നഗരവാസികള്‍ ട്രാമിന്റെ ഭാഗമായി

Posted on: November 13, 2014 7:00 pm | Last updated: November 13, 2014 at 7:47 pm

ദുബൈ: നഗരവസികള്‍ ഇതുവരെയും കൗതുകത്തോടെ കാത്തിരുന്ന, ട്രാം യാത്ര സ്വപ്‌നം യാഥാര്‍ഥ്യമായി. ഇന്നലെ രാവിലെ 6.30ക്ക് ആരംഭിച്ച ട്രാം സര്‍വീസില്‍ ഇടംപിടിക്കാന്‍ യാത്രക്കാര്‍ നേരത്തെ സ്റ്റേഷനുകളില്‍ ഇടംപിടിച്ചിരുന്നു. മുമ്പ് റോഡ് മാര്‍ഗം യാത്രചെയ്തിരുന്നവര്‍ക്ക് മെട്രോ വന്നത് കൗതുകമായിരുന്നു. ഇത് നഗര ജീവിതത്തിന്റെ മുഖ്യ യാത്രാ മാര്‍ഗങ്ങളില്‍ ഒന്നായി പരിണമിച്ചതിന് ശേഷമാണ് പുതിയ താരമായി ട്രാം എത്തിയിരിക്കുന്നത്. അത്യഹഌദത്തോടെയാണ് യാത്രക്കാര്‍ ഇന്നലെ ട്രാമിനെ എതിരേറ്റത്. യാത്ര ചെയ്യാന്‍ പ്രത്യേക കാരണമില്ലാതിരുന്നിട്ടു കൂടി ട്രാമില്‍ കയറി നഗരം ചുറ്റിയവരും കുറവായിരുന്നില്ല. മെട്രോ ഉള്‍പെടെയുള്ളവയിലെ സ്ഥിരം യാത്രക്കാരുടെ മുഖങ്ങളിലും ആദ്യ യാത്രയുടെ കൗതുകം കാണാനായി.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ട്രാം സര്‍വീസിന്റെ ഉദ്ഘാടനം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍വഹിച്ചത്. നഗരത്തിലെ നഗരവത്ക്കരണം കൂടുതല്‍ ത്വരിതപ്പെട്ട പ്രദേശങ്ങളായ ദുബൈ മറീന, അല്‍ സുഫൂഹ് മേഖലകളിലൂടെയാണ് ട്രാമിന്റെ സഞ്ചാരം. ദിനേന 19 മണിക്കൂറാവും ട്രാം സര്‍വീസ് നടത്തുക. രാവിലെ 6.30ക്ക് ആരംഭിക്കുന്ന സര്‍വീസ് അവസാനിക്കുമ്പോള്‍ പിറ്റേന്ന് പുലര്‍ച്ചെ 1.30 മണിയാവും. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പതിനെ ട്രാം സര്‍വീസ് ആരംഭിക്കൂ. ഒന്നാം ഘട്ടത്തില്‍ 11 ട്രാമുകളാണ് ദുബൈ മറീനയില്‍ നിന്ന് പോലീസ് അക്കാഡമി വരെയുള്ള 10.6 കിലോമീറ്റര്‍ ദൂരത്തില്‍ സര്‍വീസ് നടത്തുക. 11 സ്റ്റേഷനുകള്‍ ഉണ്ടാകും.
രണ്ടാം ഘട്ടത്തില്‍ ട്രാമുകളുടെ എണ്ണം 14 ആവും. അഞ്ചു കിലോമീറ്റര്‍ ട്രാക്കും ആറ് സ്റ്റേഷനുകളുമാണ് ഈ ഘട്ടത്തില്‍ പദ്ധതിക്കായി സജ്ജമാക്കുക. നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ദുബൈ മറീന, ജുമൈറ ബീച്ച് തുടങ്ങിയ പ്രദേശങ്ങളെ അല്‍ സഫൂഹ് ഒന്ന് വഴി മാള്‍ ഓഫ് ദി എമിറേറ്റ്‌സുമായി ട്രാം ബന്ധിപ്പിക്കും. ഇതോടെ ഈ മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാം ലൈന്‍ മെട്രോയുടെ റെഡ് ലൈനിലെ രണ്ട് സ്‌റ്റേഷനുകളുമായും ബന്ധിപ്പിക്കുന്നതിനാല്‍ ഏറെ ജനവാസമുള്ള ഈ മേഖലക്ക് പദ്ധതി അനുഗ്രഹമാവും.
മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, മദീന ജുമൈറ, ബുര്‍ജ് ഖലീഫ, നോളജ് വില്ലേജ്, ദുബൈ മീഡിയ സിറ്റി, ഇന്റര്‍നെറ്റ് സിറ്റി, ദുബൈ മറീന, ജുമൈറ ഹില്‍സ് എന്നിവയെയും ബന്ധിപ്പിക്കുന്നതാവും ട്രാം സര്‍വീസ്. ഓരോ ട്രെയിനും 44 മീറ്റര്‍ നീളമുണ്ടാകും. ആദ്യഘട്ടത്തില്‍ ദുബൈ മറീനയെയും നോളജ് വില്ലേജിനെയും ബന്ധിപ്പിക്കും. ഷോപ്പിംഗ് ട്രോളി എന്ന നിലയിലാകും ട്രാം സംവിധാനം അറിയപ്പെടുക.