കത്തികാട്ടി പിടിച്ചുപറി: പ്രതികള്‍ അറസ്റ്റില്‍

Posted on: November 14, 2014 10:14 am | Last updated: November 14, 2014 at 10:14 am

കോഴിക്കോട്: കത്തി കാണിച്ച് പിടിച്ചുപറി നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. താമരശ്ശേരി അമ്പായത്തോട് കോളനിയിലെ ആഷിഖ് (27) പീടിക കുന്നുമ്മല്‍ നഫ്‌നാസ് (23) എന്നിവരെയാണ് സിറ്റി ക്രം സ്‌ക്വാഡും ടൗണ്‍ എസ ഐ ഉണ്ണികുമാരനും ചേര്‍ന്ന് അപ്‌സര തിയേറ്ററിന് സമീപത്തു വെച്ച് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കോഴിക്കോട് ലിംഗ് റോഡിന് സമീപത്ത് വെച്ച് ബത്തേരി സ്വദേശിയില്‍ നിന്ന് പണവും മൊബൈല്‍ ഫോണും എ ടി എം കാര്‍ഡും പിടിച്ചുപറിച്ച കേസിലാണ് അറസ്റ്റ്. ലിംഗ് റോഡിലെ ഹോട്ടലില്‍ നിന്ന് ചായകുടിച്ചിറങ്ങിയ ബത്തേരി സ്വദേശിയെ പിന്തുടര്‍ന്നെത്തി ആനിഹാള്‍ റോഡിലെ ഇടവഴിയില്‍ വെച്ച് കത്തികാണിച്ച് ബാഗും മൊബൈലും തട്ടിപ്പറിക്കുകയായിരുന്നു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബത്തേരി സ്വദേശിയെ അടിച്ച് ഓടയിലേക്ക് തള്ളി. കഴുത്തില്‍ കത്തിപിടിച്ച് എ ടി എം കാര്‍ഡിലെ പിന്‍നമ്പര്‍ ചോദിക്കുന്നതിനിടെ ബഹളം വെച്ചതോടെ പ്രതികള്‍ പണവും മൊബൈലും എ ടി എം കാര്‍ഡുമായി രക്ഷപ്പെട്ടു. കവര്‍ച്ചക്കിരയായ വ്യക്തി നല്‍കിയ വിവരങ്ങള്‍ വെച്ച് ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തുമ്പ് ലഭിച്ചത്. കവര്‍ച്ചക്ക് ശേഷം ട്രെയിനില്‍ ഷൊര്‍ണൂരിലേക്ക് പോയ പ്രതികളുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ച് വരുകയായിരുന്നു. ഇന്നലെ ഷൊര്‍ണൂരില്‍ നിന്ന് ഇവര്‍ തിരിച്ചെത്തിയതോടെ ക്രൈം സ്‌ക്വാഡ് പിടികൂടുകയായിരുന്നു. പ്രതികളുടെ പേരില്‍ മോഷണവും കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി കേസുകളുണ്ട്. രാത്രികാലങ്ങളില്‍ സ്ത്രീകളെ കാണിച്ച് പണം കവരുന്ന കേസിലും പ്രതി ഉള്‍പ്പെട്ടതായി പോലീസ് പറഞ്ഞു. സിറ്റി ക്രൈം സ്‌ക്വാഡിലെ സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ഒ മോഹന്‍ദാസ്, ടി പി ബിജു, കെ ആര്‍ രാജേഷ്, എം വി അനീഷ്, കെ പി ഷജുല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.