മാണിയുടെ കടുംവെട്ടും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയും

Posted on: November 14, 2014 6:00 am | Last updated: November 13, 2014 at 11:11 pm

K.M. Maniബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനോ അടച്ച ബാറുകള്‍ തുറക്കാനോ വേണ്ടി ധനമന്ത്രി കെ എം മാണി അഞ്ച് കോടി കോഴ ആവശ്യപ്പെട്ടെന്നും അതില്‍ ഒരു കോടി നല്‍കിയെന്നുമുള്ള പ്രത്യക്ഷ ആരോപണവും, മറ്റ് പലര്‍ക്കും നല്‍കിയിട്ടുണ്ടെന്ന പരോക്ഷ ആരോപണവും, ഈ ആരോപണങ്ങളില്‍ നടത്തേണ്ട അന്വേഷണത്തിന്റെ രീതി സംബന്ധിച്ച് പ്രതിപക്ഷ മുന്നണിയില്‍ തുടരുന്ന തര്‍ക്കങ്ങളും, അതിന്റെ ഉപോത്പന്നമായി കഴിഞ്ഞ സമരങ്ങള്‍ എന്തുകൊണ്ട് പാളി എന്ന വിശകലനങ്ങളുമൊക്കെയായി ബഹളമുഖരിതമാണ് സമൂഹം. സോളാര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന ആരോപണം, നിലവാരമില്ലെന്ന കാരണത്താല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കണമോ വേണ്ടയോ എന്ന കോണ്‍ഗ്രസിലെ തര്‍ക്കം എന്ന് തുടങ്ങി വേണ്ടതിലും വേണ്ടാത്തതിലുമൊക്കെയുണ്ടായ ബഹളങ്ങള്‍ കാരണം മറച്ചുവെക്കപ്പെട്ട ഒന്നുണ്ട് – അത്യന്തം ഗുരുതരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ സമ്പദ് സ്ഥിതി. അതിന്റെ ഗുണഫലം ഇപ്പോള്‍ ആരോപണവിധേയനായ കെ എം മാണിക്കും നേരത്തെ മുതല്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാറിനുമാണ്.
കടപ്പത്രങ്ങള്‍ പൊതുവിപണിയില്‍ ലേലം ചെയ്ത് സമാഹരിക്കുന്ന പണം കൊണ്ട് നിത്യനിദാനച്ചെലവ് നടത്തിക്കൊണ്ടുപോകേണ്ട നിലയില്‍ ഖജാന ശൂന്യമായിരിക്കുന്നു. ഭരണച്ചെലവിന് ബജറ്റില്‍ വകയിരുത്തിയ തുകക്കൊപ്പം പദ്ധതിച്ചെലവിന് നീക്കിവെച്ചത് കൂടി ചെലവിട്ട ശേഷമാണ് കടപ്പത്രങ്ങള്‍ ഇറക്കുന്നത് എന്നത് സ്ഥിതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. ആകെ എടുക്കാവുന്ന കടത്തിന്റെ അറുപത് ശതമാനത്തോളം (7,900 കോടി) ഇതിനകം എടുത്തുകഴിഞ്ഞു. സാമ്പത്തികവര്‍ഷം തീരാന്‍ നാല് മാസം ബാക്കിനില്‍ക്കെ 5,500 കോടി കൂടിയേ ഇനി കടമെടുക്കാന്‍ സാധിക്കൂ. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ (ഫെബ്രുവരി, മാര്‍ച്ച്) എക്കാലത്തെയും പോലെ പദ്ധതിച്ചെലവ് വര്‍ധിക്കും, ഖജാനക്ക് മുന്നില്‍ മാറാനെത്തുന്ന ബില്ലുകള്‍ കുന്ന് കൂടുകയും ചെയ്യും. ഈ ഘട്ടത്തില്‍ എന്ത് മാന്ത്രികവടി വീശിയാകും ധനമന്ത്രി കെ എം മാണി, സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം സംരക്ഷിച്ച് നിര്‍ത്തുക എന്നത് കണ്ടറിയണം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തിന് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഈ വലിയ ആഘാതം അതിന്റെ ഗൗരവത്തില്‍ ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് ആവര്‍ത്തിക്കുന്ന തര്‍ക്കങ്ങള്‍ നല്‍കുന്ന യഥാര്‍ഥ സംഭാവന. തര്‍ക്കങ്ങളോട് പ്രതികരിക്കാനും ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അതിനെ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളില്‍ മുഴുകാനും മാത്രമേ സര്‍ക്കാറിന് നേതൃത്വം നല്‍കുന്നവര്‍ക്ക് സമയമുണ്ടാകുന്നുള്ളൂ. ഇത് ഫലത്തില്‍ സമ്പദ് സ്ഥിതിക്കുണ്ടാകുന്ന ആഘാതത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്തും തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. അതിന് പിറകെ സഞ്ചരിക്കാന്‍ മന്ത്രിമാര്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. എങ്കിലും ധനസ്ഥിതി ഭദ്രമായി മുന്നോട്ടുകൊണ്ടുപോകാന്‍ തോമസ് ഐസക്കിന് സാധിച്ചിരുന്നു. നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചും മറ്റും ട്രഷറിയില്‍ പണമില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. പദ്ധതി നടത്തിപ്പില്‍ വേണ്ടത്ര ജാഗ്രത കാട്ടാത്ത ഇതര മന്ത്രാലയങ്ങളും, പതിവ് ആലസ്യത്തില്‍ തുടര്‍ന്ന ഉദ്യോഗസ്ഥ സംവിധാനവുമാണ് ധനസ്ഥിരതക്കനുസരിച്ചുള്ള പുരോഗതി സംസ്ഥാനത്തിന് നിഷേധിച്ചത്. കരാറുകാര്‍ക്ക് വലിയ കുടിശ്ശികയില്ലാത്ത വിധം ബില്ലുകള്‍ മാറി നല്‍കിയിട്ടും സംസ്ഥാനത്തെ റോഡുകള്‍ ഇടത് ഭരണകാലത്ത് തകര്‍ന്ന് കിടന്നത് മാത്രം മതി ഉദാഹരണത്തിന്. ദിവസേന അടയ്ക്കുന്ന റോഡിലെ കുഴികളുടെ എണ്ണം പ്രസിദ്ധീകരിക്കേണ്ട ഗതികേടില്‍ ധനമന്ത്രിയെത്തിയതും ഓര്‍ക്കാം.
കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സ്ഥിതിയാകെ മാറിയിരിക്കുന്നു. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ തുടരുന്നു, അതിലേക്ക് എവിടെ നിന്ന് പണം കൊണ്ടുവരുമെന്ന് ഊഹം പോലുമില്ലാതെയിരിക്കുന്നു സര്‍ക്കാര്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അവര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ പാകത്തില്‍ യഥാസമയം ഫണ്ട് അനുവദിക്കാന്‍ സാധിക്കുന്നില്ല, പലപ്പോഴും ഫണ്ട് വെട്ടിച്ചുരുക്കേണ്ടിയും വരുന്നു. അനുവദിക്കപ്പെട്ട ഫണ്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെലവാക്കിയില്ല എന്ന മട്ടിലായിരിക്കും ഇത് പലപ്പോഴും ചിത്രീകരിക്കപ്പെടുക. യഥാസമയം പണം കൈമാറ്റം ചെയ്യപ്പെടാത്തിടത്തോളം അവര്‍ക്ക് അത് ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല എന്ന വസ്തുത മറച്ചുപിടിക്കപ്പെടും. കരാറുകാരുടെ കുടിശ്ശിക പെരുകിയിരിക്കുന്നു. അത് റോഡുകളുടെ അറ്റകുറ്റപ്പണിയെയും മറ്റ് വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ഭൂരഹിതര്‍ക്കെല്ലാവര്‍ക്കും ഭൂമി, വീടില്ലാത്തവര്‍ക്കൊക്കെ വീട് തുടങ്ങിയ പദ്ധതികള്‍ തുടങ്ങിയിടത്ത് നില്‍ക്കുകയോ സ്തംഭിക്കുകയോ ചെയ്തിരിക്കുന്നു. പാതി പൂര്‍ത്തിയായ ചെറുവീടിന് മുന്നില്‍ സര്‍ക്കാറിന്റെ വിഹിതം കാത്ത് കഴിയുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് തുടങ്ങുക എന്ന പദ്ധതി ഉദാഹരണമായി എടുക്കുക. കോളജുകള്‍ ആരംഭിച്ചിടത്തൊക്കെ കെട്ടിടങ്ങളുടെ അപര്യാപ്തത, മറ്റ് അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, അധ്യാപകരുടെ ക്ഷാമം എന്നിങ്ങനെ ബുദ്ധിമുട്ടുകള്‍ തുടരുകയാണ്. ഇടുക്കി മെഡിക്കല്‍ കോളജില്‍ അനാട്ടമി പഠിക്കാന്‍ അസ്ഥികൂടമില്ലാത്തത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ‘ഏതെങ്കിലുമൊരു അജ്ഞാത മൃതദേഹം കുഴച്ചിട്, ചീയുമ്പോള്‍ എല്ലെടുക്കാ’മെന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞതായി കേള്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പഠിച്ച് വരുന്നവരായിരിക്കും ഭാവിയില്‍ നമ്മളെ ചികിത്സിക്കുക എന്ന ഭവിഷ്യത്തിനെക്കുറിച്ച് മന്ത്രിമാരോ ഉദ്യോഗസ്ഥരോ ചിന്തിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. തിരക്കുപിടിച്ച് കോളജുകള്‍ തുടങ്ങി മേനി നടിക്കാനുള്ള ശ്രമത്തിനൊപ്പം പണക്ഷാമവും കൂടിയാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്.
