രോഹിത് ശര്‍മയുടെ മികവില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം

Posted on: November 13, 2014 5:24 pm | Last updated: November 14, 2014 at 11:20 am

rohith sarma bat

ശ്രീലങ്ക ആദ്യം തോല്‍പ്പിക്കേണ്ടത് രോഹിത് ശര്‍മയെയാണ് – അനില്‍ കുംബ്ലെ (ട്വിറ്റര്‍).
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ 264 റണ്‍സിന്റെ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെ മുന്‍ നായകന്‍ അനില്‍ കുംബ്ലെ നടത്തിയ ട്വീറ്റ് ഇതായിരുന്നു. രോഹിത് ഒറ്റക്ക് നേടിയ സ്‌കോര്‍ പോലും ലങ്കക്ക് മറികടക്കുക പ്രയാസകരമായിരിക്കുമെന്ന കുംബ്ലെയുടെ ട്വീറ്റ് ശരിയായി. നാലാം ഏകദിനത്തില്‍ ശ്രീലങ്ക 251ന് ആള്‍ ഔട്ടായപ്പോള്‍ ആദ്യം രോഹിതിനോട് തോറ്റു, പതിമൂന്ന് റണ്‍സിന് ! പിന്നെ ഇന്ത്യയോട്, 153 റണ്‍സിന് !!
ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്തായ രോഹിത് ശര്‍മ 173 പന്തില്‍ നിന്നാണ് 264ലെത്തിയത്. മഹേന്ദ്ര സിംഗ് ധോണി ട്വിറ്ററില്‍ കുറിച്ചിട്ടത് ഇങ്ങനെ: ഔട്ടായിരുന്നില്ലെങ്കില്‍ രോഹിത് അവസാന പന്തില്‍ 250 തികച്ചേനെ.
രോഹിതിന്റെ ആത്മവിശ്വാസമാണ് ധോണിയെ കൊണ്ട് ഇത് പറയിപ്പിച്ചത്. രണ്ടരമാസത്തെ ഇടവേളക്ക് ശേഷം ക്രീസിലേക്കുള്ള തിരിച്ചുവരവ് രോഹിത് ശരിക്കും ആസ്വദിക്കുകയായിരുന്നു. മുംബൈയില്‍ സന്നാഹ മത്സരത്തില്‍ തന്നെ രോഹിത് ശ്രീലങ്കക്ക് ദുസൂചന നല്‍കിയിരുന്നു. 111 പന്തില്‍ 142 റണ്‍സായിരുന്നു രോഹിത് അടിച്ചു കൂട്ടിയത്.
ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം മുന്നിലിരിക്കെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ലൈനപ്പിലേക്ക് മത്സരം മൂര്‍ഛിക്കുകയാണ്. തകര്‍പ്പന്‍ ഫോമിലാണ് മുന്‍നിരക്കാര്‍. പരുക്കും ഫോമില്ലായ്മയും കാരണം നിറം കെട്ട രോഹിതിന്റെ ലോകകപ്പ് സ്‌പോട് തന്നെ ഭീഷണിയിലായിരുന്നു. എന്നാല്‍, ഏകദിന ക്രിക്കറ്റിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയോടെ, ഏറ്റവും ഉയര്‍ന്ന വ്യക്തിഗത പ്രകടനത്തോടെ രോഹിത് ഒറ്റയടിക്ക് മുന്‍നിരയിലേക്ക് കയറി. മധ്യനിരയില്‍ രോഹിതിന്റെ സ്ഥാനത്തിന് ഇനിയിളക്കമില്ല. പരുക്കിന് മാത്രമേ മുംബൈ നായകനെ ലോകകപ്പില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കൂ. സ്‌ട്രോക്ക് പ്ലേയിലും ഷോട്ട് സെലക്ഷനിലും അതീവ ജാഗ്രത കാണിച്ചാണ് രോഹിത് ലങ്കന്‍ ബൗളര്‍മാരെ നേരിട്ടത്.
രോഹിതിന്റെ ഇന്നിംഗ്‌സ് തത്‌സമയം കാണാന്‍ സാധിക്കാതെ പോയതിലുള്ള നിരാശയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഷോണ്‍ പൊള്ളോക്കിന്. മികച്ചൊരു ഇന്നിംഗ്‌സായിരുന്നു, അത് നഷ്ടമായി – പൊള്ളോക്ക് ട്വീറ്റ് ചെയ്തു.
മത്സരപുരോഗതി സസൂക്ഷ്മം നിരീക്ഷിച്ച മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോഗന്‍ അവസാനം ട്വീറ്റ് ചെയ്തതാണ് സൂപ്പര്‍ ട്വീറ്റ് : ബ്രേക്കിംഗ് ന്യൂസ്…ലങ്കയെ രോഹിത് 13 റണ്‍സിന് പരാജയപ്പെടുത്തി..!!
ക്രിക്കറ്റ് ലോകം മുഴുവന്‍ രോഹിതിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തുകയാണ്. രണ്ട് തവണ ഇരട്ട സെഞ്ച്വറി നേടുക ആശ്ചര്യജനകമെന്ന് മുന്‍താരങ്ങള്‍ ഒന്നടങ്കം പറയുന്നു.