളില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. വിറകിന്റെ ഉപയോഗം കുറക്കുകയും മാലിന്യ സംസ്‌ക്കരണത്തോടൊപ്പം ബയോഗ്യാസ് ഉത്പാദിപ്പിച്ച് ഇന്ധനവും ലാഭിക്കുന്നു.
ബയോഗ്യാസില്‍ നിന്നുള്ള ജൈവ മാലിന്യം സ്‌കൂളിലെ പച്ചക്കറി കൃഷിക്കും ഉപയോഗപ്പെടുത്തുന്നു. അന്തരീക്ഷത്തിലെത്തി ചേരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറക്കാനായി കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ശീതികരിച്ച് ഭൂമിക്കടിയിലേക്ക് ആഴ്ത്തിയിറക്കി ഫോസിലാക്കുന്ന നിശ്ചല മാതൃകയും വിദ്യാര്‍ഥികളുടെ കൂട്ടായ്മയുടെ കണ്ടെത്തലുകളാണ്. പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബുകളുടെ കോ ഓര്‍ഡിനേറ്റര്‍ എ സി നിര്‍മലയാണ് മേല്‍നോട്ടം വഹിക്കുന്നത്. സ്‌കൂള്‍മാനേജര്‍ കെ ഉദയകുമാര്‍, സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും പി ടി എ വിദ്യാര്‍ഥികള്‍ എന്നിവരുടെ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദില്‍ നിന്ന് എ സി നിര്‍മല, വിദ്യാര്‍ഥികളായ പി വീണാവര്‍മ,. പി സ്‌നേഹ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റ് വാങ്ങി.

Latest