Connect with us

National

ജയലളിതക്ക് മത്സരിക്കുന്നതില്‍ വിലക്ക്: വിജ്ഞാപനമിറങ്ങി

Published

|

Last Updated

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കി വിജ്ഞാപനമായി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിക്കൊണ്ട് തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി ധനപാല്‍ ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
18 വര്‍ഷം നീണ്ടുനിന്ന അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബെംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. 100 കോടി രൂപ പിഴയടക്കാനും വിധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 17 മുതല്‍ ജാമ്യത്തിലാണ് ജയലളിത. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ കുറ്റക്കാരിയെന്നു കണ്ടെത്തിയ 2014 സെപ്തംബര്‍ 27 മുതല്‍ ശിക്ഷാ കാലാവധി തീരുന്ന നാല് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിക്കൊണ്ടുള്ളതാണ് വിജ്ഞാപനം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരം ഈ വിലക്ക് ആറ് വര്‍ഷം കൂടി നീണ്ടു നില്‍ക്കുമെന്നും വിജ്ഞാപനത്തിലുണ്ട്. ജയലളിതയുടെ മണ്ഡലമായ ശ്രീരംഗം ഒഴിഞ്ഞു കിടക്കുകയാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.