370 ാം വകുപ്പ് റദ്ദാക്കരുതെന്ന് ബി ജെ പി സ്ഥാനാര്‍ഥി

Posted on: November 14, 2014 2:03 am | Last updated: November 13, 2014 at 11:04 pm

ശ്രീനഗര്‍: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് റദ്ദാക്കണമെന്ന പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ആമിറ കദല്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി ഹിനാ ഭട്ട് രംഗത്ത്. പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ ഈ വിഷയം ഉള്‍പ്പെടുത്തരുതെന്നും അവര്‍ പറഞ്ഞു.
370 ാം അനുച്ഛേദം റദ്ദ് ചെയ്യേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രാദേശിക മാധ്യമങ്ങളിലാണ് അവര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇത് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുന്നത് എന്തിനാണെന്ന് അവര്‍ ചോദിക്കുന്നു.
370 ാം വകുപ്പ് റദ്ദ് ചെയ്യണമെന്നത് പാര്‍ട്ടിയുടെ കുറേ കാലമായുള്ള അജന്‍ഡയാണെന്നും അതിനാല്‍ പ്രകടന പത്രികയില്‍ ഇത് ഉള്‍പ്പെടുത്തണമെന്നും ചൊവ്വാഴ്ച ജമ്മുവിലെ പാര്‍ട്ടി മീഡിയ സെന്റര്‍ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര സഹമന്ത്രി ജിതേദ്ര സിംഗ് പറഞ്ഞിരുന്നു. ബി ജെ പിയുടെ പ്രത്യയശാസ്ത്രമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 ലെ തിരഞ്ഞെടുപ്പിലെ ജനങ്ങളുടെ ആഗ്രഹമായിരുന്നു ഇത്. ജനങ്ങള്‍ വിധിയെഴുതേണ്ടത് സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തിനും ദുര്‍ഭരണത്തിനുമെതിരെയാണ്. കേന്ദ്ര ഫണ്ടില്‍ സംസ്ഥാന ഭരണാധികാരികള്‍ അഴിമതി നടത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.