അഭയകേസ്: രജിസ്റ്ററില്‍ കൃത്രിമം നടത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു

Posted on: November 14, 2014 12:22 pm | Last updated: November 14, 2014 at 11:42 pm

Sister-Abhaya

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം രേഖപ്പെടുത്തിയ വര്‍ക്ക് രജിസ്റ്ററില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ പ്രതികളെ വെറുതെ വിട്ടു. ക്രമക്കേട് വരുത്തിയ കേസില്‍ പ്രതികളായ ചീഫ് കെമിക്കല്‍ എക്‌സാമിനറായിരുന്ന ആര്‍ ഗീത, അനലിസ്റ്റ് എം ചിത്ര എന്നിവരെയാണ് വെറുതെവിട്ടത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി വിന്‍സെന്റ് ചാര്‍ളിയുടേതാണ് വിധി.
സത്യം ജയിച്ചെന്നും തങ്ങളുടെ നിരപരാധിത്വം തെളിഞ്ഞെന്നും ഗീതയും ചിത്രയും പറഞ്ഞു.
കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.
തിരുവനന്തപുരം ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ സിസ്റ്റര്‍ അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം രേഖപ്പെടുത്തിയ ഒറിജിനല്‍ വര്‍ക്ക് രജിസ്റ്ററില്‍ തിരുത്തല്‍ നടന്നു എന്നായിരുന്നു കേസ്. ഹൈദരാബാദ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കൃത്രിമം നടന്നെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് കേസെടുത്തത്.