സമ്പൂര്‍ണ പട്ടികവര്‍ഗആരോഗ്യ സുരക്ഷാ പദ്ധതിക്ക് ആംബുലന്‍സുകള്‍ ലഭ്യമാക്കും : ജില്ലാ കലക്ടര്‍

Posted on: November 14, 2014 10:59 am | Last updated: November 14, 2014 at 10:59 am

കല്‍പ്പറ്റ: സമ്പൂര്‍ണ്ണ പട്ടികവര്‍ഗ്ഗ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ആംബുലന്‍സുകള്‍ ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍ അറിയിച്ചു. പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള ആംബുലന്‍സുകള്‍ അടിയന്തര സാഹചര്യത്തില്‍ ഡി.എം.ഒ.യ്ക്ക് ലഭ്യമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. പദ്ധതി ആവശ്യത്തിനായി പുതിയ ആംബുലന്‍സുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാരിന് അപേക്ഷ നല്‍കും. ആശുപത്രികളില്‍ രോഗികള്‍ക്ക് തുണ നില്‍ക്കുന്നവര്‍ക്കുള്ള അലവന്‍സ് ഇടവിട്ട ദിവസങ്ങളില്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും സേവനം ലഭിക്കുന്ന വിധത്തില്‍ ആംബുലന്‍സുകളില്‍ കൂടുതല്‍ ഡ്രൈവര്‍മാരെ നിയമിക്കും.
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നിത വിജയന്‍, സംസ്ഥാന ഉപദേശക സമിതി അംഗങ്ങളായ സി ടി അശോക് കുമാര്‍, പി.ബാലന്‍, രാഘവന്‍ കാപ്പിക്കുന്ന്, കെ പി രാമന്‍, ഡോക്ടര്‍മാര്‍, ടി ഡി ഒ മാര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.