എന്തുകൊണ്ടിതൊക്കെ സംഭവിക്കുന്നുവെന്ന ചോദ്യത്തിന് വരവും ചെലവുമൊപ്പിച്ച് ബജറ്റ് തയ്യാറാക്കാന്‍ ഈ ടേമില്‍ കെ എം മാണിക്ക് സാധിക്കുന്നില്ല എന്നതാണ് മുഖ്യ ഉത്തരം. ഒപ്പം ധനസ്ഥിതിയെ അപകടപ്പെടുത്തും വിധത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സൗകര്യവും സൗജന്യവും ചെയ്തു കൊടുക്കുന്നുവെന്നതും. കൊച്ചി മെട്രോക്ക് അനുവദിക്കപ്പെട്ട പണം എച്ച് ഡി എഫ് സിയുടെയും ആക്‌സിസിന്റെയും അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനെടുത്ത തീരുമാനം മാത്രം മതി ഉദാഹരണത്തിന്. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായി നടപ്പാക്കപ്പെടുന്ന പദ്ധതിക്ക് അനുവദിക്കപ്പെടുന്ന പണം സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കുന്നതിന് തടസ്സമെന്തെങ്കിലുമുള്ളതായി അറിവില്ല. നികുതി പിരിച്ചെടുക്കുന്നതില്‍ കാണിക്കുന്ന അലംഭാവവും പ്രകടമാണ്. നികുതിക്കും കുടിശ്ശിക വരുത്തിയതിനുള്ള പിഴക്കും സ്റ്റേ വ്യാപകമായി അനുവദിക്കപ്പെട്ടത് സര്‍ക്കാറിന്റെ വരുമാനത്തെ വലിയ തോതില്‍ ബാധിച്ചു. സ്റ്റേ ഉത്തരവ് നീക്കി, പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കുകയാണെന്ന് ധനമന്ത്രാലയം ഇപ്പോള്‍ അവകാശപ്പെടുന്നുണ്ട്. അതെത്രത്തോളം ഫലം കണ്ടാലും നിലവില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമാകില്ല. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുകയും ബജറ്റിലേത് പോലെ നികുതി നിരക്കുകളില്‍ വര്‍ധന കൊണ്ടുവരികയും ചെയ്തതിന് ശേഷമാണ് പൊതുവിപണിയില്‍ നിന്ന് കടമെടുക്കേണ്ട അവസ്ഥ തുടരുന്നത് എന്നത് സ്ഥിതി എത്രത്തോളം ദയനീയമാണെന്നതിന് തെളിവാണ്.
ബജറ്റ് കണക്കുകള്‍ എത്രത്തോളം പാളിപ്പോകുന്നുണ്ടെന്ന് മനസ്സിലാക്കണമെങ്കില്‍ പ്രഖ്യാപിക്കുന്ന എസ്റ്റിമേറ്റും തുടര്‍ന്നുള്ള ബജറ്റില്‍ സമര്‍പ്പിക്കുന്ന പുതുക്കിയ എസ്റ്റിമേറ്റും മാത്രം പരിശോധിച്ചാല്‍ മതിയാകും. 2012 -13ല്‍ വായിച്ചു തീര്‍ത്ത ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന കമ്മിയേക്കാള്‍ വലിയ മാറ്റം 2013 -14ല്‍ വായിച്ചുതീര്‍ത്ത ബജറ്റിലെ പുതുക്കിയ കണക്കിലുണ്ട്. ധന ഉത്തവാദ നിയമത്തില്‍ പറയും പ്രകാരം റവന്യൂ കമ്മി ഇല്ലാതാക്കാന്‍ സാധിക്കുന്നില്ലെന്ന് 2014 -15ലെ ബജറ്റ് വായനയില്‍ ധനമന്ത്രി പറഞ്ഞിട്ടുണ്ട്. ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ ഒന്നര ശതമാനം റവന്യൂ കമ്മിയും 3.1 ശതമാനം ധനക്കമ്മിയും മന്ത്രി പ്രതീക്ഷിക്കുന്നു. പുതുക്കിയ കണക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമേ ഇത് എത്രത്തോളം വര്‍ധിച്ചുവെന്ന് മനസ്സിലാക്കാനാകൂ. സന്തുലിതമായ കണക്കുകള്‍ സൂക്ഷിക്കുകയും ഭാവിയിലെ ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പദ്ധതികള്‍ വിഭാവനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ബജറ്റ് അര്‍ഥപൂര്‍ണമാകൂ. അതിനുപകരം ചെറുതും വലുതുമായ നൂറുകണക്കിന് പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെറു തുക വീതം എല്ലാറ്റിനും വകയിരുത്തുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ ബജറ്റുകളിലൊക്കെ മന്ത്രി മാണി സ്വീകരിച്ചത്. അതുകൊണ്ടാണ് അതൊരു ബജറ്റ് വായന മാത്രമായി ചുരുങ്ങിപ്പോയതും.
