തുര്‍ക്കിഷ് പ്രതിഷേധക്കാര്‍ യു എസ് നാവികരെ കൈയേറ്റം ചെയ്തു

Posted on: November 14, 2014 2:00 am | Last updated: November 13, 2014 at 11:00 pm

അങ്കാറ: തുര്‍ക്കിയിലെ ഇസ്തംബൂളില്‍ അമേരിക്കന്‍ നാവികര്‍ക്കെതിരെ കൈയേറ്റം. തുര്‍ക്കിയിലെ സന്നദ്ധസംഘമാണ് കൈയേറ്റത്തിന് പിന്നില്‍. അമേരിക്കയുടെ സാമ്രാജ്യത്വ ഭരണത്തില്‍ പ്രതിഷേധിച്ചാണ് ഈ നടപടിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. അമേരിക്കന്‍ നാവികരെ മര്‍ദിക്കുന്ന വീഡിയോ യൂത്ത് അസോസിയേഷന്‍ ഓഫ് തുര്‍ക്കി(ടി ജി ബി) പുറത്തുവിട്ടു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ആക്രമണത്തിന് നേതൃത്വം നല്‍കിയത് പത്തംഗ സംഘമാണ്. യാങ്കികള്‍ തിരിച്ചുപോകുക, കൊലപാതകികള്‍ തിരിച്ചുപോകുക എന്നിങ്ങനെ മുദ്രാവാക്യം വിളികളും ഉയര്‍ന്നു. അമേരിക്കയുടെ നാവിക സൈനികര്‍ തുര്‍ക്കി വിട്ടുപോകണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കൈയേറ്റത്തിന് മുതിര്‍ന്ന പത്തംഗ സംഘം ചൂണ്ടിക്കാട്ടി.
നാവികരുള്‍പ്പെടെയുള്ള യുദ്ധക്കപ്പല്‍ യു എസ് എസ് റോസ് ഇസ്തംബൂളിലെ എമിനോനു ജില്ലയിലെ കടല്‍ത്തീരത്ത് നങ്കൂരമിട്ടിരുന്നു. ഇതിനിടെ ടി ജി ബി എന്ന ബാനര്‍ ഉയര്‍ത്തി സ്ഥലത്തെത്തിയ സംഘം, കപ്പല്‍ ജോലിക്കാരുടെ മേല്‍ ചുവന്ന പെയിന്റ് ഒഴിക്കുകയും ഇവരുടെ തലയില്‍ വെളുത്ത ചാക്കുകള്‍ ചുമത്തുകയുമായിരുന്നു. നിങ്ങള്‍ അമേരിക്കയുടെ സൈനികരാണെന്ന് സ്വയം പ്രഖ്യാപിക്കുമ്പോള്‍, തങ്ങള്‍ നിങ്ങളെ കൊലപാതകികളായാണ് വിലയിരുത്തുന്നതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ വിളിച്ചുപറഞ്ഞു. അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭരണം, തുര്‍ക്കിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍, പത്ത് വര്‍ഷം മുമ്പ് തുര്‍ക്കി സൈനികരുടെ മേല്‍ അമേരിക്ക നടത്തിയ ആക്രമണം എന്നീ കാരണങ്ങളാലാണ് ഇവരെ കൈയേറ്റം നടത്തിയതെന്ന് ടി ജി ബിയിലെ മുതിര്‍ന്ന അംഗം ഗിസം ദോഗന്‍ പറഞ്ഞു.
2003ല്‍ തുര്‍ക്കി സൈനികര്‍ക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 11 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് അമേരിക്ക തടവിലാക്കിയ തുര്‍ക്കി സൈനികരുടെ തലയില്‍ അമേരിക്കന്‍ സൈനികര്‍ ചാക്കുകളും ചുമത്തിച്ചിരുന്നു.