Connect with us

Palakkad

ഡിസംബര്‍ മൂന്നിന് കടകളടച്ച് നിയമസഭാ മാര്‍ച്ച് നടത്തും

Published

|

Last Updated

പാലക്കാട്: വ്യാപാരമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഡിസംബര്‍ മൂന്നിന് കടകളടച്ച് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീനും ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്തും അറിയിച്ചു.
മാര്‍ച്ചില്‍ ഒരു ലക്ഷത്തോളം വ്യാപാരികള്‍ പങ്കെടുക്കും. 20ന് കാസര്‍കോട് നിന്ന് വാഹനാപ്രചരണ ജാഥ തുടങ്ങും, വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കും.
വ്യാപാരമേഖലയിലെ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഗ്രാന്റ് കേരള ഫെസ്റ്റിവലുമായി വ്യാപാരികള്‍ സഹകരിക്കില്ല. സത്യസന്ധമായി വ്യാപാരം നടത്തുന്ന കടകളില്‍ വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ അകാരണമായി പരിശോധിക്കുകയും വ്യാപാരികളെ കള്ളന്‍മാരായി ചിത്രീകരിച്ച് അറസ്റ്റ് ചെയ്യുകയുമാണ്. ഇത്തരം നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് മാത്രമല്ല തദ്ദേശസ്വയംഭരണ തിരെഞ്ഞടുപ്പില്‍ സര്‍ക്കാറിനെതിരെ പ്രതികരിക്കാനും വ്യാപാരികള്‍ മുന്നോട്ട് വരും.
വാടക കുടിയാന്‍ നിയമം വ്യാപാരികളുമായി ചര്‍ച്ച ചെയ്ത ശേഷമേ നടപ്പാക്കാവൂ. നികുതി അടച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളെ പീഡിപ്പിക്കുമ്പോള്‍ യാതൊരു വിധ നികുതിയും അടക്കാതെ ഓണ്‍ ലൈന്‍ വ്യാപാരം നടത്തുന്ന വന്‍കിട കുത്തകള്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കുന്നില്ല.
ഓണ്‍ലൈന്‍ വ്യാപാരം ചെറുകിട വ്യാപാരമേഖലയെ തകര്‍ക്കുകയാണ്. ഓണ്‍ ലൈന്‍ വ്യാപാരത്തിന് നികുതി ഏര്‍പ്പെടുത്തുകയോ അല്ലാത്തപക്ഷം നിരോധിക്കാനോ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വ്യാപാരം, റബ്ബര്‍വിലയിടിവ് തുടങ്ങിയവയാണ് സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. വ്യാപാരികള്‍ നികുതി അടക്കാത്തത് മൂലമെന്ന പ്രചാരണം തെറ്റാണെന്നും അവര്‍ പറഞ്ഞു. നികുതി അടക്കാതെയുള്ള സമരത്തിന് വ്യാപാരികളില്ലെന്നും അടച്ചിട്ടും അന്യായമായി വ്യാപാരമേഖലയിലെ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടത്തിനെതിരെയാണ് സമരമെന്നും വ്യാപാരി നേതാക്കള്‍ കൂട്ടിചേര്‍ത്തു. നേരത്തെ സംസ്ഥാന കൗണ്‍സില്‍ യോഗവും നടന്നു.