അടുത്ത വര്‍ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. 2015 ഫെബ്രുവരിയിലോ മാര്‍ച്ചിലോ മാണി വായിച്ച് തീര്‍ക്കാനൊരുങ്ങുന്ന ബജറ്റ് നേരത്തെ അവതരിപ്പിച്ചതിനേക്കാളൊക്കെ മോശമാകാന്‍ ഇക്കാരണം മാത്രം മതി. കൂടുതല്‍ ജനപ്രിയമാകുക എന്നാല്‍, കൂടുതല്‍ പദ്ധതി പ്രഖ്യാപിച്ച് ചെറു വഹകള്‍ നീക്കിവെക്കുക എന്നതോ, ആര്‍ക്കും താത്പര്യം ജനിപ്പിക്കാത്ത സൗജന്യങ്ങള്‍ അനുവദിക്കുക എന്നതോ ആണെന്ന് കാലം മാറിയത് തിരിച്ചറിയാത്ത രാഷ്ട്രീയ നേതൃത്വം വിശ്വസിക്കുന്നു. (ഇക്കാര്യത്തില്‍ ഇടത്, വലത് ഭേദമില്ല) 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് രണ്ട് രൂപക്ക് ഒരു കിലോ അരി റേഷന്‍ കടകളിലൂടെ നല്‍കുമെന്ന് പ്രഖ്യാപിച്ചത് ഉദാഹരണം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഈ പ്രഖ്യാപനത്തിന് സാധിച്ചില്ല എന്നതിന് തിരഞ്ഞെടുപ്പ് ഫലം തെളിവ്. അനുഭവങ്ങളേറെണ്ടെങ്കിലും കെ എം മാണി തയ്യാറാക്കാന്‍ പോകുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങളുടെ, ഇതുവരെയുള്ള മാലപ്പടക്കങ്ങളെയൊക്കെ വെല്ലുന്നതാകുമെന്ന് ഉറപ്പ്. സമ്പദ് സ്ഥിതി ഭദ്രമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ, ജനപ്രിയമാകാന്‍ വെമ്പുമ്പോള്‍ ഇപ്പോഴത്തേതിനേക്കാള്‍ ഗുരുതരമാകും അടുത്ത സാമ്പത്തിക വര്‍ഷത്തെ അവസ്ഥ. എളുപ്പത്തിലൊന്നും പരിഹരിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള അരാജാകത്വത്തിലേക്ക് സാമ്പത്തിക രംഗത്തെ നയിച്ചുകൊണ്ടിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. ഉത്പാദനക്ഷമമല്ലാത്ത ആവശ്യങ്ങള്‍ക്കായി കടഭാരം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളൊന്നും ഉന്നയിക്കാന്‍ സാധിക്കാത്തവിധത്തില്‍ പ്രതിപക്ഷം ദുര്‍ബലമാകുകയും സ്വന്തം പാളയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്ന അജന്‍ഡയിലേക്ക് ചുരുങ്ങുകയും ചെയ്യുമ്പോള്‍ മറച്ചുവെക്കല്‍ സര്‍ക്കാറിനെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമല്ല. ഇന്നലെ സോളാര്‍ തട്ടിപ്പ്, നാളെ ബാര്‍ കോഴ, മറ്റന്നാള്‍ മറ്റെന്തെങ്കിലും… തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പ്. അതിലേക്ക് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും സമൂഹവും മുങ്ങുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ പ്രസക്തമല്ലാതാകും. സോളാറും ബാറുമൊക്കെ ഉള്ളി തൊലി പൊളിച്ചതുപോലെയാക്കാന്‍ മിടുക്കുള്ളവരുള്ളപ്പോള്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കപ്പുറത്ത് ഒന്നും സംഭവിക്കുകയുമില്ല.

ALSO READ  വംശവെറി വീണ്ടും ഇരകളെ തേടുന്നു